ജനശതാബ്ദിക്കു പകരം വന്ദേഭാരത് വന്നേക്കും

0
41

കൊച്ചി• കേരളത്തിനു ലഭിക്കുന്ന 2 വന്ദേഭാരത് ട്രെയിനുകൾ തിരുവനന്തപുരത്തു നിന്നുള്ള കണ്ണൂർ, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകൾക്കു പകരം ഓടിക്കാൻ സാധ്യത. എസി ചെയർകാർ കോച്ചുകൾ മാത്രമുള്ള വന്ദേഭാരത് ട്രെയിനുകൾ ശതാബ്ദി, തേജസ് ട്രെയിനുകളുടെ റൂട്ടിലാണു റെയിൽവേ നിർദേശിക്കുന്നത്. കേരളത്തിൽ ഇത്തരം പ്രീമിയം ട്രെയിനുകൾ ഇല്ലാത്തതിനാൽ ജനശതാബ്ദി ട്രെയിനുകൾ വന്ദേഭാരതാക്കി മാറ്റുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.

ജനശതാബ്ദിയിലെ സ്ഥിരം യാത്രക്കാർ എസി െചയർ കാർ കോച്ചുകൾ മാത്രമുള്ള വന്ദേഭാരതിൽ അധിക നിരക്കു നൽകി യാത്ര ചെയ്യാൻ തയാറാകുമോ എന്ന് ആശങ്കയുണ്ട്. തേജസ്, ശതാബ്ദി ട്രെയിനുകളെക്കാളും നിരക്കു കൂടിയ സർവീസാണു വന്ദേഭാരത്. ജനശതാബ്ദി മാറ്റി വന്ദേഭാരത് ആക്കുന്നതിനു പകരം തിരുവനന്തപുരം–മംഗളൂരു, എറണാകുളം–ബെംഗളൂരു റൂട്ടുകളിൽ പുതിയ സർവീസുകളായി തുടങ്ങുന്നതാകും അഭികാമ്യം എന്നാണു വിലയിരുത്തപ്പെടുന്നത്.

വന്ദേഭാരതിനു സ്റ്റോപ്പുകളും വളരെ കുറവാണ്. ഡൽഹി–വരാണസി 757 കിലോമീറ്ററിൽ 2 സ്റ്റോപ്പുകളും ഡൽഹി–വൈഷ്ണോദേവി കത്ര 655 കിലോമീറ്ററിൽ 3 സ്റ്റോപ്പുകളുമേ ഉള്ളൂ. 2023 ഓഗസ്റ്റിൽ വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ സോണുകൾക്കു ലഭ്യമാക്കുന്നതിന്റെ ഭാഗമായി മെക്കാനിക്കൽ വിഭാഗത്തോട് ആവശ്യമായ അറ്റകുറ്റപ്പണി സൗകര്യം സജ്ജമാക്കാൻ റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ വിചാരിച്ച സമയത്തിനുള്ളിൽ റേക്കുകളുടെ നിർമാണം പൂർത്തീകരിക്കാൻ കഴിയുമോയെന്നു വ്യക്തമല്ല. ആദ്യം പ്രഖ്യാപിച്ച 2 ട്രെയിനുകൾക്കുള്ള ചക്രങ്ങളുടെ ഇറക്കുമതി യുക്രെയ്ൻ യുദ്ധം മൂലം തടസ്സപ്പെട്ടിരിക്കയാണ്. പുതിയ ഡിസൈനിലുള്ള 2 വന്ദേഭാരത് ട്രെയിനുകളാണു ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണത്തിലുള്ളത്. ഇവയിൽ ആദ്യ റേക്ക് ജൂണിൽ പുറത്തിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.

നിർമാണത്തിലുള്ള 2 റേക്കുകൾ കൂടാതെ 44 പുതിയ ട്രെയിനുകൾക്കുള്ള കരാർ ഹൈദരാബാദിലെ മേധാ സെർവോ ഡ്രൈവ്സിനും 58 ട്രെയിനുകൾക്കുള്ള കരാർ 7 കമ്പനികൾക്കും നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 35 ട്രെയിനുകൾ പുറത്തിറങ്ങും എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here