വില്ലൻ ഷവർമയല്ല വൃത്തിയില്ലായ്മ; മയണൈസിനെ സൂക്ഷിക്കുക; ഇവിടെ പരിശോധനയൊക്കെ കണക്കാ

0
49

ഓരോതവണയും ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധയുണ്ടാകുമ്പോൾ അധികൃതർ പറയും സുരക്ഷാപരിശോധന ശക്തമാക്കുമെന്ന്. പക്ഷേ, നടപടികളൊക്കെ കുറച്ചുകാലത്തേക്കേ ഉണ്ടാകാറുള്ളൂ. വീണ്ടും കാര്യക്ഷമമാകണമെങ്കിൽ അടുത്ത അപകടം സംഭവിക്കണം.

അതിശ്രദ്ധയോടെയും വൃത്തിയോടെയും പാകംചെയ്യേണ്ട ഭക്ഷണമാണ് ഷവർമ. ഈ രണ്ടുകാര്യത്തിലുമുണ്ടാകുന്ന വീഴ്ചയാണ് ഷവർമയെ പലപ്പോഴും വില്ലനാക്കുന്നത്. കുറച്ചുപേരുടെ അശ്രദ്ധ ആളുകളുടെ ജീവന് അപകടമുണ്ടാക്കുന്നതിനൊപ്പം നന്നായി പാകംചെയ്ത് വിൽക്കുന്നവർക്കുകൂടി ചീത്തപ്പേരുണ്ടാക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ടവ
• ഇറച്ചി നന്നായി വെന്തില്ലെങ്കിൽ ബാക്ടീരിയ നശിക്കില്ല.

• ബാക്കിവരുന്ന ഇറച്ചി അടുത്തദിവസം ഉപയോഗിക്കുന്നത് അപകടമാണ്.

• പച്ചക്കറികളും വേവിച്ച ഇറച്ചിയും ഒരുമിച്ച് സൂക്ഷിക്കരുത്.

• ഇറച്ചി തൂക്കിയിടുന്ന കമ്പി വൃത്തിയാക്കണം.

• റോഡരികിൽ പാകംചെയ്യുമ്പോൾ പൊടിയും മറ്റും ഭക്ഷണത്തിൽ കലരുന്നു.

• ഷവർമയ്ക്കൊപ്പമുള്ള സാലഡിലെ പച്ചക്കറികൾ കഴുകാതെ ഉപയോഗിക്കരുത്.

• ഉപ്പിലിട്ട മുളകും മറ്റും നൽകുമ്പോൾ അധികം പഴകിയതാവരുത്.

മയണൈസിനെ സൂക്ഷിക്കുക
പാതിവെന്ത മുട്ടയിലാണ് മയണൈസ് ഉണ്ടാക്കേണ്ടത്. എന്നാൽ, പലരും പച്ചമുട്ട ഉപയോഗിക്കുന്നു. ഇത് സാൽമൊണെല്ല വൈറസുകൾക്ക് കാരണമായേക്കാം. മയണൈസ് അധികസമയം തുറന്നുവെക്കുമ്പോൾ പൂപ്പൽ വരും. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഷവർമ ഏറെനേരം കഴിഞ്ഞ് കഴിക്കുമ്പോഴും പ്രശ്നമുണ്ടാകാം.

ജന്മദേശം

ഓട്ടോമൻ തുർക്കികളുടെ കേന്ദ്രമായിരുന്ന തുർക്കിയിലെ ബുർസയാണ് ഷവർമയെന്ന ഡോണർ കബാബിന്റെ ജന്മനാട്. 1860-കളിലാണ് ഇത് പ്രചാരം നേടിയത്.

നിയമം ഇങ്ങനെയൊക്കെയാണ്

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് ആക്ട് 2006-ൽ നിലവിൽ വന്നു. ചട്ടങ്ങളും നിർദേശങ്ങളും 2011-ൽ വന്നു. 2012 മുതൽ നിയമം നടപ്പാക്കിത്തുടങ്ങി. അതനുസരിച്ച് സുരക്ഷിതമല്ലാതെ ഭക്ഷണം വിൽക്കുകയോ അത് പരിക്കിനോ മരണത്തിനോ കാരണമാകുകയോ ചെയ്താൽ ശിക്ഷയ്ക്കും പിഴയ്ക്കും കാരണമാകും. പരിക്കിന്റെ കാഠിന്യമനുസരിച്ച് ജീവപര്യന്തംവരെ തടവിനും 10 ലക്ഷം രൂപ വരെ പിഴയ്ക്കും ശിക്ഷിക്കാം. നിയമം ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണത്തിൽ മായം ചേർക്കുന്നതും പഴകിയ ഭക്ഷണം വിൽക്കുന്നതും നിർബാധം തുടരുകയാണ്. അതിലേക്കാണ് ചെറുവത്തൂർ സംഭവവും വിരൽചൂണ്ടുന്നത്.

ശുചിത്വം പ്രധാനം
ഏതുഭക്ഷണമായാലും വൃത്തിയില്ലാതെ സൂക്ഷിക്കുന്നതും പാകംചെയ്യുന്നതും അപകടമാണ്. നേരിട്ട് തീയിൽവേവിക്കാത്ത ഭക്ഷണമാണ് ഷവർമ. അതുകൊണ്ട് നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

– ഡോ. എസ്.കെ. സുരേഷ്കുമാർ, സീനിയർ കൺസൽട്ടന്റ്, ഡയബെറ്റോളജി വിഭാഗം, ഇഖ്റ ഹോസ്പിറ്റൽ, കോഴിക്കോട്

LEAVE A REPLY

Please enter your comment!
Please enter your name here