തൃശൂർ : ആറു തലമുറയെ പൂമുഖത്തിരുത്തി പൂരം കാണിച്ച തെക്കേ മണ്ണത്ത് തറവാട് ഇക്കുറി പൂരനാളിൽ വിജനമാകും. പൂരം കഴിഞ്ഞ് 3–ാം നാളിൽ വീടിന്റെ അമരക്കാരനായ മണ്ണത്ത് രാജന്റെ (ടി.എം.ഗോപാലകൃഷ്ണൻ) ഒന്നാം ശ്രാദ്ധമാണ്. അന്നു വിളക്കു തെളിക്കാൻ മാത്രം കുടുംബക്കാർ ഒത്തുചേരും. ഇന്നലെയായിരുന്നു രാജന്റെ 75–ാം പിറന്നാൾ. അകവും, പറമ്പും വൃത്തിയാക്കാൻ മകൾ രഞ്ജിനിയും മരുമകൻ വിജയകുമാർ മേനോനും ഇന്നലെ പൂമുഖം തുറന്നു; വൈകിട്ടോടെ അടച്ചു.
വീട്ടിലിരുന്ന് ആനയെഴുന്നള്ളിപ്പും മേളവും വെടിക്കെട്ടുമെല്ലാം കാണാവുന്ന വീടെന്ന നിലയിൽ പ്രശസ്തമാണ് സ്വരാജ് റൗണ്ടിലേക്കു വാതിൽ തുറക്കുന്ന നായ്ക്കനാലിലെ മണ്ണത്ത് വീട്. പൂരത്തലേന്നു മുതൽ കുടുംബക്കാർ ഇവിടെ എത്തിത്തുടങ്ങും. കാരണം പൂരം നാളിലാണ് രാജന്റെ പിറന്നാളാഘോഷവും. മക്കളും പേരമക്കളും അടക്കമുള്ള അംഗങ്ങൾ സദ്യയും വെടിവട്ടവുമായി ഒത്തുചേരും. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് പൂരദിവസം തെക്കേ അകത്താണ് വിശ്രമം. എത്ര വലിയ വെടിക്കെട്ടായാലും മുറി അടച്ചിട്ടാൽ ശബ്ദം കേൾക്കില്ല.
അത്രയ്ക്കുണ്ട് ചുമരിന്റെയും തേക്ക് തട്ടിന്റെയും കനം. ചമയ പ്രദർശനം കണ്ട് എത്തിയാൽ പിന്നീട് പൂരവും പകൽപ്പൂരവും വീട്ടിൽ തന്നെ. വാദ്യക്കാർക്ക് വെള്ളവും സംഭാരവുമായി കുടുംബക്കാർ പൂമുഖത്തുണ്ടാകും. രാജന്റെ ജ്യേഷ്ഠനും തറവാട്ടു കാരണവരുമായ മണ്ണത്ത് ശാന്തകുമാറിന് ഇക്കുറി മുംബൈയിൽ നിന്ന് എത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെ വീട് തുറക്കേണ്ടെന്നു തീരുമാനിച്ചു. അടുത്ത പൂരത്തിന് രാജന്റെ ഓർമകളുമായി ഒത്തുചേരാനാണ് കുടുംബക്കാരുടെ ആഗ്രഹം.