വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് അമിത ടോൾ പിരിക്കുന്ന വിഷയത്തിൽ ഇന്നലെ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. ഇന്ന് വടക്കഞ്ചേരി ഷാ ഓഡിറ്റോറിയത്തില്‍ പി.പി.സുമോദ് എംഎൽഎയുടെ നേതൃത്വത്തിൽ വീണ്ടും ചർച്ച നടത്തും. ഇന്നു തീരുമാനമായില്ലെങ്കിൽ സംസ്ഥാനമാകെ പണിമുടക്കി സമരം ശക്തമാക്കുമെന്നു ബസുടമകള്‍ പറഞ്ഞു. ഇന്നലെ നടന്ന യോഗത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി പങ്കെടുത്തു.
ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും പ്രതിനിധികൾ എത്തി. പ്രതിമാസം 10540 രൂപ നല്‍കാന്‍ തയാറാണെന്നും സമരം ഒത്തുതീര്‍പ്പാക്കണമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. എന്നാൽ തീരുമാനം കരാർ കമ്പനിയാണ് എടുക്കേണ്ടതെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു. ബാങ്കുകളുടെ കൺസോർഷ്യമാണു പിരിവു നടത്തുന്നതെന്നു കരാർ കമ്പനി അധികൃതർ വാദം ഉന്നയിച്ചു.
കരാര്‍ കമ്പനിയുടെ സിഇഒയെ ഫോണിൽ ബന്ധപ്പെടാൻ ജില്ലാ കലക്ടര്‍ മൃൺമയി ജോഷി ശശാങ്ക് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ സിഇഒയുമായി സംസാരിച്ച് ഇന്നത്തെ യോഗത്തില്‍ അവസാന തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടു യോഗം പിരിയുകയായിരുന്നു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റുമാരും ബസ് ഉടമകളുടെ പ്രതിനിധികളും സംയുക്ത സമരസമിതി പ്രതിനിധികളും ജനകീയവേദി ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു.