തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പൂഞ്ഞാർ മുൻ എം.എൽ.എ. പി.സി.ജോർജിന്റെ മെഡിക്കൽ പരിശോധന എ.ആർ.ക്യാമ്പിൽ വെച്ച് തന്നെ നടത്തും. വൈദ്യപരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുന്നത്. ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുൻ എം.എൽ.എ. ആയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
സമുദായങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കാൻ പി.സി.ജോർജ് പ്രവർത്തിച്ചു. ജാമ്യത്തിൽ വിട്ടയച്ചാൽ അന്വേഷണം തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ചുമത്തിയിട്ടുള്ള കേസുകളിൽ തെളിവ് ശേഖരണമോ റിക്കവറിയോ ഇല്ല. പ്രായം കൂടുതൽ ഉള്ള ആളാണെന്നും ചൂണ്ടിക്കാട്ടിയാകും പി.സി.ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ ജാമ്യത്തിനായി വാദിക്കുക.
153 എ, 95 എ വകുപ്പുകൾ ചേർത്താണ് പി.സി.ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്തത്.