ന്യൂഡൽഹി • ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്താൻ പ്രതിപക്ഷകക്ഷികൾ തലപുകയ്ക്കുമ്പോൾ, പ്രതിപക്ഷനിരയിലെ സ്വയംപ്രഖ്യാപിത ദേശീയനേതാവാകാൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെസിആർ) ശ്രമിക്കുന്നു. തെലങ്കാന രാഷ്ട്ര സമിതിയെ (ടിആർഎസ്) ഭാരതീയ രാഷ്ട്ര സമിതിയാക്കി പ്രവർത്തനം സംസ്ഥാനത്തിനു പുറത്തേക്കു വ്യാപിപ്പിക്കാനുള്ള നീക്കമാണു കെസിആർ നടത്തുന്നത്.
കഴിഞ്ഞ ദിവസം ടിആർഎസ് സ്ഥാപകദിനാഘോഷത്തിൽ കെസിആർ നടത്തിയ പ്രസംഗമാണ് ദേശീയതലത്തിൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങളെക്കുറിച്ചു സൂചനകൾ നൽകിയത്. ബിജെപിയെ തോൽപിക്കാൻ ദേശീയ സഖ്യമല്ല, ദേശീയ അജൻഡയാണു വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയ രാഷ്ട്ര സമിതി രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെന്നും വെളിപ്പെടുത്തി.
കോൺഗ്രസ് ഇതര പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മ രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയ കെസിആർ ഇപ്പോൾ, അത്തരമൊരു സഖ്യത്തിന്റെ ആവശ്യമില്ലെന്നു പറയുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. മറ്റു കക്ഷികൾ തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന തോന്നലാകാം സ്വന്തം നിലയിൽ ശക്തി പ്രകടിപ്പിക്കാൻ കെസിആറിനെ പ്രേരിപ്പിക്കുന്നതെന്നാണു സൂചന. അതേസമയം, പ്രാദേശിക കക്ഷി നേതാക്കളുമായി ബന്ധം ദൃഢമാക്കാൻ ശ്രമവും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തിയ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കെസിആർ ചർച്ച നടത്തി.
കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷസഖ്യം രൂപീകരിക്കാൻ കെസിആർ നടത്തിയ നീക്കങ്ങളെ ശരദ് പവാർ (എൻസിപി), ഉദ്ധവ് താക്കറെ (ശിവസേന), എം.കെ.സ്റ്റാലിൻ (ഡിഎംകെ) എന്നിവർ അനുകൂലിച്ചിരുന്നില്ല. രാജ്യത്തെ സമുദായസംഘർഷങ്ങൾക്കെതിരെ കോൺഗ്രസ് ഉൾപ്പെടെ 13 പ്രതിപക്ഷകക്ഷികൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽനിന്ന് ടിആർഎസിനെ ഒഴിവാക്കുകയും ചെയ്തു.