തിരുവനന്തപുരം • 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സർക്കാർ ഇന്ധനവില കൂട്ടിയതിലൂടെ കേരളത്തിനു പ്രതിമാസം ലഭിക്കുന്ന അധിക നികുതിവരുമാനം 20 കോടിയിലേറെ രൂപ. ഇനിയും വില കൂടിയാൽ വരുമാനം വീണ്ടും കൂടും. സംസ്ഥാനത്തു പ്രതിദിനം 18 ലക്ഷം ലീറ്റർ ഇന്ധനമാണ് (പെട്രോളും ഡീസലും) വിൽക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷം മാർച്ച് പകുതി മുതലായി പെട്രോളിനു 10.89 രൂപയും ഡീസലിനു 10.52 രൂപയും കൂടി. പെട്രോൾ ലീറ്ററിനു ശരാശരി 2.60 രൂപയും ഡീസൽ ലീറ്ററിന് 1.97 രൂപയും അധിക വരുമാനം കിട്ടുന്നുവെന്നാണ് കണക്ക്.
ഇൗ അധിക തുക വേണ്ടെന്നുവച്ച് ഇന്ധന വില കുറയ്ക്കണമെന്നാണു രാഷ്ട്രീയ എതിരാളികൾ ആവശ്യപ്പെടുന്നതെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ അതേക്കുറിച്ച് ആലോചിക്കുന്നില്ല. എല്ലാ നികുതികളും കൃത്യമായി കിട്ടിയാൽപോലും ജിഎസ്ടി നഷ്ടപരിഹാരം അവസാനിക്കുന്നതുകാരണം പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയാണെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. കഴിയുന്നത്ര സ്രോതസ്സുകളിൽനിന്ന് അധിക വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. പൊലീസും മോട്ടർ വാഹന വകുപ്പും വാഹന പരിശോധന കർശനമാക്കിയതു പോലും ഇതിനാണ്.
കഴിഞ്ഞ 6 വർഷത്തിനിടെ ഒരു തവണ പെട്രോളിന് ഒരു രൂപ സംസ്ഥാന സർക്കാർ കുറച്ചിരുന്നു. ഇന്ധന വിലവർധന വഴി 2016–17 ൽ 700 കോടി രൂപ, 2017–18 ൽ 255 കോടി, 2018–19 ൽ 283 കോടി വീതം സർക്കാരിന് അധിക നികുതിവരുമാനം ലഭിച്ചിരുന്നു. 2019–20 ൽ അധിക വരുമാനമില്ല. 2020–21 ൽ അധികം കിട്ടിയതാകട്ടെ 952 കോടി.