കക്കട്ടിൽ: ഇന്ത്യൻ റെയിൽവേ ബാസ്കറ്റ്ബോൾ താരം പാതിരിപ്പറ്റ കത്തിയണപ്പൻചാലിൽ കരുണന്റെ മകൾ ലിതാര (22) ബിഹാറിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഫ്ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ ഫോൺവിളിച്ചപ്പോൾ എടുക്കാത്തതിനെത്തുടർന്ന് ഫ്ലാറ്റുടമയെ വിവരമറിയിക്കുകയും, ഉള്ളിൽനിന്ന് പൂട്ടിയനിലയിലായതിനാൽ അദ്ദേഹം പോലീസിനെ വിളിച്ച് ഫ്ലാറ്റ് തുറന്ന് പരിശോധിപ്പിക്കുകയുമായിരുന്നു. ബുധനാഴ്ച പട്നയിലെത്തിയ ബന്ധുക്കൾ ലിതാരയുടെ കോച്ച് രവി സിങ്ങിന്റെപേരിൽ രാജീവ് നഗർ പോലീസ് സ്റ്റേഷനിൽ പരാതിനൽകി. രവിസിങ് തന്നെ ശല്യപ്പെടുത്തുന്നതായി ലിതാര വീട്ടുകാരോടും സഹപ്രവർത്തകരോടും നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിനൽകിയത്. പട്ന ദാനപുരിലെ ഡി.ആർ.എം. ഓഫീസിൽ ജോലിചെയ്യുന്ന ലിതാര വിഷുവിന് നാട്ടിൽവന്ന് മടങ്ങിയതാണ്.
മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. മുഖേന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകി. ബന്ധുക്കൾ എത്തുന്നതിനുമുമ്പ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതടക്കമുള്ള കാര്യങ്ങൾ സംശയം ജനിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണം എന്ന ആവശ്യവും പരാതിയിലുണ്ട്. നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച മൃതദേഹം വിമാനമാർഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അമ്മ: ലളിത. സഹോദരങ്ങൾ: ബിൻസി, ബിന്യ.