ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള മുനമ്പിലേക്ക് അടുക്കുംതോറും സഹ്യാദ്രിയും അറബിക്കടലും അടുത്തടുത്തു വരുന്നു കന്യാകുമാരിക്കടുത്ത് മരുത്വാമല എന്ന ഒരു ഹരിതാഭമായ മല ഉണ്ട്. വിവിധ തരം സസ്യങ്ങളും ഔഷധച്ചെടികളും കൊണ്ട് സമ്പന്നമാണ് ഈ മല . ലങ്കാപുരിയിൽ ബോധം കെട്ടുകിടന്നവരെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടി മൃതസഞ്ജീവനി അന്വേഷിച്ചു പോയ ഹനുമാൻ അതു കണ്ടെത്താനുള്ള പ്രയാസം കൊണ്ട് ഔഷധച്ചെടികളുള്ള മല അപ്പാടെ ഇളക്കി എടുത്തു കൊണ്ട് ലങ്കയിലേക്ക് ആകാശ മാർഗം പോകവേ അതിന്റെ ഒരു ഭാഗം അടർന്നു വീണതാണ് മരുത്വാമല എന്നു പറയാറുണ്ട് ശാന്തി തേടിയും ധ്യാനത്തിലിരിക്കാനും അന്വേഷികൾ ഈ മലയിലെ ചില ഗുഹകളിൽ പാർത്തിട്ടുണ്ട്. അവിടെ ശ്രീ നാരായണ ഗുരു ധ്യാനത്തിലിരുന്നയിടം തേടി പലരും പോകാറുണ്ട്