കണ്ണൂരില്‍ സമ്പർക്ക വ്യാപനം രൂക്ഷം; മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരില്‍ കോവിഡ് പടരുന്നു

0
91

കണ്ണൂർ: ജില്ലയിലെ പാനൂർ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രദേശത്തെ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിലാണ് രോഗം പടരുന്നത്. ഇന്നലെ മാത്രം കുന്നോത്തുപറമ്പ് സ്വദേശികളായ എട്ട് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ജൂൺ 28ന് പാനൂർ അണിയാരത്തെ മരണ വീട്ടിൽ എത്തിയ എട്ട് പേർക്ക് കൂടിയാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കുന്നോത്ത് പറമ്പ് സ്വദേശികളാണിവർ.

നേരത്തെ ഇവിടെ 10 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ആയിഷ എന്ന സ്ത്രീ ഇക്കഴിഞ്ഞ ഞായറാഴ്ച മരിച്ചു. നാദാപുരം തൂണേരിയിലെ കോവിഡ് രോഗികളിലൊരാൾ പാനൂരിലെ മരണ വീട്ടിൽ എത്തിയതായാണ് സൂചന. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമായതോടെ മേഖലയിലെ നാല് പോലീസ് സ്റ്റേഷന്‍ പരിധികള്‍ പൂർണ്ണമായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

കൂത്തുപറമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം. മേഖലയിൽ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകൾക്ക് മാത്രം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നുപ്രവര്‍ത്തിക്കാം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ 23 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. നാല് പേർ വിദേശത്ത് നിന്ന് എത്തിയവരും 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here