ഏതെങ്കിലും വ്യക്തിയുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടെന്ന് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് നീക്കണമെന്നാണ് കേന്ദ്രസര്‍ക്കാർ സമൂഹ മാധ്യമങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. മറ്റൊരു വ്യക്തിയുടെയോ സംഘടനകളുടെയോ ചിത്രം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിർമ്മിച്ചിരിക്കുന്നതെങ്കിൽ യഥാർഥ ഉടമകളോ, അല്ലെങ്കിൽ അവർക്ക് വേണ്ടി ആരെങ്കിലുമോ പരാതി നൽകിയാൽ 24 മണിക്കൂറിനകം അവ നീക്കം ചെയ്യണമെന്ന് കേന്ദ്രം നിർദേശിച്ചു. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അടങ്ങിയ സമൂഹ മാധ്യമങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഐടി മാർഗനിർദ്ദേശങ്ങളിൽ ഇതിനായി ഭേദഗതി വരുത്തി.
ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള അക്കൗണ്ടുകൾക്കെതിരെ എല്ലാം ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകും. ഇതിനുള്ള വ്യവസ്ഥകൾ സോഷ്യൽ മീഡിയാ കമ്പനികൾക്കായുള്ള പുതിയ ഐടി നിയമങ്ങളിൽ ഉൾപ്പെടുത്തിയതായി ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ക്രിക്കറ്റ് താരങ്ങൾ, ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, സംഘടനകൾ തുടങ്ങിയവയുടെ ചിത്രങ്ങൾ ഉപയോഗിച്ച് പോസ്റ്റുകള്‍ ചെയ്യുന്ന പ്രവണതയുണ്ട്. സാധാരണക്കാരുടെ പേരില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ നീക്കം. പുതിയ നിർദേശത്തിലൂടെ വ്യാജ അക്കൗണ്ടുകൾക്കെതിരെ പരാതി ലഭിച്ചാൽ നടപടി എടുക്കാൻ സോഷ്യൽ മീഡിയകൾക്ക് നിയമപരമായ ബാധ്യത വന്നിരിക്കുകയാണ്. വിഷയത്തിൽ സോഷ്യൽ മീഡിയ കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.