സ്വകാര്യ ആശുപത്രികളിലെ കോവിഡ് വാക്സിന് വില നിശ്ചയിച്ച് കേന്ദ്രം

0
176

കേന്ദ്രം നിശ്ചയിച്ച വിലക്കാണ് സ്വാകാര്യ ആശുപത്രികളിൽ ഇനി കോവിഡ് വാക്സിൻ നൽകാനാവുക

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ വാക്സിൻ കുത്തുവെപ്പിന് വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കോവാക്സിൻ, കോവിഷീൽസ്, സ്പുട്നിക് എന്നീ വാക്സിനുകൾ കേന്ദ്രം നിശ്ചയിച്ച വിലക്കാണ് സ്വാകാര്യ ആശുപത്രികളിൽ ഇനി നൽകാനാവുക.

ഒരു ഡോസ് കോവാക്‌സിന് പരമാവധി 1,410 രൂപയും, ഒരു ഡോസ് കോവിഷീൽഡിന് പരമാവധി 780 രൂപയുമാണ് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാനാവുക. റഷ്യയുടെ സ്പുട്നിക് വാക്സിൻ ഒരു ഡോസിന് 1,145 രൂപയായിരിക്കും സ്വകാര്യ ആശുപത്രികളിലെ വില.

വാക്സിൻ വില സംബന്ധിച്ച് കേന്ദ്രം ചെവ്വാഴ്ച സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ, സ്വകാര്യ വാക്സിൻ കേന്ദ്രങ്ങളിൽ അമിത വിലയീടാക്കുകയാണെങ്കിൽ കനത്ത നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വാക്സിനേഷൻ നൽകുന്നതിന് സ്വകാര്യ കേന്ദ്രങ്ങൾ ജനങ്ങളിൽ നിന്നും ഈടാക്കുന്ന തുക നിരന്തരം നിരീക്ഷിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.

അതേസമയം, കൂടുതൽ കോവിഡ് വാക്സിന് കേന്ദ്രം ഓർഡർ നൽകി. 25 കോടി കോവിഷീൽഡ്‌ വാക്സിനും, 19 കോടി കോവിഡ് വാക്സിനും, കേന്ദ്രം ഓർഡർ നൽകിയതായി നീതി അയോഗ് അംഗം വി.കെ പോൾ പറഞ്ഞു. ഇതുകൂടാതെ 30 കോടി ബയോളജിക്കൽ ഇ വാക്സിനും കേന്ദ്രം ഓർഡർ നൽകിയതായി അദ്ദേഹം പറഞ്ഞു. ഇത് സെപ്റ്റംബറോടെ ലഭ്യമാകും.

കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം മാറ്റിയതിനു പിന്നാലെയാണ്, സ്വകാര്യ ആശുപത്രികളിലെ വാക്സിൻ നിരക്കിൽ സർക്കാർ തീരുമാനം എടുക്കുന്നത്. തിങ്കളാഴ്ചയാണ് കേന്ദ്ര വാക്സിൻ നയത്തിൽ മാറ്റം വരുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്യവെ പറഞ്ഞത്. ജൂൺ 21 മുതൽ രാജ്യത്തെ 18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here