ഇന്ന് ഇന്ത്യൻ റയിൽ ട്രാൻസ്പോർട്ട് ദിനം ; 168 വയസ്സ് പൂർത്തിയാക്കി ഇന്ത്യയിലെ ആദ്യ ട്രയിൻ യാത്ര

0
299

ഇന്ത്യയിലെ ആദ്യ ഔദ്യോഗിക പാസഞ്ചർ ട്രയിൻ യാത്ര തുടങ്ങിയത് 1853 ഏപ്രിൽ 16നാണ്. അതിനാൽ തന്നെ ഇന്ന് ഇന്ത്യൻ റയിൽ ട്രാൻസ്പോർട്ട് ദിനമായി ആചരിക്കുന്നു. ലോകത്തെ തന്നെ ഏറ്റവും വിശാലമായ റയിൽവേ നെറ്റ് വർക്കുള്ള രാജ്യമാണ് ഇന്ത്യ. നമ്മുടെ റയിൽവേയെക്കുറിച്ച് പലർക്കും അറിയാത്ത ചില യാഥാർഥ്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

1.3 മില്യൺ ജോലിക്കാരാണ് ഇന്ന് ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നത്. 2015ൽ പുറത്തുവന്ന ഡാറ്റ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് ഇന്ത്യൻ റെയിൽവേ.

34 കിലോമീറ്ററായിരുന്നു മുംബൈയിലെ ബോരിബന്ധറിനും, താനെക്കും ഇടയിലൂടെ നടത്തിയ ആദ്യ യാത്ര. ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാ സംവിധാനമാണ് ഇന്നത്തെ ഇന്ത്യൻ റയിൽവേ. രാജ്യത്തിന്റെ മുക്കിലും, മൂലയിലും വ്യാപിച്ചു കിടക്കുന്നതിനാൽ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തികളിൽ ഒന്ന് റയിൽവെ തന്നെയാണ്.

ഓടിക്കൊണ്ടിരിക്കുന്ന പഴയ എഞ്ചിൻ എന്ന നിലയിൽ ഇന്ത്യയുടെ ഫെയറി ക്വീൻ 1998ൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു.

ഓരോ ദിവസവും 22.5 മില്യൺ യാത്രക്കാരാണ് ഇന്ത്യൻ റയിൽവേയെ ആശ്രയിക്കുന്നത്. ഒരു വർഷത്തെ റയിൽവേയിലെ യാത്രക്കാരുടെ കണക്ക് എടുത്താൽ ഏകദേശം 8.224 ബില്യൺ വരും. ലോക ജനസംഖ്യയേക്കാൾ വളരെ വലുതാണിത്.

ഇന്ത്യൻ റയിൽവേയുടെ ആകെ നീളം എന്ന് പറയുന്നത് ഏകദേശം 66, 030 കിലോമീറ്ററാണ്. ഭൂമിക്ക് ചുറ്റുമുള്ള നീളത്തേക്കാൾ വലുതാണിത്. മറ്റൊരു വസ്തുത, ആദ്യത്തെ ഔദ്യോഗിക ട്രെയിൻ തുടങ്ങിയത് 1853 ഏപ്രിൽ 16ന് ആണെങ്കിലും 1851 ഡിസംബറിൽ തന്നെ ആദ്യമായി ഇന്ത്യയിൽ ട്രയിൻ ഓടിയിരുന്നു. റൂർക്കീ – പിരാൻ കാലിയാർ എന്നിവയെ ബന്ധിപ്പിക്കുന്നതായിരുന്നു ഈ സർവ്വീസ്.

രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്നതാണ് ഇന്ത്യൻ റയിൽവേ. 24 മണിക്കൂറും പ്രവർത്തിക്കുന്ന 7137 സ്റ്റേഷനുകൾ റയിൽവേ സംവിധാനത്തിന്റ് ഭാഗമായുണ്ട്.

ദക്ഷിണ റെയിൽവേയിൽ ഉൾപ്പെടുന്ന അറക്കോണം – റെനിഗുണ്ഡ റൂട്ടിലെ ‘ഡബ്ല്യു ആർ വെങ്കടനരസിംഹാർജുവരിപേട്ട’ എന്ന സ്റ്റേഷനാണ് നീളമേറിയ പേരുള്ള റയിൽവേ സ്റ്റേഷൻ. ഏറ്റവും ചെറിയ പേരിലുള്ള സ്റ്റേഷൻ ഹൗറ – നാഗ്പ്പൂർ റൂട്ടിലെ ജർസ്ഗുഡക്ക് അടുത്തുള്ള ഐബിയാണ് .

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് 42 സ്വതന്ത്ര റയിൽവേ സ്റ്റേഷനുകൾ ഉണ്ടായിരുന്നു. 1951ൽ ഇവയെ ദേശസാൽക്കരിച്ച് ആറ് വ്യത്യസ്ത റെയിൽവേ സോണുകളാക്കി മാറ്റി. നിലവിൽ ഇന്ത്യൻ റയിൽവേയുടെ ഭാഗമായി 69 ഡിവിഷനുകളും 16 സോണുകളുമുണ്ട്.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ സർവീസ് നടത്തുന്ന ട്രയിൻ വിവേക് എക്സ്പ്രസാണ്. അസാമിലെ ദിബ്രുഗഡിൽ നിന്നും തുടങ്ങി തമിഴ്നാട്ടിലെ കന്യാകുമാരി വരെയാണ് വിവേക് എക്സ്പ്രസ് സർവ്വീസ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here