പതിറ്റാണ്ടുകളുടെ പിറന്നാൾ ആഘോഷത്തിൽ മാറ്റം വരുത്തി യേശുദാസ് ; ഇപ്രാവശ്യം കൊല്ലൂരിലെത്തില്ല

0
77

പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍, കഴിഞ്ഞ ഇരുപത് വർഷമായി, ഗാനഗന്ധര്‍വന്റെ ആയുരാരോഗ്യത്തിനായി, പിറന്നാള്‍ ദിനത്തില്‍ കൊല്ലൂരിൽ അഖണ്ഡ സംഗീതാര്‍ച്ചന നടത്തി വരുന്നുണ്ട്.

കോവിഡ് മഹാമാരി തടസ്സമായതോടെ ഗാനഗന്ധര്‍വൻ കെ.ജെ യേശുദാസ് ഇത്തവണ പിറന്നാൾ ആഘോഷത്തിനായി കൊല്ലൂരിൽ എത്തില്ല. കഴിഞ്ഞ 48 വര്‍ഷങ്ങളായി മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് യേശുദാസിന്റെ പിറന്നാൾ ആഘോഷം. ലോകത്തിന്റെ ഏതു കോണിലായാലും ജനുവരി 10ന് തന്റെ പിറന്നാൾ ദിനത്തിൽ ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിൽ എത്തും.

48 വര്‍ഷമായി തുടരുന്ന പതിവിനാണ് ഇത്തവണ മുടക്കം വന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനായി ഭാര്യ പ്രഭയ്ക്കും മക്കളായ വിനോദ്, വിജയ്, വിശാല്‍ എന്നിവര്‍ക്കും ഒപ്പമാണ് യേശുദാസ് മൂകാംബിക ദേവിയുടെ സന്നിധിയിൽ എത്തിയത്. സംഗീത സാഹിത്യ രംഗങ്ങളിലെ പ്രഗല്‍ഭരായ നിരവധി പേരാണ് അന്ന് പിറന്നാള്‍ ആശംസകള്‍ നേരാനായി ക്ഷേത്രനഗരിയിൽ എത്തിയത്.

ആഘോഷം കഴിഞ്ഞ് ഫെബ്രുവരി പകുതിയോടെ യേശുദാസ് അമേരിക്കയിലെ ഡല്ലാസിലേക്കാണ് പോയത്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസം അവസാനം പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ ഓര്‍മ ദിനത്തില്‍ ഫോര്‍ട്ടുകൊച്ചി അധികാരി വളപ്പില്‍ നടക്കുന്ന സംഗീത കച്ചേരിക്ക് എത്താമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതിനിടെയാണ് ലോകത്തെ നടുക്കിയ മഹാമാരി പടര്‍ന്നുപിടിച്ചത്. ഇതോടെ യാത്ര അനിശ്ചിതത്വത്തിലായി.

ശരീരം കൊണ്ട് മൂകാംബിംക ദേവിയുടെ തിരുസന്നിധിയിൽ എത്താൻ ആവില്ലെങ്കിലും ഇക്കുറിയും ജനുവരി 10ന് യേശുദാസിന്റെ ഗന്ധര്‍വ്വ സംഗീതം ക്ഷേത്ര നടയിലെത്തും. വെബ്കാസ്റ്റ് വഴിയാണ് യേശുദാസിന്റെ സംഗീതാര്‍ച്ചന കൊല്ലൂര്‍ മൂകാംബിക ദേവിക്ക് മുന്നിലെത്തുക. ഇതിനായി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ പ്രത്യേക സ്‌ക്രീന്‍ സൗകര്യമൊരുക്കും.

കഴിഞ്ഞ ഇരുപത് വർഷമായി പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വന്റെ ആയുരാരോഗ്യത്തിനായി കൊല്ലൂരിൽ അഖണ്ഡ സംഗീതാര്‍ച്ചന നടത്തി വരുന്നുണ്ട്. ഇക്കുറിയും യേശുദാസ് സംഗീതോത്സവം മൂകാംബിക ക്ഷേത്രത്തില്‍ സംഘടിപ്പിക്കുമെന്ന് കാഞ്ഞങ്ങാട് രാമചന്ദ്രൻ പറഞ്ഞു. ഗാനഗന്ധര്‍വന്റെ സാന്നിധ്യമില്ലെങ്കിലും ഗാനാര്‍ച്ചനയും ചണ്ഡികാ ഹോമം അടക്കമുള്ള ചടങ്ങുകളും പതിവുപോലെ ഇത്തവണയും കൊല്ലൂരില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here