കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചിയുടെ ഗതാഗതക്കുരുക്ക് അഴിയുന്നു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രാവിലെ 9.30ന് വൈറ്റില മേൽപ്പാലം തുറന്നു. കുണ്ടന്നൂർ മേൽപ്പാലം 11 മണിക്കാണ് തുറക്കുക. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. 2017 ഡിസംബറിലാണ് വൈറ്റില പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നിരവധി പ്രതിസന്ധികളെ മറികടന്ന് പാലത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്ന് നല്‍കിയ വി ഫോര്‍ കൊച്ചിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ചിലർ കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കുകയാണെന്നും അത് ജനം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈറ്റിലയിൽ എസ്റ്റിമേറ്റ് തുകയേക്കാള്‍ 6.73 കോടി രൂപ ലാഭമുണ്ടാക്കിയാണ് മേൽപ്പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. വിശദമായ പദ്ധതിരേഖ പ്രകാരം 85.90 കോടി രൂപയുടെ സാങ്കേതിക അനുമതി 2017 ഓഗസ്റ്റ് 31 ന് നൽകി. 2017 സെപ്തംബറില്‍ പദ്ധതിക്ക് ടെണ്ടര്‍ ക്ഷണിച്ചു. 2017 നവംബര്‍ 17 ന് 78.36 കോടി നിര്‍മ്മാണച്ചെലവ് ക്വാട്ട് ചെയ്ത ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ നിര്‍മ്മാണ കരാര്‍ ഏല്‍പ്പിച്ചു. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉപകരാര്‍ നല്‍കിയ രാഹുല്‍ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല.
2017 ഡിസംബര്‍ 11 ന് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. അന്നേ ദിവസം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 440 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. ആലപ്പുഴ ഭാഗത്തെ അപ്രോച്ച് റോഡിന് 150 മീറ്ററും ആലുവ ഭാഗത്തെ അപ്രോച്ച് റോഡിന് 120 മീറ്ററും നീളമുണ്ട്. അപ്രോച്ച് റോഡ് ഉള്‍പ്പടെ മേല്‍പ്പാലത്തിന്റെ ആകെ നീളം 720 മീറ്റര്‍. 30 മീറ്റര്‍ നീളമുള്ള 12 സ്പാനുകളും 40 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളും പാലത്തിനുണ്ട്.
ഓരോ പാലത്തിലും മൂന്നു വരി വീതം ആറുവരിപ്പാതയായാണ് നിര്‍മ്മാണം.