മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റര്‍ അന്തരിച്ചു; 27 വര്‍ഷം എംഎല്‍എ, രണ്ട് തവണ മന്ത്രി

0
79

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെക രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലര്‍ച്ചെ മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1995 ലെ ഏ കെ ആന്‍റണി മന്ത്രിസഭയിലും, 2004ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗമായിരുന്നു. എകെ ആന്‍റണി മന്ത്രിസഭയില്‍ 95 മെയ് മുതല്‍ ഭക്ഷ്യം, പൊതുവിതരണ വകുപ്പുകളുടെ ചുമതല വഹിച്ച കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ 2004 മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രിയുമായിരുന്നു. 2006 ല്‍ ലാസ്റ്റ് ഗ്രേഡ് നിയമനത്തിലെ ആരോപണങ്ങളെ തുടര്‍ന്ന് പദവി രാജി വെച്ചു .

മലബാറില്‍ കരുണാകരന്‍റെ ഏറ്റവും അടുത്ത അനുയായി എന്ന് അറിയപ്പെടുന്ന കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ മൂന്ന് തവണ ബത്തേരിയില്‍ നിന്നും, മൂന്ന് തവണ കല്‍പ്പറ്റയില്‍ നിന്നും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഒരിക്കല്‍ മാത്രമാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. കോഴിക്കോട് റൂറല്‍ ജില്ലയില്‍ ഡിസിസി പ്രസിഡന്‍റ് പദവിയും കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ വഹിച്ചിട്ടുണ്ട്. കേണിച്ചിറയിൽ സ്കൂൾ അധ്യാപകനായിരിക്കെ, രാജിവെച്ചാണ് മുഴുവൻ സമയ പൊതു പ്രവർത്തനത്തിലേക്ക് കടന്നത്.

2011 ല്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ നടത്തിയ പത്രസമ്മേളനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീരേന്ദ്രകുമാറിന്‍റെ ജെഡിയുവിന്, യുഡിഎഫ് കല്‍പ്പറ്റ സീറ്റ് നല്‍കിയതോടെയായിരുന്നു കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് സീറ്റ് നഷ്ടപ്പെട്ടത്. കോൺഗ്രസ് നേതാക്കൾക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളിൽ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്തായി. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയെങ്കിലും പാര്‍ട്ടി പദവികള്‍ ഒന്നും നല്‍കിയിരുന്നില്ല. വയനാട് ആണ് പ്രവര്‍ത്തന മേഖലയെങ്കിലും കഴിഞ്ഞ കുറച്ച് കാലമായി കക്കോടിയിലെ വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഈ വീട്ടിലായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here