കോട്ടയം> സിസ്റ്റര്‍ അഭയ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി മലയാളികള്‍ക്ക് ഒരു കണ്ണീര്‍ക്കണം. കോട്ടയം ബിസിഎം കോളേജിലെ രണ്ടാം വര്‍ഷ പ്രീ-ഡിഗ്രി വിദ്യാര്‍ത്ഥിനിയും ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയുമായ സിസ്റ്റര്‍ അഭയ (21) യുടെ മൃതദേഹം 1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്.പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് അഭയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കോട്ടയം അരീക്കര ഐക്കരക്കുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ. അച്ഛനമ്മമാര്‍ നാല് വര്‍ഷം മുമ്ബ് മരിച്ചു.കേസ് അന്വേഷണം അട്ടിമറിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ ലോക്കല്‍ പൊലീസ് ശ്രമിച്ചെന്നാരോപിച്ച് 1992 മാര്‍ച്ച് 31ന് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി സി ചെറിയാന്‍ മടുക്കാനി പ്രസിഡന്റും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് കൗണ്‍സില്‍ നേതൃത്വത്തില്‍ കോട്ടയത്തും തലസ്ഥാനത്തുമായി സമരപരമ്ബര നടന്നു.
ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്ബതര മാസവും കേസ് അന്വേഷിച്ചു. 1993 ജനുവരി 30 ന് കോട്ടയം ആര്‍ഡിഒ കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കി. അതിന് എട്ടു മാസം മുമ്ബ് 1992 മെയ് 15 ന് കോട്ടയം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി കെ കരുണാകരനെ നേരില്‍ കണ്ട് ജോമോന്‍ സിസ്റ്റര്‍ അഭയയുടെ മരണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി. മൂന്ന് ദിവസം കഴിഞ്ഞ് 1992 മെയ് 18ന് സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി ഉത്തരവിട്ടു. അഭയക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 34 ഓളം സംഘടനകളും വ്യക്തികളും സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.
1993 മാര്‍ച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി യൂണിറ്റ് ഡിവൈഎസ്പി വര്‍ഗീസ് പി തോമസിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് തള്ളി കൊലപാതകമാണെന്ന് ആറ് മാസത്തിനുള്ളില്‍ കണ്ടെത്തി. കേസ് ഡയറിയില്‍ കൊലപാതകമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനത്തിന് കടക വിരുദ്ധമായി അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ സിബിഐ എസ് പി വി ത്യാഗരാജന്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും അതിന് വഴങ്ങാതെ വന്നപ്പോള്‍ പീഡിപ്പിച്ചെന്നും സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി തോമസ് 1994 മാര്‍ച്ച് 7 ന് എറണാകുളത്ത് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് വിവാദമായി. അതോടെ കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.
ഈ വിഷയം പാര്‍ലമെന്റില്‍ എം പി മാര്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിര്‍ദ്ദേശപ്രകാരം സിബിഐയുടെ ചുമതലയുള്ള മന്ത്രി മാര്‍ഗരറ്റ് ആല്‍വയ്ക്ക് പാര്‍ലമെന്റില്‍ മറുപടി പറയേണ്ടി വന്നു. തുടര്‍ന്ന്, സിബിഐ എസ് പി വി ത്യാഗരാജന്‍ പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.എസ്.പി വര്‍ഗീസ് പി തോമസ്, ഡി.ഐ.ജി ആകാന്‍ ഒന്‍പത് വര്‍ഷം സര്‍വീസ് നിലനില്‍ക്കെ 1993 ഡിസംബര്‍ 31 ന് രാജിവച്ച സംഭവം വലിയ വാര്‍ത്തയായി. അതിനിടെ വര്‍ഗീസ് പി തോമസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അഭയക്കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും സിബിഐ കൊച്ചി യൂണിറ്റ് എസ് പി സ്ഥാനത്ത് നിന്നും വി ത്യാഗരാജനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ 1994 മാര്‍ച്ച് 17 ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
1994 ജൂണ്‍ 2 ന് സിബിഐ ഡയറക്ടര്‍ കെ വിജയരാമറാവുവിനെ എം പിമാരായ ഒ.രാജഗോപാല്‍, ഇ.ബാലാനന്ദന്‍, പി.സി.തോമസ്, ജോമോന്‍ എന്നിവര്‍ നേരില്‍ കണ്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് ത്യാഗരാജനെ അഭയക്കേസിന്റെ മേല്‍നോട്ടത്തില്‍ നിന്നും ഒഴിവാക്കി ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അതോടൊപ്പം സിബിഐ ഡിഐജിയും പിന്നീട് സ്പെഷ്യല്‍ ഡയറക്ടറും ആയിരുന്ന എം എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം അഭയക്കേസ് അന്വേഷിക്കാനും ഉത്തരവായി. എം എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് എത്തി പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ജയ്പൂരിലെ ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ‘ഡമ്മി പരീക്ഷണം’ നടത്തി. എന്നാല്‍ അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കാന്‍ സിബിഐ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലെന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി ചോദിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 1996 ഡിസംബര്‍ 6 ന് റിപ്പോര്‍ട്ട് കൊടുത്തു.
തുടര്‍ന്ന് ഈ കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് സിബിഐ മൂന്ന് പ്രാവശ്യം കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തു. അപ്പോഴെല്ലാം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി എഫ്‌ഐആറിലെ പരാതിക്കാരിയായ ആലുവ മൗണ്ട് കാര്‍മ്മല്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ ബെനികാസിയക്ക് നോട്ടീസ് നല്‍കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി കൊടുത്ത സിസ്റ്റര്‍ ബെനികാസിയ കേസ് അന്വേഷിക്കുന്ന ഒരു ഘട്ടത്തിലും സിബിഐക്ക് മൊഴി കൊടുത്തില്ല. 2008ല്‍ ഇവര്‍ മരിച്ചു. 2007 മെയ് 9 നും18 നും സിബിഐ ഡയറക്ടര്‍ വിജയ ശങ്കരനെ നേരില്‍ കണ്ട് ജോമോന്‍ നല്‍കിയ പരാതിയിന്മേല്‍ സിബിഐ സ്പെഷ്യല്‍ സംഘം അഭയ കേസ് അന്വേഷണം നടത്താന്‍ സിബിഐ ഡയറക്ടര്‍ ഉത്തരവിട്ടു. എസ് പി ആര്‍ എം കൃഷ്ണയുടെയും ഡി.വൈ.എസ്.പി ആര്‍ കെ അഗര്‍വാളിന്റെയും നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് ക്യാമ്ബ് ചെയ്ത് അന്വേഷണം നടത്തി, പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ ബെംഗളൂരുവില്‍ നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്തി. നാര്‍കോ റിസല്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ ജോമോന്റെ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് കേസിന്റെ അന്വേഷണം ഡല്‍ഹി യൂണിറ്റില്‍ നിന്നും കൊച്ചി യൂണിറ്റിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് കൊച്ചി യൂണിറ്റ് സിബിഐ ഡി.വൈ.എസ്.പി നന്ദകുമാര്‍ നായര്‍ 2008 നവംബര്‍ ഒന്നിന് അന്വേഷണം ഏറ്റെടുത്തു.
പ്രതികളുടെ അറസ്റ്റ് 2008ല്‍
അങ്ങനെ കേസിലെ പ്രതികളെന്ന് ആരോപിക്കപ്പെട്ട ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാര്‍നായരുടെ നേതൃത്തിലുള്ള സിബിഐ സംഘം 2008 നവംബര്‍ 18 ന്, സംഭവം നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികള്‍ക്കുമെതിരെ 2009 ജൂലൈ 17 ന് നന്ദകുമാര്‍നായരാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് 2011 മാര്‍ച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി. കുറ്റപത്രം നല്‍കി രണ്ട് വര്‍ഷം കഴിഞ്ഞാണ് പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.
അതിനിടെ, അഭയ കേസില്‍ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ് പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ജോമോന്റെ ഹര്‍ജിയില്‍ 2014 മാര്‍ച്ച് 19 ന് ഹൈക്കോടതി ഉത്തരവ് ഇട്ടു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ സാമുവലിനെ പ്രതിയാക്കി 2015 ജൂണ്‍ 30 ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കി. അതേസമയം, കേസില്‍ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ് പി ആയിരുന്ന കെ ടി മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി സ്പെഷ്യല്‍ ജഡ്ജി ജെ.നാസര്‍ 2018 ജനുവരി 22 ന് ഉത്തരവ് ഇട്ടു. ഈ ഉത്തരവിനെതിരെ കെ ടി മൈക്കിള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിബിഐ കോടതി ഉത്തരവ് റദ്ദ് ചെയ്ത്, കേസിന്റെ വിചാരണ വേളയില്‍ ക്രിമിനല്‍ നടപടി ക്രമമനുസരിച്ച് കെ ടി മൈക്കിളിനെതിരെ തെളിവ് ലഭിച്ചാല്‍ കോടതിക്ക് പ്രതിയാക്കാമെന്ന് 2019 ഏപ്രില്‍ 9 ന് ഉത്തരവ് ഇട്ടു. അതേസമയം, വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നുള്ള പ്രതികളുടെ ഹര്‍ജി സിബിഐ കോടതിയില്‍ പരിഗണിച്ചപ്പോഴെല്ലാം പ്രതികള്‍ ഓരോ കാരണം പറഞ്ഞ് വിടുതല്‍ ഹര്‍ജിയില്‍ വാദം പറയുന്നത് ഒമ്ബത് വര്‍ഷത്തോളം നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ സിബിഐ കോടതി പ്രതികളായ ഫാ. കോട്ടൂരിന്റെയും ഫാ. പൂതൃക്കയിലിനെയും സിസ്റ്റര്‍ സെഫിയുടെയും വിടുതല്‍ ഹര്‍ജിയില്‍ അന്തിമ വാദം കേട്ട് ഒരുമിച്ച് വിധി പറഞ്ഞു.
ഒന്നാം പ്രതിയും മൂന്നാം പ്രതിയും വിചാരണ നേരിടാന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തി, തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ജെ നാസര്‍ 2018 മാര്‍ച്ച് 7 ന് രണ്ട് പ്രതികളുടെയും വിടുതല്‍ ഹര്‍ജി തള്ളി ഉത്തരവിട്ടു. അതേ സമയം രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിടാനും കോടതി ഉത്തരവിട്ടു. കോട്ടയം പാറമ്ബുഴ കൊശമറ്റം കോളനിയിലുള്ള നൈറ്റ് വാച്ച്‌മാന്‍ ചെല്ലമ്മ ദാസ് (64) സിബിഐക്ക് നല്‍കിയ മൊഴിയില്‍ തീയതി രേഖപ്പെടുത്താഞ്ഞതിന്റെ ആനുകൂല്യത്താലാണ് രണ്ടാം പ്രതിയെ സിബിഐ കോടതി വെറുതെ വിട്ടത്. വാച്ച്‌മാന്‍ 2014 ഫെബ്രുവരി 28 ന് മരിച്ചു. ഇക്കാരണത്താല്‍ വിചാരണ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ദൃക്സാക്ഷിയെ സിബിഐ കോടതിയില്‍ വിസ്തരിക്കാന്‍ കഴിയാതെ പോയി.
രാജു അവശേഷിക്കുന്ന ദൃക്സാക്ഷി
അതേ സമയം മറ്റൊരു ദൃക്സാക്ഷി രാജു അഭയ മരിച്ച ദിവസം പുലര്‍ച്ചെ അഞ്ചിന് ‘രണ്ട് വൈദികരെ കോണ്‍വെന്റിന്റെ സ്റ്റെയര്‍കേസില്‍ കണ്ടു’ എന്ന കാര്യം സിബിഐയ്ക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തത് സിബിഐ കോടതി മുഖവിലയ്ക്കെടുത്തില്ല. ഇക്കാരണത്താലാണ് രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വെറുതെ വിട്ടത്. ഇത് ചൂണ്ടിക്കാട്ടി ജോമോന്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളാന്‍ ഹൈക്കോടതി കാരണം പറഞ്ഞത് പ്രോസിക്യൂഷനാണ് അപ്പീല്‍ ഫയല്‍ ചെയ്യേണ്ടതെന്നും സിബിഐ അപ്പീല്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടില്ലെന്നുമാണ്. രണ്ടാം പ്രതി ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടതിനെതിരെ സിബിഐ സുപ്രിം കോടതില്‍ അപ്പീല്‍ നല്‍കുമെന്ന് സിബിഐ കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഡിസംബര്‍ 10ന് അറിയിച്ചിട്ടുണ്ട്. ഒന്നും മൂന്നും പ്രതികളെ വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ ആവശ്യം സിബിഐ കോടതിയും ഹൈക്കോടതിയും തള്ളിയതിനെതിരെ പ്രതികള്‍ സുപ്രിം കോടതിയില്‍ നല്‍കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷനില്‍ പ്രമുഖ അഭിഭാഷകരായ മുഖല്‍ റോത്തിക്കി, മനു അഭിഷേക് സിംഗ്വി എന്നിവര്‍ ഹാജരായെങ്കിലും 2019 ജൂലൈ 15 ന് പ്രതികളുടെ ഹര്‍ജി സുപ്രിം കോടതിയില്‍ ജ. അബ്ദുള്‍ നാസര്‍ അധ്യക്ഷനായ ബെഞ്ച് ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളി സിബിഐ കോടതിയില്‍ വിചാരണ നേരിടാന്‍ ഉത്തരവിട്ടു.
പ്രതികളുടെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് കുറ്റം തിരുവനന്തപുരം സിബിഐ കോടതി സ്പെഷ്യല്‍ ജഡ്ജി കെ സനല്‍ കുമാര്‍ 2019 ആഗസ്റ്റ് 5 ന് പ്രതികളെ വായിച്ചു കേള്‍പ്പിച്ചു. അങ്ങനെ 2019 ആഗസ്റ്റ് 26 മുതല്‍ സിബിഐ കോടതിയില്‍ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു. ഇതിനിടെ, കോവിഡ് –- 19 വൈറസിന്റെ പശ്ചാത്തലത്തില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ഒക്ടോബര്‍ 20 മുതല്‍ അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയില്‍ പുനരാരംഭിച്ചു. സിബിഐയുടെ കുറ്റപത്രത്തില്‍ 133 പ്രോസിക്യൂഷന്‍ സാക്ഷികളാണ് ആകെയുള്ളത്.
28 വര്‍ഷം കാലപ്പഴക്കമുള്ള കേസ് ആയതിനാല്‍ പല സാക്ഷികളും മരിച്ചുപോയതിനാല്‍ പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയില്‍ വിസ്തരിക്കാന്‍ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാന്‍ കഴിഞ്ഞില്ല. ഡിസംബര്‍ 10 ന് പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗ വാദവും പൂര്‍ത്തിയാക്കുമ്ബോള്‍ അഭയ കൊല്ലപ്പെട്ടിട്ട് 28 വര്‍ഷവും 9 മാസവും തികഞ്ഞു. തിരുവനന്തപുരം സിബിഐ കോടതി സ്പെഷ്യല്‍ ജഡ്ജി കെ സനല്‍ കുമാറാണ് 22 ന് വിധി പറയാന്‍ ഉത്തരവ് ഇട്ടത്.
കൂറുമാറിയ സാക്ഷിക്കെതിരേ ക്രിമിനല്‍ കേസ്
വിചാരണ വേളയില്‍ പ്രതിഭാഗത്തേക്ക് കൂറുമാറി മൊഴി മാറ്റി പറഞ്ഞ പ്രോസിക്യൂഷന്‍ രണ്ടാം സാക്ഷി സഞ്ജു പി മാത്യുവിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രോസിക്യൂഷന്‍ 24ാം സാക്ഷിയാണ്. പ്രോസിക്യൂഷന് വേണ്ടി വാദിച്ചത് സിബിഐ പ്രോസിക്യൂട്ടര്‍ എം നവാസാണ്. ഒന്നാം പ്രതി ഫാ. കോട്ടൂരിന് വേണ്ടി അഡ്വ.ബി.രാമന്‍പിള്ളയും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് വേണ്ടി അഡ്വ.ജെ ജോസും വാദിച്ചു. അതിനിടെ, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈമനോപ്ളാസ്റ്റിക് സര്‍ജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരുന്നു എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
സിസ്റ്റര്‍ സെഫിയെ സിബിഐ അറസ്റ്റ് ചെയ്തതിന് ശേഷം വൈദ്യപരിശോധനയ്ക്ക് 2008 നവംബര്‍ 25 ന് വിധേയയാക്കിയപ്പോള്‍ സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാന്‍ വേണ്ടി കന്യകാചര്‍മ്മം കൃതിമമായി വച്ചു പിടിപ്പിക്കാനായി ഹൈമനോപ്ളാസ്റ്റിക് സര്‍ജറി നടത്തിയത് വൈദ്യപരിശോധനയില്‍ കണ്ടെത്തിയെന്ന് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജനും 29-ാം സാക്ഷിയുമായ ഡോ.രമയും ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും 19-ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതിയില്‍ മൊഴി നല്‍കിയത് അന്തിമ വാദത്തില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 1