ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ശിപാര്‍ശകള്‍ തള്ളി കര്‍ഷകര്‍. അഞ്ചിന നിയമഭേദഗതികളാണു സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്നും കര്‍ഷകര്‍ അറിയിച്ചു.
സമരം കോര്പ്പറേറ്റുകള്ക്കെതിരെയാണെന്നും കര്‍ഷര്‍ അറിയിച്ചു. ജിയോ ഉള്‍പ്പെടെ റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കും. ദേശീയപാതകളിലെ ടോള്‍പിരിവ് തടയുമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.
ഡിസംബര്‍ 12ന് ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കുമെന്നും 14ന് രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിള് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.തിങ്കളാഴ്ച ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്നും ബിജെപി ജനപ്രതിനിധികളെ ബഹിഷ്കരിക്കുമെന്നും സംഘടന നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും കര്‍ഷകസംഘടനകളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണു പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയത്. താങ്ങുവില നിലനിര്‍ത്തും എന്ന ഉറപ്പ് കര്‍ഷകര്‍ക്ക് എഴുതിനല്‍കും, ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശം നിലനിര്‍ത്തും, സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക വിപണന ചന്തകള്‍ നിലനിര്‍ത്തും. ഇതിനായി വിപണിക്കു പുറത്തുള്ളവര്‍ക്കു രജിസ്ട്രേഷന് ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ കര്‍ഷകര്‍ക്കു മുന്നില്‍വച്ച ഫോര്‍മുലയില്‍ പറഞ്ഞിരുന്നു.
കാര്‍ഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും, കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകര്‍ക്കു നേരിട്ടു സിവില്‍ കോടതിയെ സമീപിക്കാം എന്നിങ്ങനെും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഭേദഗതികളിലുണ്ടായിരുന്നു.