ഗണപതി നാരങ്ങയുടെ ഉപയോഗവും, ഗുണങ്ങളും – നാം അറിഞ്ഞിരിക്കണം

0
2973

കേരളത്തിലെ വീട്ടുവളപ്പുകളില്‍ അപൂർവമായി കാണപ്പെടുന്ന ഗണപതിനാരകം ഇന്ന് വിലപ്പെട്ടതായി മാറുകയാണ്. വളരെ പ്രധാനമായതും, വിലപ്പെട്ടതുമായ പല ഔഷധ ഘടകങ്ങളുടെയും ഉറവിടമാണിത്. ഈ ചെടി 10-15 അടിവരെ ഉയരത്തിൽ വളരുന്നു. ഗണപതി നാരകം നമ്മുടെ വീട്ടു വളപ്പിൽ കായ്ക്കുന്നത് മണ്ണിനും, വീടിനും ഐശ്വര്യം പരത്തുന്നു എന്ന് പറയപ്പെടുന്നു.

ഇതിൻറെ ഔഷധ ഗുണങ്ങളും, സുഗന്ധവും കണക്കിലെടുത്തു കൊണ്ടു തന്നെയാണ്, ഇത് കൂടുതലായും അഷ്ടദ്രവ്യ ഗണപതി ഹോമത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് ഗണപതി നാരകം എന്ന പേര് ലഭിച്ചിരിക്കുന്നത്.

ഗണപതിനാരകത്തിന്റെ പഴങ്ങള്‍ നെടുകെമുറിച്ച്, ഉള്ളിലെ കാമ്പുമാറ്റി ഉപ്പുലായനിയിലും പിന്നീട് പഞ്ചസാര സിറപ്പിലുമിട്ടുണ്ടാക്കുന്ന, നാരങ്ങാ ഉൽപന്നം, ഫ്രൂട്ട്‌കേക്കിലും പുഡ്ഡിങ്ങിലുമൊക്കെ ചേരുവയായി ഉപയോഗിക്കുന്നു.

ദഹനം കൂട്ടാനും, കൃമിയെ നശിപ്പിക്കാനും ഇത് കൂടുതലായി ഉപയോഗിക്കുന്നു. സ്തന വീക്കത്തിനു് ഇതിൻറെ വേര് അരച്ചു പുരട്ടിയാൽ മതി.

തൊലി, പൂവ് എന്നിവയില്‍നിന്ന് വേര്‍തിരിക്കുന്ന സുഗന്ധ എണ്ണ, പെര്‍ഫ്യൂം, ഷാമ്പൂ എന്നീ വ്യവസായങ്ങളില്‍ ഉപയോഗിച്ചു വരുന്നു.

ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിൻറെ അടിസ്ഥാനത്തിൽ ഈ നാരങ്ങയ്ക്ക് അര്‍ബുദ പ്രതിരോധശേഷിയുണ്ടെന്ന് വെളിപ്പെടുത്തുന്നു.

വിത്ത് മുളപ്പിച്ചും, കമ്പ് നട്ടും തൈകളുണ്ടാക്കാം.

ഗണപതി നാരങ്ങാ കറി എങ്ങനെ ഉണ്ടാക്കാം

ചേരുവകൾ :

ഗണപതി നാരങ്ങ – 1
ഇഞ്ചി, പച്ചമുളക് – ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി
വറ്റൽ മുളക്
മുളകുപൊടി
വെളിച്ചെണ്ണ/നല്ലെണ്ണ
കടുക്
പുളി പിഴിഞ്ഞെടുത്തത്
കായപ്പൊടി ഒരു ടി സ്പൂൺ
ശർക്കര പൊടിച്ചത്
ഉപ്പ് ആവശ്യത്തിന്

ഒരു ഗണപതി നാരങ്ങാ, നന്നായി തൊലി കളഞ്ഞെടുക്കുക. ഉള്ളിലെ കുരുവും, കാമ്പും കളഞ്ഞ് ചെറിയ കഷണങ്ങളാക്കുക. ഇതിലേക്ക് മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് ഇളക്കി കുറച്ചു സമയം വയ്ക്കുക.

ഇതിനു ശേഷം ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് (വെളിച്ചെണ്ണയോ/ നല്ലെണ്ണയോ) ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് വറ്റൽ മുളക് , കറിവേപ്പില, പച്ചമുളക് , അല്പം വെളുത്തുള്ളി, ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം ആവശ്യത്തിന് മുളകുപൊടി ചേർത്തിളക്കുക. ഇതിലേക്ക് പിഴിഞ്ഞു വച്ചിരിക്കുന്ന പുളിയുടെ വെള്ളം ചേർക്കുക. ഈ ചേരുവകൾ അല്പം തിളക്കാൻ അനുവദിക്കുക. ശേഷം തയ്യാറാക്കി മാറ്റി വച്ചിരിക്കുന്ന ഗണപതി നാരങ്ങാ കഷണങ്ങൾ ഇട്ട് ഇളക്കുക. തിളക്കാൻ ആവശ്യത്തിന് വേണ്ട വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് നാരങ്ങാ കഷണങ്ങൾ വേവിക്കുക. വെന്തു വരുമ്പോൾ അതിലേക്ക് അല്പം കായപ്പൊടി ചേർക്കുക. കൂടാതെ കയ്പ്പും, പുളിയും ബാലൻസ് ചെയ്യാൻ ആവശ്യത്തിന് ശർക്കര ചേർത്ത് ഇളക്കുക.

കറി ഒരു കുഴമ്പു രൂപത്തിലാക്കി മാറ്റി വയ്ക്കുക. ശേഷം ചോറിന്റെ കൂടെ വിളമ്പാവുന്നതാണ്.

കേരളത്തിലെ മലബാർ പ്രദേശങ്ങളിലെ സദ്യകളിൽ ഈ കറി കൂടുതലായും ഉപയോഗിച്ചു വരുന്നു.

ഗണപതി നാരങ്ങാ സാലഡായും ഉപയോഗിക്കാവുന്നതാണ് . ഇത് കഷണങ്ങളാക്കി, കാരറ്റ്, ക്യൂകമ്പർ ഇവയുടെ കൂടെ അല്പം വിനിഗർ ചേർത്ത് കഴിക്കാവുന്നതാണ്.

ഒരു ചേരുവയും ഇല്ലാതെ ഇതിന്റെ കഷണങ്ങൾ, ഒരു ഫ്രൂട്ട് ആയും ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here