ഇന്ന് വൃശ്ചികമാസം ആരംഭിക്കുന്നു. ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് കേരളത്തിലെ ഹിന്ദുക്കൾക്ക് കടുത്ത ചിട്ടയോടെയും, വ്രത ശുദ്ധിയോടെയും ജീവിക്കേണ്ട കാലഘട്ടം. നല്ല ചിട്ടയോടെ 41 ദിവസം വ്രതമെടുത്ത്, കാനനവാസനായ അയ്യപ്പ സ്വാമിയെ ദർശിക്കുന്നതിനായി, വൃശ്ചികമാസത്തിൽ ശബരിമല ചവിട്ടുന്നത്, വിശ്വാസികൾ വലിയ ഒരു പുണ്യമായി കരുതുന്നു. അതുകൊണ്ട് തന്നെ വൃശ്ചികമാസം മണ്ഡലകാലം എന്നാണ് അറിയപ്പെടുന്നത്.
ഒരു മണ്ഡലകാലം എന്നത് 41 ദിവസമാണ്. മണ്ഡലം എന്നാൽ 41 ദിവസങ്ങൾ വരുന്നത് എന്നാണ് അർത്ഥം. ഇതിനു പിന്നിലെ ശാസ്ത്രീയത എന്നത്, പൗര്‍ണ്ണമിക്കു ശേഷം പ്രതിപദം മുതല്‍ അടുത്ത പൗര്‍ണ്ണമി വരെ 30 ദിവസവും, പിന്നീട് ഏകാദശി വരെ 11 ദിവസവും ചേരുമ്പോള്‍ 41 ദിവസമാകുന്നു. ഈ കാര്യങ്ങൾ പരിഗണിച്ചാണ് വൃതശുദ്ധിയുടെ മാസമായ വൃശ്ചികത്തെ മണ്ഡലകാലമായി പരിഗണിക്കുന്നത്.
അയ്യപ്പന്‍ ശിവന്റെയും വിഷ്ണുവിന്റെയും അംശരൂപമാണെന്നാണ് വിശ്വാസം. 41 – ൽ 4 വിഷ്ണുസ്വരൂപവും 1 ശിവസ്വരൂപവുമാണ് കാണിക്കുന്നത്. ഇതിൽ ഇരട്ട സംഖ്യ എപ്പോഴും വൈഷ്ണവപ്രതീകവും, ഒറ്റസംഖ്യ ശൈവപ്രതീകവുമാണ്. അങ്ങനെ വരുമ്പോള്‍ വിഷ്ണുവിനെ സൂചിപ്പിക്കുന്നത് നാലും, ഒന്നു ശിവനേയും സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ 4, 1 എന്നതു സംയുകതമായി 41 എന്നു പറയുകയും, 41 ദിവസം നീണ്ടു നില്ക്കുന്ന മണ്ഡലകാലത്തെ അയ്യപ്പപ്രീതിക്കും ഭജനത്തിനും വേണ്ട മാസമായി കാണുകയും ചെയ്യുന്നു.
മലയാള കലണ്ടർ പ്രകാരം മണ്ഡലകാലം, വൃശ്ചിക മാസത്തിന്റെ ആദ്യം ആരംഭിച്ച് ധനു മാസത്തിന്റെ പതിനൊന്നാം ദിവസം അവസാനിക്കുന്നു. ഈ ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഭക്തർ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നു. മഹിഷീ വധത്തിനു ശേഷം സ്വാമി അയ്യപ്പൻ ഈ സ്ഥലത്ത് ധ്യാനിച്ചിരുന്നു എന്നാണ് ഐതിഹ്യം. ഈ കാലഘട്ടത്തിൽ ഭക്തർ ശുദ്ധിയിൽ ജീവിക്കുകയും, കഠിനമായ വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു.
ജാതി മത വിവേചനം ഇല്ലാതെ ഏതു മതത്തിൽ പെട്ട ആളുകൾക്കും, ശബരിമല ക്ഷേത്രം സന്ദർശിക്കാം. എന്നിരുന്നാലും 10 മുതൽ 50 വയസ്സിനിടയിൽ പ്രായമുള്ള ഭക്തരായ സ്ത്രീകൾക്ക്, ശബരിമല ക്ഷേത്രം സന്ദർശിക്കുന്നത് ആചാരപരമായി വിലക്കിയിരിക്കുന്നു.
ഈശ്വരൻ ആദിയും, പ്രപഞ്ച സൃഷ്ടിക്ക് ഹേതുവും, അനശ്വരവുമാണ്. ധർമ്മാർത്ഥ കാമ മോക്ഷങ്ങളാകുന്ന പുരുഷാർത്ഥങ്ങളുടെ ലക്ഷ്യത്തിലും, മാർഗത്തിലും, ഈശ്വര ചൈതന്യത്തിന്റെ വ്യാപ്തിയും, സ്വാധീനവും “തത്വമസി” എന്ന തത്വത്തിൽ ദർശിച്ച് ഈ മണ്ഡലകാലത്തെ നമുക്ക് വരവേൽക്കാം.