ദർശന രാജേന്ദ്രൻ ഒടിടി പ്ലേ പുരസ്കാരങ്ങളിൽ മികച്ച പ്രതിനായിക; പുരസ്‌കാരം നേടുന്ന ഏക മലയാളി താരം.

0
126

‘പുരുഷ പ്രേതം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദർശന രാജേന്ദ്രൻ മികച്ച പ്രതിനായികയ്ക്കുള്ള പുരസ്‌കാരത്തിന് അർഹയായി. ഓൺലൈൻ പ്ലാറ്റ്ഫോമായ ഒടിടി പ്ലേ മുംബൈയിൽ സംഘടിപ്പിച്ച പുരസ്‌ക്കാര നിശയിലാണ് ദർശനക്ക് ഈ പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരം നേടുന്ന ഏക മലയാളി താരമാണ് ദർശന. ‘അറിയിപ്പ്’ സിനിമയ്ക്ക് മഹേഷ് നാരായണൻ മികച്ച സംവിധായകനുള്ള പുരസ്കാരത്തിനർഹനായി.

ഇവിടെ വരാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ടന്നും, താൻ കജോളിന്റെ വലിയ ആരാധികയാണെന്നും അവരുടെ സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നും ദർശന പറഞ്ഞു. അതുകൊണ്ട് തന്നെ ഈ അവസരത്തിൽ അവർ എന്നെ ഭ്രമിപ്പിക്കുന്നു എന്നും ദർശന രാജേന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് കൂട്ടി ചേർത്തു.

“വളരെ ചെറിയൊരു ചിത്രമായിരുന്നു ‘പുരുഷപ്രേതം’. സ്ഥിരം നായികാ പരിവേഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്ഥം, അതുകൊണ്ട് തന്നെ ഞാൻ ഈ കഥാപാത്രം നിരസിക്കും എന്ന പ്രതീക്ഷയോടെയാണ് സംവിധായകൻ കൃഷാന്ദ് ഈ വേഷം എനിക്ക് ഓഫർ ചെയ്തത്. പക്ഷേ കഥ കേട്ട ഉടനെ തന്നെ ഞാൻ ചിത്രം ഏറ്റെടുക്കുകയായിരുന്നു. നെഗറ്റീവ് റോളിലെ എന്റെ ആദ്യത്തെ അവാർഡ് ആണ്, ” ദർശന രാജേന്ദ്രൻ പറഞ്ഞു.

ഹാസ്യസിനിമകളിലൂടെ ജനപ്രിയനായ പ്രശാന്ത് അലക്‌സാണ്ടറും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജഗദീഷ്, ദേവകി രാജേന്ദ്രൻ, ജിയോ ബേബി എന്നിവരും സിനിമയിലുണ്ട്.

മനു തൊടുപുഴയുടെ കഥയാണ് ‘പുരുഷപ്രേതം’ എന്ന സിനിമയാക്കിയത്. അജിത് ഹരിദാസ് തിരക്കഥ ഒരുക്കി. മാൻകൈൻഡ് സിനിമാസ് വേണ്ടി ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക്ക് പോൾ, സിമട്രി സിനിമക്ക് വേണ്ടി വിഷ്ണു രാജൻ, സജിൻ രാജ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നിതിൻ രാജു, ആരോമൽ രാജൻ, സിജോ ജോസഫ്, പോൾ പി. ചെറിയാൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സംവിധായകൻ ക്രിഷാന്ദ് തന്നെ ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് സുഹൈൽ ബക്കർ ആണ്. പി.ആർ.ഒ.- റോജിൻ കെ. റോയ്.

LEAVE A REPLY

Please enter your comment!
Please enter your name here