സിപിഎമ്മും കേരള കോണ്‍ഗ്രസും 9 സീറ്റുകളില്‍ വീതം മത്സരിക്കും. കോട്ടയം ജില്ലാ പഞ്ചായത്തിലെ എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. ധാരണ പ്രകാരം സിപിഎമ്മും കേരളകോണ്‍ഗ്രസും ഒന്‍പത് സീറ്റുകളിലും സിപിഐ നാല് സീറ്റിലും മത്സരിക്കും. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് വിഭജനം അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചു.
കൂടുതല്‍ സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന് സിപിഐ നിലപാടിന് മുന്നില്‍ മുന്നണി നേതൃത്വം വഴങ്ങിയതോടെയാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിലുണ്ടായ സീറ്റ് തര്‍ക്കത്തിന് പരിഹാരമായത്. ധാരണപ്രകാരം സിപിഎമ്മും കേരള കോണ്‍ഗ്രസും 9 സീറ്റുകളില്‍ വീതം മത്സരിക്കും.നാല് സീറ്റ് സിപിഐക്ക് വിട്ടുനല്‍കി. നിലവിലുണ്ടായിരുന്ന അഞ്ച് സീറ്റില്‍ ഒരു സീറ്റ് മാത്രം വിട്ടു നല്‍കുമെന്നായിരുന്നു സിപിഐ നിലപാട്.
രണ്ട് സീറ്റ് വിട്ട് കൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കില്ലും സിപിഐ വഴങ്ങിയില്ല. പ്രമുഖ കക്ഷികള്‍ സീറ്റുകള്‍ പങ്കിട്ടതോടെ എന്‍സിപിയും ജനദാതളും പട്ടികയില്‍ നിന്ന് പുറത്തായി. അതേസമയം ഏകകണ്ഠമായാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്നാണ് എല്‍.ഡി.എഫ് നേതൃത്വത്തിന്റെ അവകാശവാദം. മറ്റ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സീറ്റ് വിഭജനം അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്നും എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചു.