‘ഇന്ത്യൻ പ്രദേശത്ത് ചൈന നടത്തുന്ന നിയമവിരുദ്ധ അധിനിവേശം ഒരിക്കലും അംഗീകരിച്ചിട്ടില്ല’; കേന്ദ്ര സർക്കാർ

0
22

ന്യൂഡൽഹി: ലഡാക്കിൽ രണ്ട് പുതിയ കൗണ്ടികൾ സ്ഥാപിക്കാനുള്ള ചൈനീസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. നയതന്ത്ര ചാനലുകളിലൂടെയാണ് വിഷയം ഗൗരവമായി ഉന്നയിച്ചതെന്നാണ് കേന്ദ്രം പാർലമെന്റിൽ അറിയിച്ചത്. ഇന്ത്യൻ പ്രദേശത്ത് ചൈന നടത്തുന്ന ഒരു നിയമവിരുദ്ധ അധിനിവേശത്തെയും അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

‘ഇന്ത്യൻ പ്രദേശത്തെ നിയമവിരുദ്ധമായ ചൈനീസ് അധിനിവേശം ഇന്ത്യാ ഗവൺമെന്റ് ഒരിക്കലും അംഗീകരിച്ചിട്ടില്ല. പുതിയ കൗണ്ടികൾ സ്ഥാപിക്കുന്നത് ഈ പ്രദേശത്തിന്മേലുള്ള ഇന്ത്യയുടെ പരമാധികാരത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ദീർഘകാലവും സ്ഥിരവുമായ നിലപാടിനെ ബാധിക്കുകയോ, ചൈനയുടെ നിയമവിരുദ്ധവും നിർബന്ധിതവുമായ അധിനിവേശത്തിന് നിയമസാധുത നൽകുകയോ ചെയ്യുകയില്ല’ കേന്ദ്രം നിലപാട് വ്യക്തമാക്കി.

ലോക്‌സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ സംഭവവികാസങ്ങളിൽ സർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് അധിനിവേശത്തെ കുറിച്ചുള്ള നിലനിൽക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ലഡാക്കിലെ ഇന്ത്യൻ പ്രദേശം കൂടി ഉൾപ്പെടുത്തി, ഹോട്ടൻ പ്രിഫെക്ച്ചറിൽ ചൈന രണ്ട് പുതിയ കൗണ്ടികൾ സ്ഥാപിച്ചതിനെക്കുറിച്ച് സർക്കാരിന് അറിയാമോ എന്നും അറിയാമെങ്കിൽ ഈ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച തന്ത്രപരവും നയതന്ത്രപരവുമായ നടപടികൾ എന്തൊക്കെയാണെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തോട് ചോദിച്ചത്. ‘ചൈനയിലെ ഹോട്ടൻ പ്രിഫെക്ച്ചറിൽ രണ്ട് പുതിയ കൗണ്ടികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചൈനീസ് പക്ഷത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഇന്ത്യാ ഗവൺമെന്റിന് അറിയാം. ഈ കൗണ്ടികൾ എന്ന് വിളിക്കപ്പെടുന്നവയുടെ അധികാരപരിധിയിലെ ചില ഭാഗങ്ങൾ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലാണ്’ കീർത്തി വർധൻ സിംഗ് പറഞ്ഞു.

ഇന്ത്യയുടെ തന്ത്രപരവും സുരക്ഷാപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അതിർത്തി പ്രദേശങ്ങളുടെ വികസനത്തിനായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രത്യേകമായ ശ്രദ്ധ നൽകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ സർക്കാർ അനുവദിച്ച ബജറ്റിനെ കുറിച്ചും മന്ത്രി പറയുകയുണ്ടായി.

അതേസമയം, ഇന്ത്യയുമായി കൂടുതൽ മെച്ചപ്പെട്ട വ്യാപാര ബന്ധത്തിന് ചൈന കോപ്പുകൂട്ടുന്നതിന് ഇടയിലാണ് ഈ സംഭവവികാസം. നേരത്തെ യുഎസ് ചൈനയ്ക്ക് മേൽ തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയുമായി സഹകരിക്കുന്നതിന്റെ ആവശ്യകത അവർ എടുത്തുപറഞ്ഞിരുന്നു. ഇന്ത്യ-ചൈന ബന്ധത്തിൽ കൂടുതൽ നല്ല മുന്നേറ്റം ഉണ്ടാവുമെന്നാണ് ഇത് സൂചിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here