വാഷിംഗ്ടണ്‍: വരാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരില്‍ 70 ശതമാനം ആളുകളും പിന്തുണ നല്‍കുന്നത് ജോ ബൈഡനെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ അമേരിക്കന്‍ ആറ്റിറ്റ്യൂഡ് സര്‍വേ പ്രകാരം 22 ശതമാനം പേര്‍ മാത്രമാണ് ഡൊണാള്‍ഡ് ട്രംപിന് പിന്തുണ നല്‍കുന്നത്.
20 ദിവസങ്ങളിലായി കഴിഞ്ഞ മാസം ഓണ്‍ലൈനിലൂടെയാണ് സര്‍വേ നടത്തിയത്. ഇതില്‍ പങ്കെടുത്ത 936 ഇന്ത്യന്‍ അമേരിക്കക്കാരില്‍ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് പ്രകാരം ഭൂരിഭാഗം ആളുകളും ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് പിന്തുണ അറിയിക്കുന്നു. യു.എസ്-ഇന്ത്യ ബന്ധം അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ വോട്ടിംഗ് തീരുമാനത്തില്‍ ഒരു വലിയ ഘടകമായി കണക്കാക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധത്തെ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്ന് വലിയ പിന്തുണ അവകാശപ്പെട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇത് പ്രയോജനം ചെയ്യില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്.അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനായി രജിസ്റ്റര്‍ ചെയ്ത യു.എസ് വോട്ടര്‍മാരില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരുള്ളത്. എന്നിരുന്നാലും വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വോട്ടുകള്‍ സുപ്രധാനമാണ്.