ശബരിമലയിൽ കനത്ത മഴ; സന്നിധാനത്ത് ഭക്തജന പ്രവാഹം,

0
4

പത്തനംതിട്ട: ശക്തമായ മഴയിലും ശബരിമലയിലേക്ക് ഭക്തജന പ്രവാഹം. മഴ ശക്തമായതിനെ തുടര്‍ന്ന് സന്നിധാനം, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ശബരിമലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കന്യാകുമാരി മേഖലയില്‍ നിന്നും തമിഴ്‌നാട്, കേരളം എന്നിവയ്‌ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദപാത്തിയുടെ സ്വാധീനാത്താലാണ് മഴ ശക്തമാകുന്നത്.

മഴയത്തും അയ്യനെ കാണാന്‍ ഭക്തര്‍

ശബരിമലയിൽ കനത്ത മഴ തുടരുമ്പോഴും സന്നിധാനത്തേക്ക് തീർഥാടകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച ശക്തമായ മഴയിലും പതിനായിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി മല ചവിട്ടിയത്. ഭക്തരില്‍ പലരും മഴ നനഞ്ഞാണ് അയ്യന്‍റെ സന്നിധിയിലെത്തിയത്. മറ്റ് ചിലരാകട്ടെ കുടയുമായും റെയിന്‍കോട്ട് ധരിച്ചുമാണ് പതിനെട്ടാംപടി കയറിയത്.

തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും പൊലീസും ദേവസ്വം ബോർഡും സന്നിധാനത്തും പാതകളിലും സജ്ജമാണ്. അതേസമയം നവംബര്‍ അവസാനം വരെയുള്ള ഓണ്‍ലൈന്‍ സ്ലോട്ട് ബുക്കിങ് പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. എന്നാല്‍ നിലയ്‌ക്കല്‍, എരുമേലി, സത്രം എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യങ്ങളുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തീര്‍ഥാടക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു

റാന്നിയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഏഴ് വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്‌. ഇവരെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മലപ്പുറം തിരൂർ സ്വദേശികളായ 17 തീർഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. പലർക്കും നിസാര പരിക്കേറ്റു.

ഇന്നലെ വൈകുന്നേരം മൂന്നരയോടെ റാന്നി പെരുനാട് വയറൻമരുതി എസ്‌എൻഡിപി മന്ദിരത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ട്രാവലർ റോഡരികിലെ താഴ്‌ചയിൽ സ്ഥിതി ചെയ്യുന്ന എസ്‌എൻഡിപി മന്ദിരത്തിന് സമീപത്തേക്ക് മറിയുകയായിരുന്നു. കെട്ടിടത്തിന്‍റെ തിട്ടയിൽ വാഹനം തങ്ങി നിന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും പാതയിലൂടെ എത്തിയ വാഹനങ്ങളിൽ ഉണ്ടായിരുന്നവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം യാത്രയ്ക്കിടെ വാഹനം നിർത്തി വിശ്രമിച്ച ശേഷം യാത്ര തുടരുന്നതിനിടെയാണ് അപകടം എന്നാണ് വിവരം. വിശ്രമിച്ച ശേഷം യാത്ര തുടർന്ന് ഏതാനും മീറ്ററുകൾ കഴിയുമ്പോൾ വാഹനത്തിന്‍റെ ബ്രേക്ക് നഷ്‌ടപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്‌ടമായ വാഹനം റോഡരികിലെ ബാരിക്കേഡ് ഇടിച്ച് തകർത്ത ശേഷമാണ് താഴ്‌ചയിലേക്ക് മറിയുന്നത്. അപകട വിവരം അറിഞ്ഞ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്‍റ് സേഫ് ഡോൺ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here