സൗജന്യ പബ്ലിക് വൈഫൈ വില്ലനാകും;

0
9

തിരുവനന്തപുരം: സൗജന്യമായി ലഭിക്കുന്ന പബ്ലിക് വൈഫൈകളും അപരിചിതമായ നെറ്റ്‌വർക്കുകളും വലിയ സുരക്ഷാഭീഷണി ഉയർത്തുന്നുവെന്ന് കേരള പൊലീസിൻ്റെ മുന്നറിയിപ്പ്. പാസ്‌വേഡ് ഇല്ലാത്തതോ വിശ്വസനീയമല്ലാത്തതോ ആയ ഇത്തരം നെറ്റ്‌വർക്കുകളിൽ കണക്ട് ചെയ്യുന്ന നിമിഷം മുതൽ സ്മാർട്ട്‌ഫോണുകളിലെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാർക്ക് എളുപ്പത്തിൽ ചോർത്തിയെടുക്കാൻ സാധിക്കും. കേരള പൊലീസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൈബർ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

സ്വകാര്യ ഫോട്ടോകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ, ബാങ്കിങ് വിവരങ്ങൾ, ലോഗിൻ പാസ്‌വേഡുകൾ എന്നിവയെല്ലാം സുരക്ഷിതമല്ലാത്ത നെറ്റ്‌വർക്കുകൾ വഴി ചോരാൻ സാധ്യതയുണ്ട്. സൗജന്യ ഇൻ്റർനെറ്റ് എന്ന പ്രലോഭനത്തിന് പിന്നിൽ വ്യക്തിവിവരങ്ങൾ കൈക്കലാക്കാനുള്ള കെണിയുണ്ടാകാം. അതിനാൽ പൊതുസ്ഥലങ്ങളിൽ ഫോണിലെ ഓട്ടോ കണക്ട് വൈഫൈ സംവിധാനം നിർജീവമാക്കുകയും അജ്ഞാത കണക്ഷനുകൾ പൂർണമായും ഒഴിവാക്കുകയും ചെയ്യണമെന്ന് പൊലീസ് കർശനമായി നിർദേശിച്ചു. വേഗമുള്ള കണക്ഷനേക്കാൾ പ്രധാനം സ്വന്തം സൈബർ സുരക്ഷയാണെന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കണമെന്ന സന്ദേശവും പൊലീസ് പങ്കുവച്ചു.

സുരക്ഷിതമല്ലാത്ത കണക്ഷനുകളിലൂടെ ഉപകരണങ്ങളിലേക്ക് വൈറസുകളോ മാൽവെയറുകളോ ദോഷകരമായ സോഫ്റ്റ്‌വെയറുകളോ കടത്തിവിടാൻ ഹാക്കർമാർക്ക് കഴിയും. അത്യാവശ്യ സാഹചര്യങ്ങളിൽ ഇത്തരം നെറ്റ്‌വർക്കുകളിൽ കണക്ട് ചെയ്തിരിക്കുമ്പോൾ യാതൊരു കാരണവശാലും നെറ്റ് ബാങ്കിങ്, ഓൺലൈൻ ഷോപ്പിങ്, മറ്റ് പണമിടപാടുകൾ എന്നിവ നടത്തരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

വാട്സാപ്പ് വെബ് ഉപയോഗത്തിലും ജാഗ്രത
ലോകമെമ്പാടുമുള്ള ബിസിനസ് സ്ഥാപനങ്ങളെയും സംഘടനകളെയും ലക്ഷ്യമിട്ട് തുടർച്ചയായി സൈബർ ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഓഫിസുകളിലെയും മറ്റ് പൊതു ഇടങ്ങളിലെയും കമ്പ്യൂട്ടറുകളിൽ വാട്സാപ്പ് വെബ് ലോഗിൻ ചെയ്ത് ഔദ്യോഗികമോ അതീവ പ്രധാനമോ ആയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ കർശന നിർദേശം നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് ഇതുസംബന്ധിച്ച ജാഗ്രതാ നിർദേശം പുറത്തിറക്കിയത്.

ബ്രൗസർ ടാബോ വിൻഡോയോ അടച്ചതുകൊണ്ട് മാത്രം വാട്സാപ്പ് വെബ് സെഷൻ അവസാനിക്കില്ല. സജീവമായി തുടരുന്ന ഇത്തരം സെഷനുകൾ ദുരുപയോഗം ചെയ്ത് സൈബർ കുറ്റവാളികൾക്ക് സ്വകാര്യ സന്ദേശങ്ങളും കോൺടാക്ടുകളും ഗ്രൂപ്പ് ചാറ്റുകളും കൈക്കലാക്കാൻ സാധിക്കും. അക്കൗണ്ട് ഉടമയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസി വ്യക്തമാക്കിയിരുന്നു.

ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ രഹസ്യ സ്വഭാവമുള്ളതോ സർക്കാർ, സംഘടനാ, സാമ്പത്തിക വിവരങ്ങളോ കൈമാറരുത്. പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടറിൽ വാട്സാപ്പ് ഉപയോഗിച്ച ശേഷം ബ്രൗസർ ടാബിൽനിന്നോ വിൻഡോയിൽനിന്നോ നേരിട്ട് പുറത്തിറങ്ങാതെ സ്വമേധയാ ലോഗ് ഔട്ട് ചെയ്തെന്ന് ഉറപ്പുവരുത്തണം. കഴിവതും സൈബർ കഫേകൾ, പൊതു കിയോസ്കുകൾ, ഹോട്ടൽ ബിസിനസ് സെൻ്ററുകൾ, കടമെടുത്ത കമ്പ്യൂട്ടറുകൾ എന്നിവയിലൂടെ വാട്സാപ്പ് വെബ് ആക്സസ് ചെയ്യുന്നത് ഒഴിവാക്കണം.

ആക്സസ് ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ വിശ്വസനീയമായ ഒരു കമ്പ്യൂട്ടറിൽ ഇൻകോഗ്നിറ്റോ അഥവാ സ്വകാര്യ ബ്രൗസിങ് മോഡ് ഉപയോഗിച്ച് പ്രവർത്തിക്കുകയും ശേഷം സ്വമേധയാ ലോഗ് ഔട്ട് ചെയ്യുകയും വേണം. അപ്രതീക്ഷിത സന്ദേശങ്ങൾ, കോൺടാക്ടുകളിൽനിന്നുള്ള അസാധാരണ മറുപടികൾ, വിശദീകരിക്കാനാകാത്ത മറ്റ് പ്രവർത്തനങ്ങൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. സംശയം തോന്നിയാൽ മൊബൈൽ ഫോണിലെ വാട്സാപ്പിൽ ലിങ്ക്ഡ് ഡിവൈസസ് വിഭാഗം പരിശോധിച്ച് അപരിചിതമായ ഉപകരണങ്ങൾ നീക്കം ചെയ്യണം.

ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ, ബ്രൗസറുകൾ, സുരക്ഷാ സോഫ്റ്റ്‌വെയർ എന്നിവ കൃത്യമായി അപ്ഡേറ്റ് ചെയ്യാനും സംശയാസ്പദമായ ഡൗൺലോഡുകളും അജ്ഞാത ഫയലുകളും ഒഴിവാക്കാനും ഉപയോക്താക്കൾ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻതന്നെ ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി അറിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here