കുരുന്നുകളെ പൊരിവെയിലത്ത് നിർത്തിയാൽ മാത്രം ലഭിക്കുന്നതാണോ ‘ആദരവ്’?
തെലങ്കാനയിലെ മഹബൂബാബാദ് ജില്ലാ കളക്ടർ സ്നേഹ ശബരീഷ് നടത്തിയ ഒരു മാതൃകാപരമായ ഇടപെടൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.
നവംബർ 23-ന് ഒരു സ്കൂൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കളക്ടർക്ക് സ്വീകരണം നൽകാനായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ കടുത്ത വെയിലത്താണ് അണിനിരത്തിയത്.
ഇത് കണ്ട ഉടൻ തന്നെ ഉദ്യോഗസ്ഥരെ കർശനമായി ശാസിച്ച കളക്ടർ, മേലിൽ ഇത്തരം പ്രവണതകൾ ആവർത്തിക്കരുതെന്ന് താക്കീത് നൽകുകയും കുട്ടികളോട് സ്നേഹപൂർവ്വം സംസാരിച്ച് അവരെ ക്ലാസുകളിലേക്ക് മടക്കി അയക്കുകയും ചെയ്തു. ഈ വീഡിയോയ്ക്ക് വലിയ കൈയ്യടി ലഭിക്കുമ്പോഴും നമ്മുടെ നാട്ടിലും കാലങ്ങളായി തുടരുന്ന ഒരു തെറ്റായ ‘ഔദ്യോഗിക കീഴ് വഴക്കത്തെ’ കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
ഉന്നത ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പ്രീതിപ്പെടുത്താൻ കുട്ടികളെ വരിവരിയായി വെയിലത്തും മഴയത്തും നിർത്തുന്നത് പലയിടത്തും ഒരു പതിവാണ്.
അധികാരത്തിന്റെ പേരിലുള്ള ഇത്തരം ‘ഷോ ഓഫുകൾ’ തിരുത്തപ്പെടേണ്ടതാണെന്ന ശക്തമായ സന്ദേശമാണ് സ്നേഹ ശബരീഷ് നൽകുന്നത്.
പഠിക്കാനും കളിക്കാനും വേണ്ടി സ്കൂളിലെത്തുന്ന കുട്ടികളെ മണിക്കൂറുകളോളം വെയിലത്ത് നിർത്തുന്നത് അവരുടെ ആരോഗ്യത്തെയും പഠനസമയത്തെയും സാരമായി ബാധിക്കും. “കുട്ടികൾ വെയിലത്ത് നിൽക്കേണ്ട, അവർ ക്ലാസിൽ പോയി ഇരിക്കട്ടെ” എന്ന് പറയാൻ തയ്യാറാകുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് യഥാർത്ഥ മാതൃകയാകേണ്ടത്.
അധികാരം എന്നത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനുള്ളതല്ല, മറിച്ച് സംരക്ഷിക്കാനുള്ളതാണെന്ന് ഓർമ്മിപ്പിച്ച കളക്ടർ സ്നേഹ ശബരീഷിന് അഭിനന്ദനങ്ങൾ!







