മുൻകാലങ്ങളിൽ, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കേവലം വിശപ്പടക്കാനുള്ള ഒരു പ്രവൃത്തി മാത്രമായിരുന്നില്ല, മറിച്ച് അതൊരു വലിയ ഒത്തുചേരലിൻ്റേയും സംസ്കാരത്തിൻ്റേയും ഭാഗമായിരുന്നു. ഭക്ഷണം കഴിക്കാൻ ഒരു പ്രത്യേക സമയവും നീക്കിവയ്ക്കാറുണ്ടായിരുന്നു. പ്രിയപ്പെട്ടവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതും തമാശ പറയുന്നതും മനസിന് സന്തോഷം നൽകുകയും മാനസിക പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്നു.
എന്നാൽ ഇന്ന് സ്ഥിതി മാറി, ഇപ്പോൾ ഫോണുകളും ടെലിവിഷനുകളും ആ ഇടം കൈയടക്കിയിരിക്കുന്നു. ഇരിക്കുമ്പോൾ മാത്രമല്ല, ഭക്ഷണം കഴിക്കുമ്പോഴും ഫോൺ കയ്യിൽ കരുതുന്നത് സാധാരണമായി. കുട്ടികൾ പലപ്പോഴും ഭക്ഷണ സമയത്ത് മൊബൈലിൽ കാർട്ടൂണുകൾ കാണുന്നതും അതേസമയം മുതിർന്നവർ ഭക്ഷണം കഴിക്കുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും ഇന്ന് സർവ്വ സാധാരണമായിരിക്കുന്നു.
ഈ ശീലം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിജയവാഡയിലെ നാഗാർജുന ആശുപത്രിയിലെ കൺസൾട്ടൻ്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. കോടാലി ജഗൻമോഹൻ റാവു പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകുന്ന നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരഭാരം കൂടുന്നു: ഭക്ഷണം കഴിക്കുമ്പോൾ പൂർണ്ണ ശ്രദ്ധ ഭക്ഷണത്തിൽ തന്നെയായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മൾ എന്താണ് കഴിക്കുന്നത്? എത്ര അളവിൽ കഴിക്കുന്നു? തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. മൊബൈൽ ഫോണിലേക്ക് നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിലുള്ള ശ്രദ്ധ കുറയ്ക്കുന്നു.
വയറു നിറഞ്ഞുവെന്ന സൂചന തലച്ചോറിന് കൃത്യമായി തിരിച്ചറിയാൻ കഴിയാതെ വരുന്നു. തൽഫലമായി, ആവശ്യത്തിലധികം ഭക്ഷണം കഴിക്കാൻ സാധ്യതയുണ്ട്. ഫോണിലേക്ക് നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുന്നവരിലേയ്ക്ക്, ശ്രദ്ധ തിരിക്കാതെ ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് കൂടുതൽ കലോറി എത്തുന്നുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. ഈ ശീലം ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം വർദ്ധിക്കാൻ കാരണമാകുന്നു.
പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു: ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കുന്നത് ദഹനത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ചിലർ സ്ക്രീനിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച്, ഭക്ഷണം ചവയ്ക്കാതെ വേഗത്തിൽ കഴിക്കുന്നു. ഇത് ദഹനക്കേട്, വയറ്റിൽ ഗ്യാസ് നിറയുക തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഭക്ഷണത്തിൻ്റെ രുചി, മണം, നിറം, ഘടന എന്നിവ ആസ്വദിക്കാനുള്ള കഴിവും കുറയുന്നു. ഇതിൻ്റെ ഫലമായി, ഭക്ഷണം കഴിച്ചാലും പൂർണ്ണ സംതൃപ്തി ലഭിക്കാതെ വന്നേക്കാം.
കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ പലരും മൊബൈൽ ഫോൺ കാണിച്ചുകൊടുക്കാറുണ്ട്. എന്നാൽ ഇത് തീർത്തും തെറ്റായ രീതിയാണ്. കാർട്ടൂണുകൾ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ, തങ്ങളുടെ വയറു നിറഞ്ഞുവെന്ന കാര്യം കുട്ടികൾ തിരിച്ചറിയുന്നില്ല. അമിതമായി ഭക്ഷണം കഴിക്കുന്നത് കുട്ടികളിൽ അമിതവണ്ണത്തിന് (obesity) കാരണമാകുമെന്ന് ഡോ. കൊഡാലി ജഗൻമോഹൻ റാവു മുന്നറിയിപ്പ് നൽകുന്നു.
ഭക്ഷണത്തിൽ തൊട്ടുനോക്കുന്നതും അതിൻ്റെ നിറം, രുചി, മണം, ഘടന എന്നിവയെക്കുറിച്ച് മനസിലാക്കുന്നതും കുട്ടികളുടെ വളർച്ചയുടെ ഭാഗമാണ്. എന്നാൽ ഭക്ഷണം കഴിക്കുന്ന സമയത്ത് ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമപ്പെട്ടാൽ, ഭക്ഷണത്തോടുള്ള സ്വാഭാവികമായ താൽപ്പര്യം കുറയാൻ സാധ്യതയുണ്ട്. ഇത് കുട്ടികൾ സ്വയം ഭക്ഷണം കഴിക്കാൻ പഠിക്കുന്ന പ്രക്രിയയെ തടസപ്പെടുത്തിയേക്കാം. ഈ ശീലം ക്രമേണ ഫോൺ ഒട്ടും ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു.
2025-ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോർട്ട് പ്രകാരം, സ്മാർട്ട്ഫോണിലേക്ക് നോക്കിക്കൊണ്ട് ലഘുഭക്ഷണം കഴിച്ച മുതിർന്നവരിൽ ശരാശരി 591 കലോറി ഊർജ്ജമാണ് എത്തിയത്. എന്നാൽ, ശ്രദ്ധതിരിക്കാതെ ഭക്ഷണം കഴിച്ചവർ 535 കലോറിയാണ് കഴിച്ചത്. അതായത്, ഫോൺ ഉപയോഗിക്കുമ്പോൾ ഏകദേശം 10 ശതമാനം അധിക കലോറി ശരീരത്തിലെത്തുന്നു. 2026-ൽ പ്രസിദ്ധീകരിച്ച 50 പഠനങ്ങളുടെ അവലോകനത്തിൽ, ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് കണ്ടെത്തി.
ഭക്ഷണം കഴിക്കുമ്പോൾ ടെലിവിഷൻ കാണുന്നതും പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ, അനാരോഗ്യകരമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് നേരിട്ട് പ്രമേഹത്തിന് കാരണമാകുമെന്ന് സ്ഥിരീകരിക്കുന്ന വ്യക്തമായ തെളിവുകളൊന്നും നിലവിൽ ലഭ്യമല്ല.
“ഭക്ഷണം കഴിക്കുമ്പോൾ ഫോൺ മാറ്റി വെക്കുന്നത് ഒരു ചെറിയ കാര്യമായി തോന്നാം, എന്നാൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇതൊരു മികച്ച തുടക്കമാണ്. ദിവസത്തെ വിശേഷങ്ങൾ പങ്കുവെക്കാനും, കുട്ടികളുടെ അനുഭവങ്ങൾ അറിയാനും, കുടുംബാംഗങ്ങളുമായി സംസാരിക്കാനുമുള്ള അവസരമാണ് ഭക്ഷണസമയം. മറിച്ച്, എല്ലാവരും ഫോണിൽ മുഴുകിയിരിക്കുകയാണെങ്കിൽ, ഈ വിലപ്പെട്ട അവസരം നഷ്ടപ്പെടുന്നു” ഡോക്ടർ പറഞ്ഞു.
മാതാപിതാക്കൾ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?
ദിവസത്തിൽ ഒരിക്കലെങ്കിലും, കുടുംബത്തിലെ എല്ലാവരും ഫോണുകൾ മാറ്റി വെച്ച് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണം കഴിക്കുമ്പോൾ ടെലിവിഷനിൽ നിന്നും മൊബൈൽ ഫോണുകളിൽ നിന്നും വിട്ടുനിൽക്കുന്നതാണ് ഉചിതം. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ കാർട്ടൂണുകൾ കാണിക്കുന്നതിന് പകരം, അവരോട് സംസാരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
ഒരേസമയം വലിയ അളവിൽ ഭക്ഷണം വിളമ്പുന്നതിന് പകരം, കുറഞ്ഞ അളവിൽ ഭക്ഷണം നൽകുകയും, കുട്ടികൾക്ക് വേണമെന്നുണ്ടെങ്കിൽ കൂടുതൽ ചോദിക്കാൻ അവസരം നൽകുകയും ചെയ്യുക. അതുപോലെ, ഒരു കുട്ടി ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ അവരെ നിർബന്ധിക്കരുത്; പകരം അൽപനേരം ഇടവേള എടുക്കുക. ഭക്ഷണത്തിൻ്റെ രുചി, മണം, നിറം, ഘടന എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.








