ഡയറ്റ് ചെയ്ത് കുറച്ച ഭാരം വീണ്ടും തിരികെ വരുന്നുണ്ടോ?

0
8

ഓണത്തിന് മുൻപ് ഡയറ്റ് തുടങ്ങി. ചോറ് പകുതിയാക്കി, ചായക്കടി ഒഴിവാക്കി, അഞ്ച് കിലോ കുറഞ്ഞു. പക്ഷേ ക്രിസ്‌മസ് ആയപ്പോഴേക്കും ശരീരഭാരം പഴയപടിയായി. ഈ കഥ നിങ്ങളുടേതുമാണോ? കഷ്‌ടപ്പെട്ട് ഭക്ഷണക്രമീകരണത്തിലൂടെ ശരീരഭാരം കുറയ്ക്കുന്ന പലരും, ഒടുവിൽ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചെത്താറുണ്ട്. ഭക്ഷണത്തിൻ്റെ അളവ് പെട്ടെന്ന് കുറയ്ക്കുമ്പോൾ, തുടക്കത്തിൽ കുറച്ചു കിലോ ഭാരം വേഗത്തിൽ കുറഞ്ഞേക്കാം. പിന്നീട് വിശപ്പ് നിയന്ത്രിക്കാൻ പ്രയാസമാകുകയും വ്യായാമ ശീലങ്ങൾ മുടങ്ങുകയും, പതിവായ ഭക്ഷണരീതികൾ തിരിച്ചുവരികയും ചെയ്യും. ഏതാനും മാസങ്ങൾക്കുള്ളിൽ ശരീരഭാരം പഴയപടിയാകും.

പലതരം ഡയറ്റുകൾ പരീക്ഷിച്ചിട്ടുള്ളവരിൽ ഇത് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. ഓരോ തവണ ഡയറ്റെടുക്കുമ്പോഴും ശരീരഭാരം കുറഞ്ഞേക്കാമെങ്കിലും കുറഞ്ഞ ഭാരം അതേപടി നിലനിർത്തുക എന്നത് പ്രയാസകരമായ ഒരു കാര്യമാണ്. വളരെ കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണക്രമം ദീർഘകാലം പിന്തുടരുമ്പോൾ, ശരീരഭാരം നിലനിർത്താനായി ശരീരം അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുന്നു. ഇത്തരം പ്രതികരണങ്ങളെക്കുറിച്ച് മനസിലാക്കുന്നത്, ആവർത്തിച്ചുള്ള ഡയറ്റിലൂടെ എന്തുകൊണ്ട് ശാശ്വതമായ ഫലം ലഭിക്കുന്നില്ല എന്ന് വ്യക്തമാക്കാൻ സഹായിക്കുന്നു.

ശരീരഭാരം കുറയുമ്പോൾ ശരീരം നൽകുന്ന പ്രതികരണം

ഒരാൾ ശരീരഭാരം കുറയ്ക്കുമ്പോൾ, ശരീരത്തിന് മുൻപത്തേക്കാൾ കുറഞ്ഞ കലോറി മാത്രമേ ആവശ്യമായി വരികയുള്ളൂ. ഉദാഹരണത്തിന്, 90 കിലോഗ്രാം ഭാരമുള്ള ഒരാൾ വിശ്രമവേളയിലും ചലനങ്ങളിലും ഉപയോഗിക്കുന്നതിനേക്കാൾ കുറഞ്ഞ ഊർജം (Energy) മാത്രമേ, അതേ വ്യക്തിയുടെ ഭാരം 75 കിലോഗ്രാം ആയി കുറയുമ്പോൾ ആവശ്യമായി വരുന്നുള്ളൂ. ശരീരഭാരം കുറയുന്നതിനനുസരിച്ച് ഊർജത്തിൻ്റെ ആവശ്യകതയും കുറയുന്നു. ഇതിനു പുറമെ മറ്റ് മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.

“ശരീരഭാരം കുറയ്ക്കുമ്പോൾ, ഭാരത്തിലെ മാറ്റത്തെ അടിസ്ഥാനമാക്കി പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ഊർജ ചെലവ് ശരീരം കുറച്ചേക്കാം. അഡാപ്റ്റീവ് തെർമോജെനിസിസ് (adaptive thermogenesis) എന്നറിയപ്പെടുന്ന ഈ പ്രതികരണമാണ്, കുറഞ്ഞ ശരീരഭാരം നിലനിർത്തുന്നത് ആളുകൾക്ക് ബുദ്ധിമുട്ടായി തോന്നുന്നതിനുള്ള കാരണങ്ങളിൽ ഒന്ന്” ന്യൂഡൽഹി പട്‌പർഗഞ്ചിലെ മാക്‌ല് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ റോബോട്ടിക് ആൻഡ് ലാപ്രോസ്കോപ്പിക് സർജറി വിഭാഗം പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ആശിഷ് ഗൗതം പറയുന്നു. വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളിലും മാറ്റങ്ങൾ സംഭവിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വയറിലെ കൊഴുപ്പ് പ്രമേഹവുമായും മറ്റ് ഉപാപചയ സംബന്ധമായ അവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാൽ, അരക്കെട്ടിന്റെ അളവ് നിരീക്ഷിക്കുന്നത് നല്ലതാണ് 

‘ശരീരത്തിലെ കൊഴുപ്പ് കുറയുമ്പോൾ ലെപ്റ്റിൻ (leptin) എന്ന ഹോർമോണിൻ്റെ അളവ് കുറയുകയും അതേസമയം വിശപ്പിനെ ഉത്തേജിപ്പിക്കുന്ന ഗ്രെലിൻ (ghrelin) എന്ന ഹോർമോണിൻ്റെ അളവ് കൂടുകയും ചെയ്തേക്കാം. ഡയറ്റിൻ്റെ ആദ്യ ഘട്ടത്തിൽ കുറഞ്ഞ അളവിൽ ഭക്ഷണം കഴിച്ച് ശീലിച്ച ഒരാൾക്ക്, പിന്നീട് കൂടുതൽ തവണ വിശപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഭക്ഷണത്തോടുള്ള ആസക്തി വർധിക്കുകയും കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് നിയന്ത്രിക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിയും വന്നേക്കാം.

പേശികൾ ക്ഷയിക്കുന്നത് മറ്റൊരു പ്രധാന ആശങ്കയാണ്. വളരെ കുറഞ്ഞ കലോറിയും പ്രോട്ടീനും അടങ്ങിയ ഭക്ഷണക്രമം പിന്തുടരുമ്പോൾ, കൊഴുപ്പിനൊപ്പം ശരീരത്തിലെ പേശികൾക്ക് ബലക്ഷയം സംഭവിച്ചേക്കാം. പേശികൾ ക്ഷയിക്കുമ്പോൾ ശരീരത്തിൻ്റെ ഊർജ ഉപഭോഗം (energy expenditure) കൂടുതൽ കുറയാൻ കാരണമാകും. അതുകൊണ്ടാണ് ശരീരഭാരം കുറയ്ക്കുമ്പോൾ, അമിതമായ കൊഴുപ്പ് നീക്കം ചെയ്യുന്നതിനൊപ്പം പേശികളെ സംരക്ഷിക്കുന്നതിനും മുൻഗണന നൽകേണ്ടത്’ അദ്ദേഹം പറയുന്നു.

കുറഞ്ഞ ഭാരം പലപ്പോഴും തിരികെ വരുന്നത് എന്തുകൊണ്ട്?

കുറച്ച് ആഴ്‌ചകളോ മാസങ്ങളോ കർശനമായ ഭക്ഷണക്രമം (ഡയറ്റ്) പിന്തുടരുകയും ആഗ്രഹിച്ച ഭാരത്തിൽ എത്തിയ ഉടൻ അത് നിർത്തുകയും ചെയ്യുന്ന ഒരു പതിവ് പലരിലും കാണാറുണ്ട്. ക്രമേണ പഴയ ഭക്ഷണശീലങ്ങളിലേക്ക് തന്നെ അവർ മടങ്ങുന്നു. എന്നാൽ, തുടക്കത്തിലുണ്ടായിരുന്ന ഭാരവുമായി താരതമ്യം ചെയ്യുമ്പോൾ, ഇപ്പോൾ ശരീരത്തിന് ആവശ്യമായ ഊർജത്തിൻ്റെ അളവ് കുറവായിരിക്കും.

അതിനാൽ, മുൻപ് കഴിച്ചിരുന്ന അതേ അളവിൽ ഭക്ഷണം കഴിച്ചാൽ പോലും ശരീരഭാരം വീണ്ടും കൂടാൻ തുടങ്ങാം. ഇന്ത്യൻ ഭക്ഷണശീലങ്ങളും കുടുംബജീവിതത്തിലെ പതിവുകളും ഈ മാറ്റത്തെ കൂടുതൽ സങ്കീർണമാക്കുന്നുവെന്ന് റോബോട്ടിക്, ലാപ്രോസ്കോപ്പിക് സർജൻ ചൂണ്ടിക്കാട്ടുന്നു. ഡയറ്റ് എടുക്കുമ്പോൾ ചോറ്, റൊട്ടി, അല്ലെങ്കിൽ പുറത്തുനിന്നുള്ള ഭക്ഷണം എന്നിവ ഒഴിവാക്കിയ ഒരാൾക്ക്, അത്തരം നിയന്ത്രണങ്ങൾ ദീർഘകാലത്തേക്ക് തുടരുന്നത് പ്രയാസകരമായിരിക്കാം.

പ്രഭാതഭക്ഷണം ഒഴിവാക്കുക, പകൽ സമയത്ത് വളരെ കുറച്ച് മാത്രം ഭക്ഷണം കഴിക്കുക, തുടർന്ന് രാത്രിയിൽ വയറുനിറയെ ഭക്ഷണം കഴിക്കുക തുടങ്ങിയ ശീലങ്ങൾ വിശപ്പിനെ നിയന്ത്രിക്കുന്നത് കൂടുതൽ ദുഷ്‌കരമാക്കിയേക്കാം. ഭാര നിയന്ത്രണത്തിൻ്റെ കാര്യത്തിൽ ഉറക്കത്തിനും മാനസിക സമ്മർദ്ദത്തിനും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

“ഉറക്കക്കുറവോ മോശമായ ഉറക്കമോ വിശപ്പിനെയും ഭക്ഷണം തിരഞ്ഞെടുക്കുന്നതിനേയും ബാധിച്ചേക്കാം. ജോലിസ്ഥലത്തെ ദീർഘനേരത്തെ ജോലി, മാനസിക സമ്മർദ്ദം, ക്രമരഹിതമായ ഭക്ഷണ സമയം എന്നിവ വ്യായാമ മുറകളും വീട്ടിലുണ്ടാക്കിയ ഭക്ഷണവും മുടങ്ങാതെ പിന്തുടരുന്നതിന് തടസമായേക്കാം. ചിലരിൽ ഹൈപ്പോതൈറോയിഡിസം, പി.സി.ഒ.എസ് (PCOS), ചില പ്രത്യേക മരുന്നുകൾ എന്നിവയും ശരീരഭാരം കൂടാൻ കാരണമായേക്കാം. നിരന്തരമായി പരിശ്രമിച്ചിട്ടും ശരീരഭാരം വീണ്ടും കൂടുകയാണെങ്കിൽ, ഈ ഘടകങ്ങളെക്കുറിച്ച് വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്” എന്ന് ഡോ. ആശിഷ് ഗൗതം പറയുന്നു.

​ശരീരഭാരം വീണ്ടും കൂടുന്നത് തടയാനുള്ള നുറുങ്ങുകൾ

  • ഭാരം കുറയ്ക്കുന്ന സമയത്ത് പിന്തുടരുന്ന ഭക്ഷണക്രമം, ലക്ഷ്യത്തിലെത്തിയ ശേഷവും ഒരാൾക്ക് തുടരാൻ കഴിയുന്ന രീതിയിലുള്ളതായിരിക്കണം. പരിചിതമായ ഭക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഭക്ഷണക്രമം, പ്രത്യേക ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതോ അല്ലെങ്കിൽ ചില ഭക്ഷണങ്ങളെ പൂർണമായും ഒഴിവാക്കുന്നതോ ആയ രീതികളെ അപേക്ഷിച്ച് പിന്തുടരാൻ എളുപ്പമാണ്.
  • പരിപ്പ് വർഗങ്ങൾ, പച്ചക്കറികൾ, തൈര്, മുട്ട, മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയെല്ലാം സമീകൃതാഹാരത്തിൻ്റെ ഭാഗമാക്കാം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകണം. കാരണം ഇത് പേശികളെ സംരക്ഷിക്കാനും വയർ നിറഞ്ഞതായി തോന്നാനും സഹായിക്കുന്നു.
  • ഭാരം കുറഞ്ഞതിന് ശേഷവും വ്യായാമം തുടരേണ്ടതുണ്ട്. നടത്തം ഒരു മികച്ച എയറോബിക് വ്യായാമമാണ്, ഇത് ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
  • നിങ്ങളുടെ ശാരീരിക അവസ്ഥയ്ക്കും ശാരീരികക്ഷമതയ്ക്കും അനുസൃതമായി, ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ‘സ്ട്രെങ്ത് ട്രെയിനിങ്’ (പേശികൾക്ക് ബലം നൽകുന്ന വ്യായാമങ്ങൾ) ചെയ്യുന്നത് പേശികളെ ഉറപ്പുള്ളതാക്കാൻ സഹായിക്കും. കലോറി നിയന്ത്രിക്കുമ്പോൾ കൊഴുപ്പിനൊപ്പം പേശികൾക്ക് ബലക്ഷയം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, ഈ വ്യായാമങ്ങൾ വളരെ പ്രധാനമാണ്.
  • ലക്ഷ്യത്തിലെത്തിയ ശേഷവും ശരീരഭാരം കൃത്യമായി നിരീക്ഷിക്കണം. ഓരോ ആഴ്‌ചയും ഒരേ സമയത്ത് ഭാരം പരിശോധിക്കണം, ഭാരം ക്രമേണ കൂടുന്നുണ്ടോ എന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും.
  • അരക്കെട്ടിൻ്റെ അളവ് പരിശോധിക്കുന്നതും ഗുണകരമാണ്. കാരണം വയറ്റിലെ കൊഴുപ്പ്, പ്രമേഹം, മറ്റ് മെറ്റബോളിക് രോഗങ്ങൾ എന്നിവ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാരം ഗണ്യമായി വർധിക്കുന്നതിന് മുൻപ് തന്നെ, ശരീരഭാരത്തിൽ ചെറിയ തോതിലുള്ള വർധനവ് ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷണശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ, ഉറക്കം, മരുന്നുകൾ എന്നിവ പുനഃപരിശോധിക്കണം.
  • ചില ദിവസങ്ങളിൽ അമിതമായി ഭക്ഷണം കഴിച്ചുപോയാൽ, അതിന് പകരമായി ഉപവസിക്കുകയോ കഠിനമായ വ്യായാമങ്ങൾ ചെയ്‌ത് ശരീരത്തെ ദ്രോഹിക്കുകയോ ചെയ്യുന്നതിൽ വലിയ അർഥമില്ല. സാധാരണ ഭക്ഷണക്രമത്തിൽ നിന്ന് മാറി ഭക്ഷണം കഴിക്കേണ്ടി വരികയോ, യാത്രകൾ ചെയ്യുകയോ, കുടുംബ ആഘോഷങ്ങളിൽ പങ്കെടുക്കുകയോ ഒക്കെ സ്വാഭാവികമാണ്. അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പരിഹാരം കാണാൻ ശ്രമിക്കുന്നതിനേക്കാൾ, പതിവ് ഭക്ഷണക്രമത്തിലേക്കും ശാരീരിക പ്രവർത്തനങ്ങളിലേക്കും തിരികെ വരുന്നതാണ് കൂടുതൽ പ്രായോഗികമായ മാർഗം.

ഡയറ്റ് മതിയാകാത്തപ്പോൾ

‘ആവർത്തിച്ചുള്ള ഭാരം കൂടൽ’ ചികിത്സാ രീതി പുനഃപരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു. പൊണ്ണത്തടിയുള്ള രോഗികൾക്ക് ഒരു ഡോക്ടറുടെയും ഡയറ്റീഷ്യൻ്റെയും ഫിറ്റ്നസ് വിദഗ്‌ധൻ്റേയും പിന്തുണ ആവശ്യമായി വന്നേക്കാം. അവരുടെ ബിഎംഐ, ഉപാപചയ പ്രവർത്തനം, മുൻകാല രോഗവിവരങ്ങൾ എന്നിവയെ ആശ്രയിച്ച്, ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നുകളും പരിഗണിക്കാവുന്നതാണ്.

​

“യോഗ്യരായ രോഗികൾക്ക്, പ്രത്യേകിച്ച് പൊണ്ണത്തടിയോ അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവർക്ക്, മെറ്റബോളിക് അല്ലെങ്കിൽ ബാരിയാട്രിക് ശസ്ത്രക്രിയ സ്വീകരിക്കാവുന്നതാണ്. ടൈപ്പ് 2 പ്രമേഹം, ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ (ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടുന്ന അവസ്ഥ), ഓസ്റ്റിയോ ആർത്രൈറ്റിസ് (സന്ധിവാതം), അല്ലെങ്കിൽ ഫാറ്റി ലിവർ തുടങ്ങിയ രോഗങ്ങൾ ബാധിച്ച 29-ഓ അതിൽ കൂടുതലോ ബി.എം.ഐ (BMI) ഉള്ള ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ വിഭാഗങ്ങളിൽപ്പെട്ട ആളുകൾക്ക് ശസ്ത്രക്രിയ പരിഗണിക്കാവുന്നതാണ്.

ഇത്തരം രോഗങ്ങൾ ഇല്ലെങ്കിൽപ്പോലും 35-ഓ അതിൽ കൂടുതലോ ബി.എം.ഐ ഉള്ള രോഗികളെയും ശസ്ത്രക്രിയയ്ക്കായി പരിഗണിക്കാം. കൃത്യമായി തിരഞ്ഞെടുക്കപ്പെടുന്ന രോഗികളിൽ സ്ലീവ് ഗ്യാസ്ട്രെക്‌ടമി ഗ്യാസ്ട്രിക് ബൈപാസ് എന്നീ ശസ്ത്രക്രിയകളിലൂടെ ശരീരഭാരം ഗണ്യമായി കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും” ഡോ. ആശിഷ് ഗൗതം പറഞ്ഞു.

രണ്ടിനും പതിവായി തുടർപരിശോധന, പോഷകാഹാര നിരീക്ഷണം, ഭക്ഷണശീലങ്ങളിൽ ദീർഘകാല മാറ്റങ്ങൾ എന്നിവ നടത്തേണ്ടത് ആവശ്യമാണ്. ആവർത്തിച്ചുള്ള ഡയറ്റിൻ്റെയും ശരീരഭാരം വീണ്ടെടുക്കലിൻ്റെയും ചരിത്രം ഗൗരവമായി കാണണം. കയറ്റിറക്കങ്ങൾ നിറഞ്ഞ ഈ അവസ്ഥ ഏറെ നിരാശാജനകമാണ്. കൂടാതെ ഇത് പ്രമേഹം, രക്താതിമർദ്ദം, ഫാറ്റി ലിവർ എന്നിവയ്ക്കുള്ള ചികിത്സ വൈകുന്നതിനും കാരണമാകുന്നു.

പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കുന്നതിനുപകരം പൊണ്ണത്തടിയെ ഒരു വിട്ടുമാറാത്ത അവസ്ഥയായി കണ്ട് ചികിത്സിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. കാരണം, രോഗിയുടെ ശരീരഘടന, മുൻകാല രോഗചരിത്രം, ഭക്ഷണക്രമം, മുൻകാല ചികിത്സ ആശ്രയിച്ചാണ് ഇത് നിലനിൽക്കുന്നത്. ദൈനംദിന ജീവിതത്തിന് അനുയോജ്യമായ രീതിയിൽ പദ്ധതി തയ്യാറാക്കുകയും, അതിന് കൃത്യമായ വൈദ്യസഹായം ലഭിക്കുകയും ചെയ്യുമ്പോൾ കുറച്ച ശരീരഭാരം നിലനിർത്തുന്നത് കൂടുതൽ എളുപ്പമായിത്തീരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here