അമിതവണ്ണത്തോട് (Obesity) സ്ത്രീകളുടെയും പുരുഷന്മാരുടെയും രോഗപ്രതിരോധ സംവിധാനങ്ങൾ വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നതെന്ന് പുതിയ പഠനം. ശരീരത്തിലെ കൊഴുപ്പിൽ കാണപ്പെടുന്ന ചില പ്രത്യേക രോഗപ്രതിരോധ കോശങ്ങൾ വീക്കത്തെയും (Inflammation) ഉപാപചയ പ്രശ്നങ്ങളെയും തടയാൻ സഹായിക്കുമ്പോൾ, മറ്റു ചിലത് ഇവയുടെ ദോഷഫലങ്ങൾ വർധിപ്പിക്കുകയാണെന്ന് കാലിഫോർണിയ റിവർസൈഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി.
അലർജിയും ആസ്ത്മയുമായി ബന്ധപ്പെട്ട് സാധാരണയായി അറിയപ്പെടുന്ന ‘ഇയോസിനോഫിൽ’ (Eosinophils) എന്ന രോഗപ്രതിരോധ കോശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. എലികളിൽ നടത്തിയ പരീക്ഷണത്തിൽ, ജീവശാസ്ത്രപരമായ ലിംഗവ്യത്യാസമനുസരിച്ച് (Biological sex) ഈ കോശങ്ങൾ വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. അമിതവണ്ണം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കാത്തതിൻ്റെ കാരണം വിശദീകരിക്കാൻ ഈ കണ്ടെത്തൽ സഹായിച്ചേക്കും.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡിലെ ബയോമെഡിക്കൽ ശാസ്ത്രജ്ഞരായ മീര നായർ, ആദം ഗോഡ്സിക് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പഠനം ‘പിഎൻഎഎസ് നെക്സസ്’ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ഇയോസിനോഫില്ലുകൾ എല്ലാം ഒരേ സ്വഭാവമുള്ള കോശങ്ങളാണെന്ന ദീർഘകാലത്തെ ധാരണയെ തിരുത്തുന്നതാണ് പുതിയ കണ്ടെത്തലുകൾ.
ശരീരത്തിലെ കൊഴുപ്പിൽ കാണപ്പെടുന്ന രോഗപ്രതിരോധ കോശങ്ങൾ
അമിതവണ്ണത്തിൽ ഇയോസിനോഫില്ലുകളുടെ പങ്ക് പരിശോധിക്കുന്നതിനായി ഹൈ-റെസല്യൂഷൻ സിംഗിൾ-സെൽ സീക്വൻസിംഗ് എന്ന സാങ്കേതികവിദ്യയാണ് ഗവേഷകർ ഉപയോഗിച്ചത്. ഓരോ കോശത്തിലെയും ജീനുകളുടെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കാൻ ഇതിലൂടെ സാധിച്ചു. ശരീരത്തിലെ കൊഴുപ്പ് കലകളിൽ (Adipose tissue) ആറ് വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഇയോസിനോഫില്ലുകളെ ഗവേഷകർ തിരിച്ചറിഞ്ഞു. ഇവയോരോന്നിനും വ്യത്യസ്തമായ ജീൻ പ്രവർത്തനങ്ങളും ജൈവിക ധർമങ്ങളുമാണുള്ളത്.
“
പുരുഷ, സ്ത്രീ കൊഴുപ്പ് കലകൾ വ്യത്യസ്മായി പ്രതികരിക്കുന്നതിൻ്റെ കാരണം
പെൺ എലികളിലും ആൺ എലികളിലും കാണപ്പെടുന്ന രോഗപ്രതിരോധ കോശങ്ങളിലെ പ്രകടമായ വ്യത്യാസമാണ് പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ. പെൺ എലികളിൽ ധാരാളും ഇയോസിനോഫിലുകളുണ്ട്, അവ കൊഴുപ്പ് കലകളിൽ കാണപ്പെടുന്ന മറ്റൊരു രോഗപ്രതിരോധ കോശങ്ങളായ മാക്രോഫേജുകളുമായി കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്തുന്നതായി പരീക്ഷണത്തിലൂടെ കണ്ടെത്തി കാണപ്പെട്ടു.
പെൺ എലികളിൽ കാണപ്പെടുന്ന പ്രത്യേകതരം ഇയോസിനോഫില്ലുകൾ കൊഴുപ്പ് കലകളിലെ മറ്റൊരു രോഗപ്രതിരോധ കോശമായ ‘മാക്രോഫേജുകളുമായി’ (Macrophages) കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇവ തമ്മിലുള്ള ഈ സഹകരണം കൊഴുപ്പ് കലകളിൽ ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും മെച്ചപ്പെട്ട ഉപാപചയ പ്രവർത്തനങ്ങളെ സഹായിക്കാനും ഇടയാക്കുന്നു.
എന്നാൽ ആൺ എലികളിൽ ഇതിൽ നിന്ന് വ്യത്യസ്തമായ രീതിയാണ് കണ്ടത്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം നൽകിയപ്പോൾ, ആൺ എലികളിൽ വീക്കത്തിന് (Inflammation) കാരണമാകുന്ന തരത്തിലുള്ള ഇയോസിനോഫില്ലുകളാണ് കൂടുതലായി വികസിച്ചത്. ഇവയുടെ കൊഴുപ്പ് കലകളിലുള്ള കോശങ്ങൾക്ക് രോഗപ്രതിരോധ ശേഷി കുറവാണെന്നും കണ്ടെത്തി. എത്ര ഇയോസിനോഫില്ലുകൾ ഉണ്ട് എന്നതിലുപരി, അവ ഏത് വിഭാഗത്തിൽപ്പെട്ടതാണ് എന്നതും സമീപത്തുള്ള മറ്റ് കോശങ്ങളുമായി അവ എങ്ങനെ ഇടപഴകുന്നു എന്നതുമാണ് പ്രധാനമെന്ന് യുസിആർ സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ മീര നായർ വ്യക്തമാക്കി.
വീക്കത്തെ തടയാൻ സഹായിക്കുന്ന പ്രോട്ടീൻ
ഇയോസിനോഫില്ലുകളും മാക്രോഫേജുകളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിർത്തുന്നതിൽ ‘റിലം ആൽഫ’ (RELM alpha) എന്ന പ്രോട്ടീൻ പ്രധാന പങ്കുവഹിക്കുന്നതായും ഗവേഷകർ കണ്ടെത്തി. മാക്രോഫേജുകൾ ഉൽപ്പാദിപ്പിക്കുന്ന ഈ പ്രോട്ടീൻ പെൺ എലികളിലെ ഇരു കോശങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാൻ സഹായിക്കുന്നു.
ഈ കണ്ടെത്തൽ അമിതവണ്ണത്തിനുള്ള മികച്ച ചികിത്സാമാർഗങ്ങളിലേക്ക് നയിക്കുമോ?
അമിതവണ്ണത്തിൻ്റെ ജൈവശാസ്ത്രത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ ഈ ഫലങ്ങൾ നൽകുന്നുണ്ടെങ്കിലും, എലികളിലാണ് പരീക്ഷണങ്ങൾ നടത്തിയത്. അമിതവണ്ണമുള്ള ആളുകളുടെ കൊഴുപ്പ് കലകളിൽ ‘ഇയോസിനോഫില്ലുകൾ’ എന്ന കോശങ്ങളെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മനുഷ്യശരീരത്തിൽ ഈ കോശങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞർക്ക് ഇതുവരെ പൂർണമായി മനസിലായിട്ടില്ല.
ഈ കണ്ടെത്തൽ ഉപയോഗിച്ച് ചികിത്സാമാർഗങ്ങൾ വികസിപ്പിക്കുന്നതിന് മുൻപ് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് മീരാ നായർ മുന്നറിയിപ്പ് നൽകുന്നു. രോഗപ്രതിരോധ വ്യവസ്ഥയെ ലക്ഷ്യമിട്ടുള്ള ചികിത്സകൾ പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ത രീതിയിലാണോ പ്രവർത്തിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.
“പ്രത്യേകിച്ചും രോഗപ്രതിരോധ വ്യവസ്ഥയെ ലക്ഷ്യമിടുമ്പോൾ, ഒരു മരുന്ന് പുരുഷന്മാരിലും സ്ത്രീകളിലും ഒരേ പാതകളെ ഉത്തേജിപ്പിക്കണമെന്നോ ഒരേ ഫലങ്ങൾ ഉണ്ടാക്കണമെന്നോ ഇല്ല” എന്ന് ഗോഡ്സിക് ലബോറട്ടറിയിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷകയും ഈ പഠനത്തിൻ്റെ പ്രധാന സഹ- രചയിതാവുമായ സിൻറു ക്യു (Xinru Qiu) പറഞ്ഞു. “ഓരോ രോഗിക്കും അനുയോജ്യമായ രീതിയിൽ ചികിത്സാമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനായി, ലിംഗഭേദത്തിനനുസരിച്ചുള്ള ജൈവശാസ്ത്രത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതുണ്ട്” അവർ കൂട്ടിച്ചേർത്തു.
ഈ വ്യത്യാസങ്ങൾ മനസിലാക്കുന്നത് പൊണ്ണത്തടിക്കും അതുമായി ബന്ധപ്പെട്ട ഉപാപചയ സങ്കീർണതകൾക്കും കൂടുതൽ വ്യക്തിഗത ചികിത്സകൾ രൂപകൽപ്പന ചെയ്യാൻ സഹായിക്കും. ലാബിൽ മനുഷ്യ കൊഴുപ്പ് കലകൾ പുനർനിർമിക്കാൻ ശാസ്ത്രജ്ഞർ പദ്ധതിയിടുന്നു. എലികളുടെ ഇസിനോഫില്ലുകളിൽ കാണപ്പെടുന്ന സംരക്ഷണ സ്വഭാവം മനുഷ്യ ലബോറട്ടറി മോഡലുകളിലും പഠിക്കാൻ കഴിയുമോ എന്ന് ഗവേഷണ സംഘം ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.





