കർമയോഗിയായ റാമോജി റാവുവിന് സ്മരണാഞ്ജലി;

0
8

അമരാവതി: ഒരു വ്യക്തിയുടെ ജീവിതത്തിൻ്റെ മൂല്യം അളക്കേണ്ടത് അയാൾ ജീവിച്ച വർഷങ്ങളുടെ എണ്ണം കൊണ്ടല്ല, മറിച്ച് മറ്റുള്ളവരുടെ ജീവിതത്തിൽ എത്രത്തോളം മാറ്റമുണ്ടാക്കിയെന്നും ലോകത്തിന് എത്രത്തോളം വെളിച്ചം പകർന്നു നൽകിയെന്നും നോക്കിയാണ്. വാൾട്ടർ സിസുലുവിൻ്റെ 90-ാം ജന്മദിനത്തിൽ നെൽസൺ മണ്ടേല നടത്തിയ ഈ അർഥവത്തായ വാക്കുകൾ, കർമയോഗിയായ റാമോജി റാവുവിൻ്റെ 90-ാം ജന്മവാർഷികം ആചരിക്കുന്ന ഈ വേളയിൽ ഏറെ പ്രസക്തമാണ്.

മണ്ടേല ഉയർത്തിപ്പിടിച്ച അതേ മാനദണ്ഡങ്ങളിലൂടെ റാമോജി റാവുവിൻ്റെ ജീവിതത്തെയും വിലയിരുത്തുന്നതാണ് ഉചിതം. പൊതുനന്മയ്ക്കും തെലുങ്ക് ജനതയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി സമർപ്പിച്ച അദ്ദേഹത്തിൻ്റെ ജീവിതത്തിന് അളക്കാനാവാത്ത മഹത്വമാണുള്ളത്. വ്യക്തിപരമായ വിജയത്തിൻ്റെ കഥ മാത്രമായിരുന്നില്ല ആ ജീവിതയാത്ര. വരുംതലമുറകൾക്ക് എക്കാലവും പ്രചോദനമാകുന്ന രീതിയിൽ സ്വന്തം വ്യക്തിത്വത്തെ വാർത്തെടുത്ത ഒരു മനുഷ്യൻ്റെ ഇതിഹാസ തുല്യമായ പ്രയാണമായിരുന്നു അത്.

അക്ഷരങ്ങളെ ആയുധമാക്കിയ കർമയോഗി
ഒരു ഉൾനാടൻ ഗ്രാമത്തിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ഒരാൾക്ക് ആത്മവിശ്വാസത്തിലൂടെയും അച്ചടക്കത്തിലൂടെയും അസാധാരണമായ നേട്ടങ്ങൾ കൈവരിക്കാനും അനേകം പേർക്ക് താങ്ങും തണലുമാകാനും കഴിയുമെന്ന് തെളിയിച്ച കർമയോഗിയായിരുന്നു അദ്ദേഹം. നിശ്ചയദാർഢ്യത്തെ പരീക്ഷിക്കുന്ന വെല്ലുവിളികളെ അതിജീവിച്ച് അസാധാരണ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ ദീർഘദർശിയായിരുന്നു റാമോജി റാവു. താൻ മുറുകെപ്പിടിച്ച മൂല്യങ്ങൾക്കായി സർവവും സമർപ്പിച്ച ധീരനും, അക്ഷരങ്ങളെ സാധാരണക്കാരൻ്റെ കൈയിലെ ആയുധമാക്കി മാറ്റിയ മഹാനുമെന്ന നിലയിൽ തെലുങ്ക് ജനതയുടെ ഹൃദയത്തിൽ അദ്ദേഹം എന്നും ജീവിക്കും.

മാധ്യമപ്രവർത്തനത്തിൻ്റെ പ്രഥമ ലക്ഷ്യം പൊതുജന സേവനമാണെന്ന് അടിവരയിട്ട മഹാത്മാഗാന്ധി, ജനങ്ങളുടെ വികാരങ്ങൾ ഉൾക്കൊണ്ട് അവയ്ക്ക് അക്ഷരരൂപം നൽകുന്ന ദൗത്യമായാണ് ഈ മേഖലയെ നിർവചിച്ചത്. എത്ര വലിയ സമ്മർദങ്ങൾ നേരിട്ടാലും സത്യം തുറന്നെഴുതുക എന്നതാണ് മാധ്യമങ്ങളുടെ ധർമമെന്ന് ഗാന്ധിജി ഓർമിപ്പിച്ചു. സാധാരണക്കാരുടെ കൈയിലെ ശക്തമായ ആയുധമായി, അതായത് ഒരു പാശുപതാസ്ത്രമായി മാറുമ്പോൾ മാത്രമേ മാധ്യമപ്രവർത്തനം അതിൻ്റെ യഥാർഥ ലക്ഷ്യം കൈവരിക്കുകയുള്ളൂ എന്ന് റാമോജി റാവു ഉറച്ചു വിശ്വസിച്ചു. ഈനാട് പത്രത്തിലൂടെ തെലുങ്ക് സമൂഹത്തിന് അത്തരമൊരു കരുത്താണ് അദ്ദേഹം പകർന്നുനൽകിയത്. ജനങ്ങളുടെ ആവശ്യങ്ങൾക്കായി കരുത്തരോടും ആധിപത്യ ശക്തികളോടും പോരാടേണ്ടി വന്നപ്പോഴൊന്നും അദ്ദേഹം ഒരടി പോലും പിന്നോട്ട് വച്ചില്ല.

മാധ്യമസ്വാതന്ത്ര്യവും അചഞ്ചലമായ നിലപാടുകളും
തോന്നുന്നതെന്തും എഴുതാനുള്ള അവകാശമല്ല മാധ്യമസ്വാതന്ത്ര്യമെന്നും, മറിച്ച് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട അനിവാര്യമായ വിവരങ്ങൾ നിർഭയമായി അവരിലേക്ക് എത്തിക്കാനുള്ള അവകാശമാണെന്നും റാമോജി റാവു വിശ്വസിച്ചു. ഈ അവകാശം സംരക്ഷിക്കുന്നതിനായി ഈനാടിലൂടെ അക്ഷരങ്ങളുടെ ഒരു സൈന്യത്തെ തന്നെ അദ്ദേഹം വിന്യസിച്ചു. എത്ര വലിയ അധികാര കേന്ദ്രങ്ങളെ നേരിടേണ്ടി വന്നപ്പോഴും ആ നിലപാടിൽ അദ്ദേഹം പതറിയില്ല.

തനിക്കെതിരെ ഉണ്ടായ വ്യക്തിപരമായ ആക്രമണങ്ങളിൽ പോലും മുഖത്തെ പുഞ്ചിരി മായാതെ അദ്ദേഹം കരുത്തോടെ നിലകൊണ്ടു. ഭരണകൂടം വഴിതെറ്റി സഞ്ചരിച്ചപ്പോഴെല്ലാം, താൻ മുൻപ് പിന്തുണച്ചിരുന്ന രാഷ്ട്രീയ നേതൃത്വത്തെ പോലും കാലഘട്ടത്തിൻ്റെയും ചരിത്രപരമായ അനിവാര്യതയുടെയും പേരിൽ ചോദ്യം ചെയ്യാൻ അദ്ദേഹം മടിച്ചില്ല. ആത്മാഭിമാനം, വിശ്വാസ്യത, തെളിഞ്ഞ മനഃസാക്ഷി എന്നിവയേക്കാൾ വലിയ സമ്പത്ത് മറ്റൊന്നുമില്ലെന്ന അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ് ഈനാടിൻ്റെ പ്രവർത്തനങ്ങൾക്ക് എക്കാലവും വഴികാട്ടിയായത്.

ബഹുമുഖ പ്രതിഭയായിരുന്ന റാമോജി റാവു മാധ്യമരംഗം, സാമ്പത്തിക സേവനങ്ങൾ, വിനോദം, കൃഷി, ഭക്ഷ്യ വ്യവസായം, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി സ്വന്തം പ്രയത്നത്തിലൂടെ വലിയ സംരംഭങ്ങൾ കെട്ടിപ്പടുത്തു. വിശ്രമമില്ലാത്ത കഠിനാധ്വാനത്തിലൂടെയും വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയിലൂടെയും ഗുണനിലവാരത്തിലുള്ള ശ്രദ്ധയിലൂടെയും ഈ സംരംഭങ്ങളെയെല്ലാം പൊതുജനങ്ങളെ സേവിക്കുന്ന മഹത്തായ സ്ഥാപനങ്ങളാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. തൻ്റെ കാലശേഷവും തലമുറകളോളം നിലനിൽക്കുന്ന രീതിയിൽ സ്ഥാപനങ്ങൾക്ക് ജീവൻ നൽകിയ അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണം പുതുതലമുറയിലെ സംരംഭകർ മാതൃകയാക്കേണ്ട ഒന്നാണ്.

മൂല്യങ്ങളുടെ പാതയും റാമോജി എക്സലൻസ് പുരസ്കാരവും
ശ്രേഷ്ഠരായ വ്യക്തികൾ കാണിച്ചുതരുന്ന മാതൃകകളെയാണ് സമൂഹം പിന്തുടരുന്നതെന്ന് ഭഗവദ്ഗീത വ്യക്തമാക്കുന്നുണ്ട്. ഈനാടിൻ്റെയും മറ്റ് സ്ഥാപനങ്ങളുടെയും നടത്തിപ്പിൽ പിതാവ് ഉയർത്തിപ്പിടിച്ച മൂല്യങ്ങളാണ് തങ്ങളുടെ വഴികാട്ടിയെന്ന് റാമോജി ഗ്രൂപ്പ് അനുസ്മരിക്കുന്നു. മാറുന്ന കാലത്തിനനുസരിച്ച് ആ മൂല്യങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സ്ഥാപനത്തിൻ്റെ ഉറച്ച തീരുമാനം.

യാതൊരു സമ്മർദങ്ങൾക്കും വഴങ്ങാതെയും പൊതുതാത്പര്യ സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും ഈനാടിനെ ഇനിയും മുന്നോട്ട് നയിക്കും. അതേ അച്ചടക്കത്തോടും സേവന മനോഭാവത്തോടും കൂടി റാമോജി ഗ്രൂപ്പിൻ്റെ എല്ലാ സംരംഭങ്ങളെയും മുന്നോട്ട് കൊണ്ടുപോകുമെന്നും അധികൃതർ വ്യക്തമാക്കി. സമൂഹത്തിന് മികച്ച സേവനം നൽകിയ അസാധാരണ പ്രതിഭകളെ ആദരിക്കുന്നതിനും അദ്ദേഹത്തിൻ്റെ പ്രചോദനാത്മകമായ പൈതൃകം വരുംതലമുറയ്ക്ക് കൈമാറുന്നതിനുമാണ് ഇന്ന് വിജയവാഡയിൽ റാമോജി എക്സലൻസ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.

സ്വന്തമെന്നോ അന്യനെന്നോ വേർതിരിവില്ലാത്ത വിശാല മനസ്കർക്ക് ലോകം മുഴുവൻ ഒരൊറ്റ കുടുംബമാണെന്നാണ് മഹോപനിഷത്ത് ഉദ്ബോധിപ്പിക്കുന്നത്. ഈ വിശ്വദർശനം ജീവിതത്തിൽ പകർത്തിയ റാമോജി റാവുവിൻ്റെ 90-ാം ജന്മവാർഷിക വേളയിൽ അദ്ദേഹത്തിൻ്റെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. പൊതുജന വിശ്വാസത്തെ പരമോന്നത മാർഗദർശിയാക്കി അദ്ദേഹത്തിൻ്റെ ആദർശങ്ങൾ പ്രവൃത്തിപഥത്തിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ധാർമിക മൂല്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ അദ്ദേഹം വെട്ടിത്തെളിച്ച ജനസേവനത്തിൻ്റെ പാതയിൽ എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ഈനാട് കുടുംബം ഒന്നടങ്കം പ്രതിജ്ഞ ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here