കുട്ടികളുടെ ഇരിപ്പ്, നിൽപ്പ്, നടത്തം, ഉപകരണങ്ങളുടെ ഉപയോഗം എന്നിവയിലെ ശീലങ്ങൾ അവരുടെ ശരീരനിലയെയും പേശി–നട്ടെല്ലിൻ്റെ സുഖത്തെയും ബാധിച്ചേക്കാം. ഫോണിലോ ലാപ്ടോപ്പിലോ ദീർഘനേരം കുനിഞ്ഞുനോക്കുന്നതും പഠിക്കുമ്പോഴോ ടിവി കാണുമ്പോഴോ ഇടവേളകളില്ലാതെ ഇരിക്കുന്നതും കഴുത്ത്–പുറവേദനയും അസ്വസ്ഥതയും ഉണ്ടാക്കാം.
“ഇടയ്ക്കിടെ കുനിഞ്ഞിരിക്കുന്നത് വലിയൊരു ആശങ്കയ്ക്ക് കാരണമാകില്ലെങ്കിലും കുട്ടി ഇരിക്കുമ്പോഴോ നിൽക്കുമ്പോഴോ സ്ഥിരമായ അസ്വസ്ഥത അനുഭവപ്പെടുകയോ, ശരീരത്തിന് മരവിപ്പോ അനക്കക്കുറവോ വരികയോ, ശരീരഘടനയിൽ വ്യക്തമായ മാറ്റങ്ങൾ കാണപ്പെടുകയോ ചെയ്താൽ അത് അവഗണിക്കരുതെന്ന്” മുംബൈയിലെ നാരായണ ഹെൽത്ത് എസ്ആർസിസി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഓർത്തോപീഡിക് സർജൻ കൺസൾട്ടൻ്റ് ഡോ. അവി ഷാ പറയുന്നു.
ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ചലിക്കുമ്പോഴും ശരീരം എങ്ങനെ വിന്യസിക്കപ്പെടുന്നുവെന്ന് ശരീരഘടന സൂചിപ്പിക്കുന്നു. ബാല്യത്തിലും കൗമാരത്തിലും എല്ലുകൾ, പേശികൾ, സന്ധികൾ എന്നിവ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടങ്ങളിൽ നല്ല ചലന ശീലങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കൂടാതെ ശരീര ഘടനയെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്നങ്ങൾ കുട്ടികൾ അനുഭവിക്കുന്നുണ്ടെങ്കിൽ, മാതാപിതാക്കാൾ അത് എത്രയും വേഗം തിരിച്ചറിയേണ്ടതും പ്രധാനമാണ്.
സ്ക്രീൻ സമയവും സ്കൂൾ ബാഗും
ഇന്നത്തെ ഒരു പ്രധാന ആശങ്ക നീണ്ടുനിൽക്കുന്ന സ്ക്രീൻ ഉപയോഗമാണ്. ഫോണുകളോ പുസ്തകങ്ങളോ നോക്കുമ്പോൾ കുട്ടികൾ പലപ്പോഴും കഴുത്ത് മുന്നോട്ടും താഴോട്ടും വളയ്ക്കുന്നത് നാം കാണുന്നു. ഇത് കഴുത്തിലും മുകൾ ഭാഗത്തും അനാവശ്യമായ ആയാസം സൃഷ്ടിക്കുന്നു. അതുപോലെ, മണിക്കൂറുകളോളം ഇരിക്കുന്നത് പേശികളുടെ കാഠിന്യത്തിനും അസ്വസ്ഥതയ്ക്കും കാരണമാകും.
കനമേറിയ സ്കൂൾ ബാഗ് തോളിലിട്ട് കൊണ്ടുപോകുന്നത് തോളിലും പുറകിലും അസമമായ ആയാസം ഉണ്ടാക്കും. രണ്ട് വീതിയുള്ള ക്രമീകരിക്കാവുന്ന തോൾ സ്ട്രാപ്പുകളുള്ള നല്ല നിലവാരമുള്ള ഉറപ്പുള്ള ബാഗ് തെരഞ്ഞെടുത്ത് അവശ്യവസ്തുക്കൾ മാത്രം ബാഗിലിട്ട് കൊണ്ട് പോവുന്നതാണ് ഏറ്റവും ഉചിതം. കൂടാതെ രണ്ട് സ്ട്രാപ്പുകളും വലിച്ച് ഒരുപോലെയാക്കാനും ശ്രദ്ധിക്കണം.
മോശം ശരീരഭാവം എപ്പോഴാണ് ആശങ്കയ്ക്ക് കാരണമാകുന്നത്?
വേദന, മോശം ശരീരഭാവം, വിരസത അല്ലെങ്കിൽ നട്ടെല്ലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ എന്നിങ്ങനെ പല കാരണങ്ങളാൽ കുട്ടികൾ ചുരുണ്ടുക്കൂടി ഇരിക്കാറുണ്ട്. എന്നാൽ ഇത് അവഗണിക്കരുതെന്നാണ് ഡോ. അവി ഷാ പറയുന്നത്.
“മുതുക് വളച്ച് ഇരിക്കുന്ന എല്ലാ കുട്ടികൾക്കും നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ, നടുവേദനയോ കഴുത്തുവേദനയോ ഉണ്ടെന്ന് കുട്ടികൾ പറയുകയാണെങ്കിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം. കൂടാതെ തോളുകളുടെ ഉയരത്തിലുള്ള വ്യത്യാസം, അരക്കെട്ടിൻ്റെ ഇരുവശങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസം, നിവർന്നു നിൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, അല്ലെങ്കിൽ ദൈനംദിന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന തരത്തിലുള്ള എന്തെങ്കിലും അസ്വസ്ഥതകൾ എന്നിവയുണ്ടെങ്കിൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണം. കാരണം ഇവ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ലക്ഷണങ്ങളാകാം”, ഡോ. അവി ഷാ പറഞ്ഞു.
ശരീരവളർച്ചാ ഘട്ടങ്ങളിൽ, സ്കോളിയോസിസ് പോലുള്ള നട്ടെല്ലുമായി ബന്ധപ്പെട്ട ചില അവസ്ഥകൾ പ്രകടമായേക്കാം. നട്ടെല്ലിന് ഉണ്ടാകുന്ന വളവാണ് സ്കോളിയോസിസ്. കുട്ടിയോട് നിവർന്നിരിക്കാനോ നിവർന്നുനിൽക്കാനോ പറയുന്നത് കൊണ്ട് മാത്രം ഇത് പരിഹരിക്കപ്പെടില്ല. നേരത്തെയുള്ള വൈദ്യപരിശോധനയിലൂടെ കുട്ടിക്ക് തുടർനിരീക്ഷണമോ, കൂടുതൽ പരിശോധനകളോ, അതോ ചികിത്സയോ ആവശ്യമാണോ എന്ന് ഡോക്ടർമാർക്ക് നിർണയിക്കാൻ സാധിക്കും. രാത്രിയിൽ ഉറക്കമുണർത്തുന്ന തരത്തിലുള്ള വേദന, ബലഹീനത, മരവിപ്പ്, അല്ലെങ്കിൽ നടക്കാൻ ബുദ്ധിമുട്ട് എന്നിവയുണ്ടെങ്കിൽ എത്രയും വേഗം വൈദ്യസഹായം തേടേണ്ടതുണ്ട്.
കുട്ടികളുടെ ശരീരഭാവം നേരെയാക്കാൻ ഡോക്ടർ ചില നിർദേശങ്ങളും നൽകുന്നു:
- കുട്ടികളെ അവരുടെ പാദങ്ങൾ തറയിൽ ഉറച്ചുനിൽക്കുന്ന രീതിയിൽ ഇരിക്കാൻ പ്രോത്സാഹിപ്പിക്കുക.
- സ്ക്രീനുകൾ (ഫോൺ, ടാബ്ലെറ്റ്, കമ്പ്യൂട്ടർ തുടങ്ങിയവ) കണ്ണിന് നേരെ വരുന്ന ഉയരത്തിൽ വെക്കാൻ കുട്ടികളോട് പറയുക; അവ കണ്ണിന് മുകളിലോ താഴെയോ ആകരുത്.
- കുട്ടികൾ ദീർഘനേരം ഒരേ നിലയിൽ ഇരിക്കുകയാണെങ്കിൽ ഇടയ്ക്കിടെ എഴുന്നേറ്റ് വിശ്രമിക്കാൻ അനുവദിക്കുക.
- പ്രായത്തിനനുസരിച്ചുള്ള കായിക വിനോദങ്ങൾ, നടത്തം, നൃത്തം, ഓട്ടം, അല്ലെങ്കിൽ നടുവിലെ പേശികൾക്ക് ബലം നൽകുന്ന വ്യായാമങ്ങൾ എന്നിവ കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും പേശി-അസ്ഥി വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണ്.
- കുട്ടിക്ക് എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കിൽ അതിനുള്ള കാരണം മനസിലാക്കാതെ അവരുടെ ശരീരഭാവം തിരുത്താൻ ശ്രമിക്കരുത്.
- “കുട്ടി വേദനയെക്കുറിച്ച് പരാതിപ്പെടുകയോ, ശരീരഭാവത്തിലോ ഇടുപ്പിൻ്റെ നിലയിലോ പ്രകടമായ മാറ്റങ്ങൾ കാണുകയോ ചെയ്താൽ ഒരു അസ്ഥിരോഗ വിദഗ്ധനെ (ഓർത്തോപീഡിക് വിദഗ്ധൻ) കാണിച്ച് പരിശോധന നടത്തുക. പ്രശ്നത്തിൻ്റെ യഥാർഥ കാരണം കണ്ടെത്താനും ഉചിതമായ ചികിത്സാ മാർഗങ്ങൾ നിർദേശിക്കാനും അവർക്ക് സാധിക്കും” എന്ന് ഡോ. ഷാ പറയുന്നു.
ആരോഗ്യകരമായ ശരീരഭാവം എന്നാൽ ദിവസം മുഴുവൻ നിവർന്നിരിക്കുകയോ നിൽക്കുകയോ ചെയ്യുക എന്നത് മാത്രമല്ല. മറിച്ച്, അത് ശരീരത്തിന് സുഖം നൽകുന്നതും കൃത്യമായ ഇടവേളകളിൽ ചലനങ്ങൾ ഉറപ്പാക്കുന്നതും നല്ല ശീലങ്ങൾ പിന്തുടരുന്നതുമാണ്. വളരുന്ന ശരീരത്തിന് ഇത് പിന്തുണ നൽകുകയും കുട്ടിക്കാലം മുതൽ പ്രായപൂർത്തിയാകുന്നത് വരെ ആരോഗ്യകരമായ ചലനരീതികൾ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.









