ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിൽ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ തിരുനക്ഷത്ര മഹോത്സവം അഥവാ യതീന്ദ്ര സപ്തതി വിപുലമായ പരിപാടികളോടെ നടന്നു. രംഗ റെഡി ജില്ലയിലെ ഷംഷബാദ് മണ്ഡലത്തിലുള്ള മുചിന്താലിലെ ശ്രീ രാമനഗരത്തിലാണ് 70-ാം മത് മഹോത്സവം നടന്നത്. ചടങ്ങിൽ ദേശീയ തലത്തിൽ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന മാർഗദർശി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ശൈലജ കിരണിന് സമതാ പുരസ്ക്കാരം നൽകി ആദരിച്ചു.
സാമൂഹിക രംഗത്തെ മറ്റ് പ്രതിഭകൾ, സൈനികർ, ശാസ്ത്രജ്ഞർ തുടങ്ങി 70 പ്രമുഖ വ്യക്തികൾക്കും പുരസ്ക്കാരം ലഭിച്ചു. മഹോത്സവത്തിൻ്റെ ഭാഗമായി നാലാം ദിവസം സമതാമൂർത്തി പരിസരത്ത് സംഘടിപ്പിച്ച ആത്മീയ പരിപാടികളിൽ പങ്കെടുക്കാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ചിന്ന ജീയാർ സ്വാമിയുടെ മാർഗനിർദേശത്തിൽ നടന്ന പരിപാടിയിൽ മുതിർന്ന ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി, ബാഗേശ്വർ ധാമിലെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
ചടങ്ങിൽ സംസാരിക്കവെ സ്ത്രീകളെ ഉന്നതമായ ബഹുമാനത്തോടെ കാണുന്ന സവിശേഷമായ സംസ്കാരം ഇന്ത്യയ്ക്കുണ്ടെന്നും ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു സംസ്കാരം കാണാനാവില്ലെന്നും ചിന്ന ജീയാർ സ്വാമി പറഞ്ഞു. നമുക്ക് ജീവൻ നൽകിയ അമ്മമാരെ അതീവ ബഹുമാനത്തോടെ കാണേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശ്രീരാമചന്ദ്രൻ്റെയും ഭഗവത് രാമാനുജാചാര്യരുടെയും കാലഘട്ടങ്ങളിൽ സ്ത്രീകൾക്ക് നൽകിയിരുന്ന ആദരവ് ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാതാപിതാക്കൾ, മക്കൾ, ദമ്പതികൾ, സഹോദരങ്ങൾ, ഗുരു, ശിഷ്യൻ എന്നിങ്ങനെ രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ബന്ധങ്ങളിൽ നിന്നും ത്യാഗങ്ങളിൽ നിന്നും എല്ലാവരും പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്ത്രീകളെ ആദരിക്കുന്നതിനുള്ള പദ്ധതികൾ ബാഗേശ്വർ ധാം ആശ്രമവും നടപ്പിലാക്കുമെന്ന് ധീരേന്ദ്ര ശാസ്ത്രി മഹാരാജ് അറിയിച്ചു. ഒരു ലക്ഷം തേങ്ങകൾ സമർപ്പിച്ചുകൊണ്ട് ഭഗവാൻ ഹനുമാനെ ആരാധിക്കുന്നതിനായി വരാനിരിക്കുന്ന ഒരു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ അദ്ദേഹം ചിന്ന ജീയർ സ്വാമിയെ ക്ഷണിച്ചു.
അതേസമയം പുരസ്ക്കാരം സ്വീകരിച്ച ശേഷം മാർഗദർശി മാനേജിങ് ഡയറക്ടർ ശൈലജ കിരോൺ വേദിയിൽ സംസാരിച്ചു. തങ്ങൾക്ക് ജന്മം നൽകി വളർത്തിയ അമ്മയെ ജീവിതകാലം മുഴുവൻ സ്നേഹത്തോടെ പരിചരിക്കുക എന്നത് മക്കളുടെ കടമയാണെന്ന് ശൈലജ കിരോൺ പറഞ്ഞു. യതീന്ദ്ര സപ്തതി ആഘോഷവേളയിൽ ചിന്ന ജീയർ സ്വാമിയിൽ നിന്ന് നേരിട്ട് ആദരം ലഭിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു എന്നും അവർ വ്യക്തമാക്കി. മുതിർന്നവരോട് എങ്ങനെ ആദരവോടെ പെരുമാറണം എന്നതിനെക്കുറിച്ച് ചിന്ന ജീയർ സ്വാമി പറയുകയുണ്ടായി. അദ്ദേഹത്തിൻ്റെ ചിന്തകളും ആഗ്രഹങ്ങളും മക്കൾ മാത്രമല്ല മുതിർന്നവരും അറിഞ്ഞിരിക്കേണ്ടവയാണെന്നും അവർ കൂട്ടിച്ചേർത്തു.






