കണ്ണൂരിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ സ്വദേശികളായ നന്ദനം ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരുടേയും ദേഹമാസകലം വെട്ടേറ്റ നിലയിലാണ്.
വീടിനുള്ളിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജ്യോതിയുടെ ഭർത്താവും വിരമിച്ച കെഎസ്ഇബി ഉദ്യോഗസ്ഥനുമായ ജയകൃഷ്ണൻ ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പോയിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുകളിലത്തെ നിലയിലെ മുറിയിൽ ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.തില്ലങ്കേരി സി.എച്ച്. മുഹമ്മദ് കോയ സ്മാരക സ്കൂളിലെ മുൻ പ്രധാനാധ്യാപികയാണ് ജ്യോതി. മകൻ നവീൻ കൃഷ്ണ വീട്ടിലിരുന്ന് പിഎസ്‌സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിവരികയായിരുന്നു. പുറത്തുനിന്ന് ആരെങ്കിലും വീട്ടിൽ പ്രവേശിച്ചതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.







