കായിക പ്രവര്‍ത്തനങ്ങളില്‍ പെണ്‍കുട്ടികള്‍ ഏറെ പിന്നില്‍;

0
7
Full length portrait of graceful teenage girl figure skating on ice rink, copy space

ഹൈദരാബാദ്: കായികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാത്ത കൗമാരക്കാര്‍. നമ്മുടെ നാട്ടിലെ യുവാക്കള്‍ മണിക്കൂറുകളോളം ഫോണില്‍ റീല്‍സുകളും കണ്ട് ചെലവിടുന്നു. ആഴ്‌ചയില്‍ ഒരു മണിക്കൂര്‍ പോലും അവരുടെ ആരോഗ്യത്തിന് വേണ്ടി നീക്കി വയ്ക്കാന്‍ അവര്‍ തയാറല്ല. ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ഹെല്‍ത്തും ലോകാരോഗ്യ സംഘടനയും ചേര്‍ന്ന് നടത്തിയ പഠനം ഏറെ ഞെട്ടലുണ്ടാക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. ലോകത്തെ കൗമാരക്കാരില്‍ 25 ശതമാനവും അതായത് 24 കോടി ശാരീരികമായി തെല്ലും സജീവമല്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്.

വിരലുകള്‍ സ്‌മാര്‍ട്ട് ഫോണുകളില്‍ അതിവേഗം നീങ്ങുന്നു. എന്നാല്‍ ഇവര്‍ക്ക് പടികള്‍ കയറാനാകില്ല. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് കായിക പ്രവര്‍ത്തനങ്ങള്‍ ഏറെ കുറവ്. 28ശതമാനം പെണ്‍കുട്ടികളും ആഴ്‌ചയില്‍ ഒരിക്കല്‍ പോലും കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത ആണ്‍കുട്ടികളുടെ എണ്ണം 22ശതമാനമാണ്. ആഴ്‌ചയില്‍ 2.7 ദിവസം മാത്രമാണ് കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കൗമാരക്കാരുടെ ശരാശരിക്കണക്ക്. പതിനാല് ശതമാനം കൗമാരക്കാര്‍ മാത്രമാണ് ആഴ്‌ചയില്‍ എല്ലാ ദിവസവും കായികമായി സജീവമായിരിക്കുന്നത്.

കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത കുട്ടികളില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങളിലേക്കും ഇത് നയിക്കപ്പെടാം. യൂണിസെഫിന്‍റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കൗമാരക്കാരുള്ളത് ഇന്ത്യയിലാണ്. അതായത് പത്തിനും പത്തൊന്‍പതിനുമിടയില്‍ പ്രായമുള്ളവര്‍. ഏകദേശം 21 ശതമാനവും ഈ പ്രായത്തിലുള്ളവരാണ്. അത് കൊണ്ട് തന്നെ ശാരീരിക പ്രവൃത്തികളില്‍ നിന്ന് ഇവര്‍ വിട്ടുനില്‍ക്കുന്നത് ഭാവി ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാണ്. ഇന്നത്തെ യുവത കളിയിടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും സ്‌ക്രീനിനോട് കൂടുതല്‍ അടുക്കുകയും ചെയ്യുന്നത് അവരുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം?

കൗമാരക്കാരില്‍ നാലിലൊന്നും കായികപ്രവൃത്തികളില്‍ ഏര്‍പ്പെടാത്തവര്‍

140 രാജ്യങ്ങളിലെ കൗമാരക്കാരുമായി നടത്തിയ അഭിമുഖത്തിന് ശേഷമാണ് ഗ്ലോബല്‍ ഹെല്‍ത്ത് പഠനം ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ചത്. 2400 ലക്ഷം പതിനൊന്നിനും പതിനേഴിനുമിടയില്‍ പ്രായമുള്ള കൗമാരക്കാര്‍ ആഴ്‌ചയില്‍ ഏതെങ്കിലും ഒരു ദിവസം ഒരു മണിക്കൂര്‍ പോലും കായിക പ്രവൃത്തികള്‍ക്കായി നീക്കി വയ്ക്കുന്നില്ലെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

അതായത് നിത്യജീവിതത്തില്‍ ഇവര്‍ നാമമാത്രമായി പോലും ശാരീരികമായി അധ്വാനിക്കുന്നില്ലെന്നര്‍ത്ഥം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കൗമാരക്കാര്‍ ആരോഗ്യമുള്ളവരായി ഇരിക്കാന്‍ ഓട്ടം, സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍, ഏതെങ്കിലും കായികവിനോദങ്ങളില്‍ ഏര്‍പ്പെടല്‍ എന്നിവ ദിവസവും ഒരു മണിക്കൂര്‍ ചെയ്യേണ്ടതുണ്ട്.

ഇന്നത്തെക്കാലത്ത് കൗമാരക്കാര്‍ അവരുടെ ഒഴിവുവേളകള്‍ സ്‌മാര്‍ട്ട് ഫോണില്‍ മുഴുകി ചെലവഴിക്കുന്നു. കളിസ്ഥലങ്ങളിലേക്ക് പോകുന്നതിന് പകരം ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കയറിയിറങ്ങുന്നു. റീലുകളിലും യുട്യൂബിലും വിഡീയോ ഗെയിമുകളിലുമായി അവര്‍ സമയം ചെലവിടുന്നു.

അതേസമയം കുട്ടികള്‍ക്ക് സുരക്ഷിതമായ സൈക്കിള്‍ പാതകളോ, തുറന്ന പാര്‍ക്കുകളോ കളിസ്ഥലങ്ങളോ വന്‍കിട നഗരങ്ങളില്‍ ഇല്ലെന്നതും എടുത്തു പറയേണ്ടതുണ്ട്. അത് കൊണ്ട് തന്നെ പുറത്ത് പോയി കളിക്കാനും മറ്റും ആഗ്രഹിക്കുന്നവര്‍ക്കും അതിന് സാധിക്കുന്നില്ല. മണിക്കൂറുകളോളം വിദ്യാലയങ്ങളില്‍ ചെലവിടുന്ന കുട്ടികള്‍ പിന്നീട് ട്യൂഷന്‍ ക്ലാസുകളിലേക്കോ കോച്ചിങ് ക്ലാസുകളിലേക്കോ പോകുന്നു. വീട്ടിലെത്തിയാല്‍ സ്‌ക്രീനിന് മുന്നില്‍ ചെലവിടുന്നു. ഇത്തരമൊരു ജീവിത ചക്രം അവരെ ജഡാവസ്ഥയിലാക്കുന്നു.

കായികപ്രവൃത്തികള്‍ ഏറെ കുറവ് പെണ്‍കുട്ടികളില്‍

ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് കായിക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍ പിന്നില്‍. ആഴ്‌ചയില്‍ ഒരിക്കല്‍ പോലും കായിക പ്രവൃത്തികളില്‍ ഏര്‍പ്പെടാത്ത പെണ്‍കുട്ടികളുടെ എണ്ണം ലോകമെമ്പാടുമായി 28ശതമാനമാണ്. എന്നാല്‍ ആണ്‍കുട്ടികളില്‍ ഇത് 22ശതമാനം മാത്രമാണ്. ശരിക്കും കുട്ടിക്കാലം മുതല്‍ പെണ്‍കുട്ടികള്‍ക്ക് പാവകളും മറ്റും നല്‍കി അവരെ വീട്ടിനുള്ളില്‍ തന്നെ ഇരുത്തുന്നു. ഇതിലൂടെ ഇവര്‍ക്ക് കായികാദ്ധ്വാനം കുറയുന്നു.

പെണ്‍കുട്ടികള്‍ കൗമാരത്തിലേക്ക് എത്തുന്നതോടെ സാമൂഹ്യമായ വിലക്കുകളും പൊതുബോധവും മൂലം അവര്‍ വീട്ടകങ്ങളിലേക്ക് ഒതുങ്ങുന്നു. ഇത് അവരുടെ കായിക പ്രവൃത്തികളെയും പുറത്ത് കളിക്കാനുള്ള അവസരങ്ങളെയും ഇല്ലാതാക്കുന്നു.

പെണ്‍കുട്ടികളുടെ ആരോഗ്യത്തിന് അപകടകരം

കായിക പ്രവൃത്തികള്‍ ഇല്ലാത്ത പെണ്‍കുട്ടികള്‍ക്ക് ഭാവിയില്‍ അത് വലിയ ദോഷമുണ്ടാക്കും. കൗമാരത്തിലാണ് പെണ്‍കുട്ടികളുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുന്ന ഘട്ടം. ഈസമയത്ത് അവര്‍ക്ക് ആവശ്യമായ കായികപ്രവര്‍ത്തനങ്ങള്‍ ഇല്ലെങ്കില്‍ ഭാവിയില്‍ ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളിലേക്ക് നയിക്കപ്പെടാം. ഇതിന് പുറമെ പിസിഒഎസ്, പിസിഒഡി, തൈറോയ്‌ഡ് പ്രശ്‌നങ്ങള്‍ പോലുള്ളവ ഉടലെടുക്കാം.

കായികപ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തത് അര്‍ബുദത്തിലേക്ക് നയിക്കാം

ലോക്തതെ 25ശതമാനം ജനതയും ഭാവിയില്‍ ആരോഗ്യ ടൈംബോംബുകളായി മാറുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കൗമാരത്തിലാണ് എല്ലുകളുടെ സാന്ദ്രത, പേശീകള്‍, ഹൃദയം എന്നിവ കരുത്താര്‍ജ്ജിക്കുന്നത്. ഈ വേളയില്‍ മതിയായ കായികപ്രവര്‍ത്തനങ്ങളില്ലെങ്കില്‍ ടൈപ്പ്2 പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ കൂട്ടത്തോടെ എത്തിച്ചേരും.

ശാരീരിക പ്രവര്‍ത്തനങ്ങളില്ലെങ്കില്‍ സന്തോഷഹോര്‍മോണുകളുടെ ഉത്പാദനവും കുറയും. ഇത് ഉത്കണ്‌ഠ, മാനസികാസ്വസ്ഥ്യങ്ങള്‍, വിഷാദം എന്നിവയിലേക്കും നയിക്കാം. ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്ലാത്തത് വയറ്, സ്‌തനാര്‍ബുദ സാധ്യതകളും വര്‍ദ്ധിപ്പിക്കും.

ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് എന്ത് കൊണ്ട് ഇന്ത്യക്ക് ആശങ്കയാകുന്നു

യൂണിസെഫ് പറയുന്നത് അനുസരിച്ച് ഇന്ത്യയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കൗമാരക്കാരുള്ളത്. രാജ്യത്തെ 21ശതമാനം ജനസംഖ്യയും പത്തിനും 19നുമിടയില്‍ പ്രായമുള്ളവരാണ്. അത് കൊണ്ട് തന്നെ ഇവരുടെ ശാരീരിക പ്രവര്‍ത്തനമില്ലായ ഭാവി ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ 2024ലെ ഫാക്‌ട് ഷീറ്റ് അനുസരിച്ച് ഇന്ത്യയിലെ കൗമാരക്കാരുടെ സ്ഥിതി അതീവ ഗുരുതരമാണ്. 74ശതമാനം കൗമാരക്കാര്‍ക്കും ആവശ്യത്തിന് കായികാദ്ധ്വാനമില്ല. ദൈനം ദിനം ശരീരത്തിന് വേണ്ട വ്യായാമം കിട്ടുന്നില്ല. രാജ്യത്തെ 76 ശതമാനം പെണ്‍കുട്ടികളും കായികമായി സജീവമല്ല. ആണ്‍കുട്ടികളുടെ എണ്ണം 72ശതമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here