മലപ്പുറത്തും കോഴിക്കോട്ടും ഷിഗല്ല സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

0
13

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം നിലമ്പൂരിൽ ഹോട്ടൽ ഭക്ഷണം കഴിച്ച മൂന്ന് പേർക്കും കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർഥികൾക്കുമാണ് രോഗം ബാധിച്ചത്. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് ഏറ്റവുമൊടുവിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്. അമരമ്പലത്തെ കടയിൽ നിന്ന് അൽഫാം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്ന് മന്തി കഴിച്ച രണ്ട് പേർക്കുമാണ് രോഗം പിടിപെട്ടത്. നാല് വയസുകാരിയുടെ അമ്മയും ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ഭാഗത്ത് 23 പേർക്ക് വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന രണ്ട് കടകളിൽ പഞ്ചായത്തിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾ അടപ്പിക്കുകയും വൃത്തിഹീനമായ മറ്റ് കടകൾക്ക് നോട്ടിസ് നൽകുകയും ചെയ്തു. പ്രദേശത്തെ വീടുകളിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ അടക്കമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ​വടകരയിലാണ് സ്കൂൾ കുട്ടികൾക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ചത്. ഒക്ടോബർ 30ന് സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വടകര ജില്ലാ ആശുപത്രിയിലാണ് കുട്ടികൾ ചികിത്സ തേടിയത്. നിരവധി വിദ്യാർഥികൾ വയറിളക്കവും ഛർദിയും പിന്നാലെ പനിയും ബാധിച്ച് ചികിത്സ തേടിയിരുന്നു. സാമ്പിൾ ശേഖരിച്ച മൂന്ന് വിദ്യാർഥികൾക്കാണ് ഷിഗല്ല പോസിറ്റീവായത്. ഒരു കുട്ടിക്ക് നേരത്തെ തന്നെ രോഗം ഭേദമായിട്ടുണ്ട്. രണ്ട് കുട്ടികളുടെ പരിശോധനാഫലം സ്വകാര്യ ലാബിൽ പരിശോധിച്ചാണ് പോസിറ്റീവ് ആണെന്ന് അറിയാൻ കഴിഞ്ഞത്. ഭക്ഷണത്തിൻ്റെയും അന്ന് ഉപയോഗിച്ച വെള്ളത്തിൻ്റെയും സാമ്പിൾ ശേഖരിച്ച് ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

​സ്കൂളുമായി ബന്ധപ്പെട്ട് ചില പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ സന്ദർശിക്കുകയും അതിനോട് ചേർന്നിട്ടുള്ള പ്രദേശങ്ങളിലെ 290 വീടുകളിൽ ക്ലോറിനേഷൻ അടക്കമുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ​360 വീടുകളിൽ ഒആർഎസ് പൊടി വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില അത്ര ഗുരുതരമല്ലെന്നും എങ്കിലും ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൽ.ടി. സരിതകുമാരി ഇടിവി ഭാരതിനോട് പറഞ്ഞു.

എന്താണ് ഷിഗല്ല ബാക്ടീരിയ?
ഷിഗല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷി​ഗല്ലോസിസ് എന്ന് അറിയപ്പെടുന്നത്. പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതാണ് ഈ രോഗം. വയറിളക്കമാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണം. രോഗം ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും. നിര്‍ജലീകരണമാണ് ഈ രോഗത്തെ മാരകമാക്കുന്നത്. നിര്‍ജലീകരണം നിയന്ത്രിക്കാന്‍ സാധിക്കാതെ പോയാല്‍ ഗുരുതരാവസ്ഥയും മരണവും ഉണ്ടാകും. അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍. ഓക്കാനമോ ഛര്‍ദിയോ, വയറുവേദന, പൂര്‍ണമായും വയര്‍ ഒഴിഞ്ഞു പോവാത്ത പോലെയുള്ള തോന്നല്‍ ഇതെല്ലാമാണ് രോഗലക്ഷണങ്ങൾ.

മലിനമാക്കപ്പെട്ട ഭക്ഷണങ്ങളായ പാല്‍, മുട്ട, മത്സ്യ-മാംസങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ഷിഗല്ല ബാധയുണ്ടാകാം. ശീതികരിച്ചു സൂക്ഷിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ ഷിഗല്ല ബാക്ടീരിയ കൂടുതല്‍ കാലം ജീവിക്കാന്‍ സാധ്യതയുണ്ട്. സാധാരണ വയറിളക്ക രോഗങ്ങളെപ്പോലെ രോഗബാധിതൻ്റെ വിസര്‍ജ്യം ഭക്ഷണത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ മറ്റൊരു വ്യക്തിയുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ ബാക്ടീരിയ ബാധയുണ്ടാകുന്നു. ബാക്ടീരിയയുടെ തോത് കുറവാണെങ്കില്‍ പോലും അത് രോഗമുണ്ടാക്കാം. രോഗവാഹകനായ വ്യക്തി ഭക്ഷണം തയാറാക്കുമ്പോഴും മറ്റും രോഗം മറ്റൊരു വ്യക്തിയിലേക്ക് വ്യാപിക്കാം. അല്ലെങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ വിസര്‍ജ്യം കുടിവെള്ള സ്രോതസിൽ കലര്‍ന്നോ ഈച്ചകൾ വഴിയോ അത് മറ്റുള്ളവരില്‍ രോഗവ്യാപനത്തിന് ഇടയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here