റെക്കോർഡ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കൊറിയക്കെതിരെ,

0
5

 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഏഴാം ഫൈനൽ പ്രവേശം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ആവേശകരമായ രണ്ടാം സെമിഫൈനലിൽ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഒളിമ്പ്യൻ ബൽബീർ സിംഗ് സീനിയർ ഹോക്കി സ്റ്റേഡിയം തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ഹോക്കി മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. മൊഹാലിയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷമാണ്.

മറ്റ് മത്സരങ്ങളിൽ മലേഷ്യ ജപ്പാനെ നേരിടുമ്പോൾ, അഞ്ചും ആറും സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ബംഗ്ലാദേശ് ചൈനയുമായി ഏറ്റുമുട്ടും. ജലന്ധറിൽ നടന്ന ലീഗ് ഘട്ട മത്സരങ്ങളിൽ കാണികളുടെ വലിയ പിന്തുണയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. അതേ ഫോമും പിന്തുണയും മൊഹാലിയിലും തുടരാനാകുമെന്നാണ് ഇന്ത്യൻ ടീമിന്‍റെ പ്രതീക്ഷ.

ലീഗ് ഘട്ടത്തിൽ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാമന്മാരായാണ് ആതിഥേയരായ ഇന്ത്യ സെമിയിലെത്തിയത്. ലീഗ് ഘട്ടത്തിൽ 34 ഗോളുകൾ അടിച്ചുകൂട്ടിയ ഇന്ത്യ വഴങ്ങിയത് വെറും 5 ഗോളുകൾ മാത്രമാണ്. ഒൻപത് ഗോളുകളുമായി ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് മുന്നിൽ നിന്ന് നയിക്കുമ്പോൾ സുഖ്‌ജീത് സിംഗ്, ദിൽപ്രീത് സിംഗ് എന്നിവർ നാല് ഗോളുകൾ വീതം നേടി മികച്ച പിന്തുണ നൽകുന്നു.

കഴിഞ്ഞ മത്സരത്തിൽ കൊറിയയെ എതിരില്ലാത്ത 8 ഗോളുകൾക്ക് ഇന്ത്യ തകർത്തിരുന്നു. എന്നാൽ നോക്കൗട്ട് ഘട്ടത്തിലെ സമ്മർദ്ദം വ്യത്യസ്‌തമാണെന്നും മികച്ച തുടക്കമാണ് പ്രധാനമെന്നും ഇന്ത്യൻ കോച്ച് ക്രെയ്ഗ് ഫുൾട്ടൺ വ്യക്തമാക്കി. രണ്ടാം ക്വാർട്ടറുകളിൽ ടീം വരുത്തുന്ന ചെറിയ പിഴവുകൾ തിരുത്തി ആധികാരിക വിജയം നേടാനുറച്ചാകും ഇന്ത്യ ഇറങ്ങുക. പരിക്കിന്‍റെ പിടിയിലായ സ്റ്റാർ ഫോർവേഡ് അഭിഷേകിന്‍റെ സാന്നിധ്യ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നത് ഇന്ത്യയ്ക്ക് നേരിയ ആശങ്ക നൽകുന്നുണ്ട്.

കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയ്ക്കാണ് വ്യക്തമായ മേൽക്കൈ. ഇരുടീമുകളും ഇതുവരെ 26 തവണ ഏറ്റുമുട്ടിയപ്പോൾ 16 തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. 7 മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോൾ 3 എണ്ണത്തിൽ മാത്രമാണ് കൊറിയയ്ക്ക് ജയിക്കാനായത്. 2013-ലെ ഏഷ്യാ കപ്പ് ഫൈനലിലാണ് കൊറിയ അവസാനമായി നിശ്ചിത സമയത്ത് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഇന്നത്തെ മത്സരക്രമം

ഉച്ചയ്ക്ക് 2:00 മണിക്ക്: ചൈന vs ബംഗ്ലാദേശ് (5-6 സ്ഥാനങ്ങൾക്കായുള്ള മത്സരം). വൈകുന്നേരം 4:30 ന്: ജപ്പാൻ vs മലേഷ്യ (ആദ്യ സെമിഫൈനൽ). രാത്രി 7:00 മണിക്ക്: ഇന്ത്യ vs ദക്ഷിണ കൊറിയ (രണ്ടാം സെമിഫൈനൽ).

തത്സമയ സംപ്രേഷണം

മത്സരങ്ങൾ സ്റ്റാർ സ്പോർട്‌സ് സെലക്ട് 2 ചാനലിൽ തത്സമയം കാണാം. കൂടാതെ ജിയോ ഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും തത്സമയ സ്ട്രീമിംഗ് ലഭ്യമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here