രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഗുജറാത്ത് കൂറ്റന്‍ സ്‌കോറിലേക്ക്,

0
5

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരായ മത്സരത്തിൽ ഗുജറാത്തിന് മികച്ച തുടക്കം. ഒന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എന്ന ശക്തമായ നിലയിലാണ് ആതിഥേയർ. 95 റൺസെടുത്ത ഓപ്പണർ ആര്യ ദേശായിയുടെ തകർപ്പൻ ബാറ്റിങ്ങും, ആറാം വിക്കറ്റിൽ ഒന്നിച്ച ഉർവ്വിൽ പട്ടേൽ – വിശാൽ ജയ്സ്വാൾ സഖ്യത്തിന്‍റെ സെഞ്ച്വറി കൂട്ടുകെട്ടുമാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഗുജറാത്തിന് ഓപ്പണർമാരായ ആര്യ ദേശായിയും അഭിഷേക് ദേശായിയും ചേർന്ന് മികച്ച അടിത്തറയാണ് നൽകിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ആര്യ ദേശായ് വെറും 56 പന്തുകളിൽ നിന്ന് തന്‍റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. മറുവശത്ത് അഭിഷേക് അതീവ ജാഗ്രതയോടെയാണ് ബാറ്റ് വീശിയത്. ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 95 റൺസ് എന്ന സുരക്ഷിതമായ നിലയിലായിരുന്നു ഗുജറാത്ത്.

ലഞ്ചിന് ശേഷം കേരളത്തിന്‍റെ തിരിച്ചടി

എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന കേരളം ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കി. 42 റൺസെടുത്ത അഭിഷേക് ദേശായിയെ എം.ഡി നിധീഷിന്‍റെ പന്തിൽ രോഹൻ കുന്നുമ്മൽ ക്യാച്ചെടുത്ത് പുറത്താക്കിയതോടെയാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ ലഭിച്ചത്. തൊട്ടുപിന്നാലെയെത്തിയ വേദാന്ത് ത്രിവേദിയെ (9) എൻ.പി ബേസിലിന്‍റെ പന്തിൽ രോഹൻ തന്നെ പിടികൂടി.

സെഞ്ച്വറി നഷ്‌ടത്തിൽ ആര്യ ദേശായ്

ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുൻപുള്ള സെഷനിൽ രണ്ട് നിർണായക വിക്കറ്റുകൾ കൂടി വീഴ്ത്തി കേരളം കളിയിൽ പിടിമുറുക്കി. 33 റൺസെടുത്ത മനൻ ഹിൻഗ്രാജിയയെ മടക്കിയതിന് പിന്നാലെ, സെഞ്ച്വറിക്ക് വെറും അഞ്ച് റൺസ് അകലെ വെച്ച് അപകടകാരിയായ ആര്യ ദേശായിയെയും (95) കേരളം പുറത്താക്കി. വൈശാഖ് ചന്ദ്രന്‍റെ പന്തിൽ വിഷ്‌ണു വിനോദ് ക്യാച്ചെടുത്താണ് ആര്യയെ മടക്കിയത്. ചായയ്ക്ക് ശേഷം തൊട്ടടുത്ത ഓവറിൽ ജയ്മീത് പട്ടേലിനെ (1) ആദിത്യ സർവാത്തെ പുറത്താക്കിയതോടെ ഗുജറാത്ത് അഞ്ചിന് 189 റൺസ് എന്ന നിലയിലേക്ക് തകർന്നു.

രക്ഷകരായി ഉർവ്വിലും വിശാലും

തകർച്ചയിലേക്ക് നീങ്ങിയ ഗുജറാത്തിനെ ആറാം വിക്കറ്റിൽ ഒന്നിച്ച ഉർവ്വിൽ പട്ടേലും വിശാൽ ജയ്സ്വാളും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പതിവ് ശൈലിയിൽ അതിവേഗം സ്കോർ ഉയർത്തിയ ഉർവ്വിൽ പട്ടേലും ഉറച്ച പിന്തുണ നൽകിയ വിശാലും ചേർന്ന് ഗുജറാത്തിന് മത്സരത്തിൽ മേൽക്കൈ തിരികെ നൽകി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഉർവ്വിൽ 63 റൺസുമായും വിശാൽ 50 റൺസുമായും ക്രീസിലുണ്ട്. ആറാം വിക്കറ്റിൽ ഇരുവരും ഇതിനകം 111 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

കേരളത്തിന് വേണ്ടി എം.ഡി നിധീഷ്, എൻ.പി ബേസിൽ, ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ സർവാതെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. അഭിഷേക് ജെ. നായർക്ക് പകരം രോഹൻ കുന്നുമ്മൽ ടീമിലിടം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here