കുന്നംകുളം: ( 08.10.2020) സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലങ്ങാട് സ്വദേശികളായ ആലിങ്ങ വീട്ടില്‍ സുജയ്കുമാര്‍ (36), കുഴിപറമ്ബില്‍ സുനീഷ് (40) എന്നിവരെയാണ് എസിപി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി തറയില്‍ നന്ദനനെ(50) റിമാന്‍ഡ് ചെയ്തു. നന്ദന്‍ രക്ഷപ്പെട്ട കാറും പൊലീസ് കണ്ടെത്തി. വേലൂരിനു സമീപമുള്ള തണ്ടിലത്താണ് പിടിയിലായവര്‍ ഒളിവില്‍ കഴിഞ്ഞത്. ആക്രമണത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച പകല്‍ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിക്കുമുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഒന്നാംപ്രതി നന്ദനനെ ഹാജരാക്കിയത് കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസിപി പറഞ്ഞു. ഞായറാഴ്ച രാത്രി 10.30ഓടെയാണ് ഒന്നാം പ്രതിയുടെ വീടിനടുത്തുള്ള കളരിക്ക് സമീപത്തുവച്ച് സനൂപിനെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയത്. പ്രതികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും. മറ്റു പ്രതികളെ പിടികൂടാന്‍ നാല് പ്രത്യേക പൊലീസ് ടീം പ്രവര്‍ത്തനം ആരംഭിച്ചു.