തുലാവര്‍ഷത്തിന്‍റെ താണ്ഡവം തുടരും; നാളെ മൂന്നിടങ്ങളില്‍ റെഡ്‌ അലര്‍ട്ട്,

0
7

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് ഏഴ്‌ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് യെല്ലോ അര്‍ട്ടുള്ളത്.

നാളെയോടെ മഴ കൂടുതല്‍ ശക്തമായേക്കമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റര്‍ മുതൽ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

നാളെ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

മഴ കനക്കുന്ന സാഹചര്യത്തില്‍ നാളെ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മത്സ്യബന്ധനത്തിന് വിലക്ക്

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതുകൊണ്ട് തന്നെ കേരള –കർണാടക –ലക്ഷദ്വീപ് തീരങ്ങളിൽ ഒക്‌ടോബര്‍ 26 വരെ മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

  • ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
  • നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
  • ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
  • ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി മാറി താമസിക്കണം.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ /windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്‌ച കാണുകയോ സെൽഫി എടുക്കുകയോ ചിത്രങ്ങൾ പകർത്തുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
  • ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
  • സ്വകാര്യ–പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
  • ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്.
  • കേരളത്തിലെ എല്ലാ ജില്ലകളിലും മുഴുവന്‍ സമയവും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077,1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
  • കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here