തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിലും ഓറഞ്ച് അലേർട്ടും മറ്റ് നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്തിലാണ് നിലവിൽ ശക്തമായ മഴ പെയ്യുന്നത്.
കന്യാകുമാരി മേഖലക്കും സമീപത്തെ തെക്കൻ തമിഴ്നാട്, കേരളത്തിനും മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. തെക്കുകിഴക്കേ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ-കിഴക്കേ ബംഗാൾ ഉൾക്കടൽ മേഖലയിലും ആൻഡമാൻ ദ്വീപുകൾക്ക് മുകളിലായുണ്ടായിരുന്ന ചക്രവാതച്ചുഴിയും ന്യൂനമർദമായി ശക്തിപ്പെടുമെന്ന് അറിയിപ്പുണ്ട്. ഈ സാഹചര്യത്തി മഴയുടെ ശക്തികൂടാനാണ് സാധ്യത.
ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് . മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ടാണ്. മഴ മുന്നറിയിപ്പ് വിശദമായി നോക്കാം.
ഓറഞ്ച് അലേർട്ട്
- 23 – 10 – 2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
- 24 – 10 – 2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
- 25 – 10 – 2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
യെല്ലോ അലേർട്ട്
- 23 – 10 – 2026: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
- 24 – 10 – 2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
- 25 – 10 – 2026: കണ്ണൂർ, കാസർകോട്
- 26 – 10 – 2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഉച്ചയ്ക്ക് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.







