ആലപ്പുഴ: ടാറ്റാ നഗർ എക്സ്പ്രസ് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് നീട്ടുന്നത് പ്രായോഗികമായ ബദലായി പരിഗണിക്കാമെന്ന നിർദേശം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ അറിയിച്ചതായി കെസി വേണുഗോപാൽ എംപി. എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചശേഷം മണിക്കൂറുകളോളം നിർത്തിയിടുന്ന ട്രെയിനാണ് ടാറ്റാനഗർ എക്സ്പ്രസ് ട്രെയിൻ എന്ന് എംപി പറഞ്ഞു.
യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ച് പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്ന മുറയ്ക്ക് ആലപ്പുഴയിൽ നിന്ന് ആരംഭിക്കുന്ന ദീർഘദൂര ട്രെയിൻ സർവീസുകൾ കൂടുതലായി അനുവദിക്കണമെന്ന ആവശ്യം കൂടി അറിയിച്ചിട്ടുണ്ടെന്ന് എംപി അറിയിച്ചു.
ഇക്കാര്യത്തിൽ എത്രയും വേഗം ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഇടപെടലുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ആലപ്പുഴ ജില്ലയുടെ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങളോട് അനുകൂല നിലപാടെടുക്കാൻ കഴിയില്ലെന്നത് കത്തിലൂടെ അശ്വനി വൈഷ്ണവിനെ അറിയിച്ചു. മെക്കാനിക്കൽ വിഭാഗത്തിന്റെ ശുപാർശകൾ പരിഗണിച്ച് ദക്ഷിണ റെയിൽവേയുടെ എൻജിനീയറിങ് ലേഔട്ടിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ആലപ്പുഴ യാർഡിൽ തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ പിറ്റ്‌ലൈൻ നിർമിക്കണമെന്നും റെയിൽവേ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് കെസി വേണുഗോപാൽ എംപി പറഞ്ഞു.
അമ്പലപ്പുഴ – ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന്റെ പേരിൽ ആലപ്പുഴയിലെ മെയിന്റനൻസ് ഡിപ്പോ അടച്ചുപൂട്ടാനും പിറ്റ്‌ലൈൻ പൊളിച്ചുനീക്കാനുമുള്ള റെയിൽവേയുടെ നീക്കം ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല. ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള നിർദേശം ഈ നീക്കത്തിന് മറയാണെന്നത് വ്യക്തമാണെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ എംപി വ്യക്തമാക്കി.
ആലപ്പുഴയിൽ നിന്ന് യാത്ര ആരംഭിച്ച് ആലപ്പുഴയിൽത്തന്നെ അവസാനിക്കുന്നതും ഉത്തരേന്ത്യയിലേക്ക് പ്രതിദിന സർവീസ് നടത്തുന്നതുമായ ഏക ട്രെയിനാണ് ധൻബാദ് – ആലപ്പുഴ എക്സ്പ്രസ്. ഈ സാഹചര്യത്തിൽ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സ്റ്റേഷനായി ആലപ്പുഴയെ നിലനിർത്തണമെന്ന ആവശ്യവും കേന്ദ്ര റെയിൽവേ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് കെസി വേണുഗോപാൽ എംപി അറിയിച്ചു.
കേരളത്തിലെ കോച്ച് മെയിന്റനൻസ് കേന്ദ്രങ്ങൾ കടുത്ത സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിൽ, നിലവിൽ പ്രവർത്തനക്ഷമമായ അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുനീക്കുന്നത് യുക്തിസഹമല്ലെന്ന് കെസി വേണുഗോപാൽ എംപി പറഞ്ഞു. ടാറ്റാ നഗർ എക്സ്പ്രസ് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് നീട്ടുന്നത് യാത്രക്കാർക്ക് നേട്ടമാകും. തലസ്ഥാന നഗരത്തിലേക്കുള്ള യാത്ര സുഗമമാക്കാനും മറ്റ് ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാനും സഹായകരമാകും.







