ദക്ഷിണാഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. ഇരുവരെയും ടീമില്‍ നിന്ന് ഒഴിവാക്കാനായി പലരും ശ്രമിച്ചെങ്കിലും തങ്ങളുടെ ഗംഭീര ബാറ്റിങ് പ്രകടനങ്ങള്‍ കൊണ്ട് കോലിയും രോഹിതും അവരുടെ വായടപ്പിച്ചു. ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രോകോ സഖ്യം നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മിന്നും ഫോമിലാണ്. അടുത്തിടെ നടന്ന വിന്‍ഡീസിനെതിരായ പരമ്പരയിലും ഇരുവരും തിളങ്ങിയിരുന്നു.
അതേസമയം 2027 ലോകകപ്പില്‍ കോലിയും രോഹിതും കളിക്കുമോ എന്ന കാര്യത്തില്‍ പ്രായം ഒരു ഘടകമായിരിക്കില്ല എന്ന് പറയുകയാണ് ബിസിസിഐ പ്രസിഡൻ്റ് മിഥുന് മന്‍ഹാസ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ടീമിലെ ഇവരുടെ സ്ഥാനത്തെ ചൊല്ലി ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ പ്രസിഡൻ്റ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചുമതലയേറ്റ അദ്ദേഹം, ശാരീരിക ക്ഷമത നിലനിര്‍ത്തുകയും ഉന്നതനിലവാരത്തില്‍ പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നിടത്തോളം കാലം ഈ മുതിര്‍ന്ന താരങ്ങള്‍ക്ക് കളിക്കുന്നത് തുടരാമെന്നും പറഞ്ഞു.
“എൻ്റെ കാഴ്ചപ്പാടിൽ, ടീം തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം ശാരീരികക്ഷമതയും പ്രകടനവുമായിരിക്കണം, അല്ലാതെ പ്രായമല്ല. ഒരാൾക്ക് കളിക്കാൻ ആവശ്യമായ ശാരീരികക്ഷമതയുണ്ടാവുക, മികച്ച പ്രകടനം കാഴ്ചവെക്കുക, രാജ്യത്തിനായി മത്സരങ്ങൾ വിജയിപ്പിച്ചുകൊടുക്കുക – ഇതൊക്കെയായിരിക്കണം നമ്മൾ പരിഗണിക്കേണ്ട ഏക മാനദണ്ഡം,” മൻഹാസ് ഒരു മാധ്യമത്തോട് പറഞ്ഞു.
ഏകദിന ലോകകപ്പില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് കോലിയുടെയും രോഹിത്തിൻ്റെയും സാന്നിദ്ധ്യം എത്രത്തോളം ഗുണം ചെയ്യുമെന്നതിനെ കുറിച്ചും മിഥുന് മന്‍ഹാസ് തുറന്നുപറഞ്ഞു.
“ഇന്ത്യയെ നയിക്കുന്നതിന് പുറമെ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഗുജറാത്ത് ടൈറ്റന്‍സിൻ്റെ ക്യാപ്റ്റനായും ഗില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകകപ്പ് കളിക്കാന്‍ ഇറങ്ങുമ്പോള്‍ ഈ അനുഭവപരിചയം അവന് എന്തായാലും ഗുണം ചെയ്യും. വിരാട്, രോഹിത്, ഹാര്‍ദിക് എന്നിവര്‍ ടീമിലുളളത് അവന് വലിയ സഹായമാകും. അതുപോലെ, ജസ്പ്രീത് ബുംറയെപ്പോലെയുള്ള താരങ്ങൾക്ക് ബൗളിംഗ് വിഭാഗത്തിൻ്റെ ചുമതല ഏറ്റെടുക്കാം, ഫീൽഡിംഗ് വിഭാഗത്തെ നയിക്കാൻ മറ്റൊരാളെയും നിയോഗിക്കാം. ചുരുക്കത്തിൽ, ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കുക എന്നതാണ് പ്രധാനം. കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടറിയണം. എങ്കിലും, വളരെ പക്വതയോടെ ചിന്തിക്കുന്ന വ്യക്തിയാണ് ശുഭ്മാൻ; മുതിർന്ന താരങ്ങൾ അദ്ദേഹത്തിനൊപ്പമുള്ളത് ഒരു മുതൽക്കൂട്ടായിരിക്കും,”മിഥുന് മന്‍ഹാസ് കൂട്ടിച്ചേര്‍ത്തു.
ഏകദിനത്തില്‍ നിലവില്‍ മിന്നുംഫോമിലുളള കോലി കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്നായി 76.25 ശരാശരിയില്‍ 307 റണ്‍സാണ് നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്തിടെ പുറത്താകാതെ 139 റണ്‍സ് നേടിയിരുന്നു താരം. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്നായി 77.80 ശരാശരിയില്‍ 389 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. ഈ മാസം ആദ്യം ഇംഗ്ലണ്ടിനെതിരെ നേടിയ 138 റണ്‍സ് ഉള്‍പ്പെടെ രണ്ട് സെഞ്ച്വറികളാണ് രോഹിത് അടിച്ചുകൂട്ടിയത്.





