45 വയസിന് മുകളിലുമുള്ള പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസറിനെക്കുറിച്ച് അറിവില്ലെന്ന് സർവേ റിപ്പോർട്ട്

0
3

ന്യൂഡൽഹി: ഇന്ത്യയിൽ 45 വയസും അതിൽ കൂടുതലുമുള്ള പത്തിൽ ആറ് പുരുഷന്മാർക്കും തങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ പരിശോധനയ്ക്ക് (സ്ക്രീനിങ്) വിധേയരായിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരെന്ന് സർവേ റിപ്പോർട്ട്. ഡൽഹി-എൻസിആർ, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 1,036 പുരുഷന്മാർക്കിടയിൽ ‘ഹീൽ ഫൗണ്ടേഷൻ’ (HEAL Foundation) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രോസ്റ്റേറ്റ് കാൻസറിൻ്റെ അപകടസാധ്യതകൾ, പരിശോധന, ചികിത്സാ മാർഗങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവില്ലായ്‌മയും ഡോക്‌ടർമാരുമായി പ്രോസ്റ്റേറ്റ് ആരോഗ്യത്തെക്കുറിച്ച് സംസാരിക്കാൻ പുരുഷന്മാർക്കുള്ള മടിയുമാണ് ഇതിന് കാരണമെന്ന് സർവേ പറയുന്നു. 84 ശതമാനം പേർ പരിശോധന നടത്തിയിട്ടില്ലാത്തവരോ, തങ്ങളുടെ പരിശോധനാ നിലയെക്കുറിച്ച് ഉറപ്പില്ലാത്തവരോ, അല്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്ന് കരുതുന്നവരോ ആണെന്ന് സർവേ പറയുന്നു.

പങ്കെടുത്തവരിൽ 68.9 ശതമാനം പേർക്കും പ്രോസ്റ്റേറ്റ് കാൻസറിൻ്റെ അപകടസാധ്യതയെക്കുറിച്ച് പറയാൻ കഴിഞ്ഞില്ലെന്നും 13.2 ശതമാനം പേർക്ക് മാത്രമേ കുടുംബ ചരിത്രം ഒരു അപകടസാധ്യത ഘടകമാണെന്ന് അറിയാമായിരുന്നുള്ളൂ എന്നും സർവേ കണ്ടെത്തി. ഏകദേശം 75 ശതമാനം പേരും പ്രോസ്റ്റേറ്റ് കാൻസർ പരിശോധന 50 വയസിലോ അതിനു ശേഷമോ മാത്രമേ ആരംഭിക്കാവൂ എന്ന് വിശ്വസിക്കുന്നവരാണ്.

പ്രോസ്റ്റേറ്റ് കാൻസറിനെക്കുറിച്ചുള്ള അവബോധത്തിൽ അടിസ്ഥാനപരമായ ഒരു വിടവ് നിലനിൽക്കുന്നുണ്ടെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. പത്തിൽ ഏഴ് പുരുഷന്മാർക്കും രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ച് അറിയില്ല, പത്തിൽ ആറുപേർക്കും തങ്ങൾ ഇതിനകം പരിശോധന (screening) നടത്തിയിട്ടുണ്ടോ എന്ന് ഉറപ്പില്ല. 45 വയസിനു മുകളിലുള്ള പുരുഷന്മാരുടെ പതിവ് ആരോഗ്യ ചർച്ചകളിൽ പ്രോസ്റ്റേറ്റ് ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു.

“രോഗസാധ്യത, പരിശോധന, ഡോക്‌ടറെ എപ്പോൾ സമീപിക്കണം എന്നിവയെക്കുറിച്ചുള്ള അറിവ് എന്നിവ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത ആരോഗ്യ സംരക്ഷണ തീരുമാനങ്ങൾ എടുക്കുന്നതിനായുള്ള ആദ്യപടിയാണ്” എന്ന് ഡൽഹിയിലെ മാക്‌സ് ഹെൽത്ത്‌കെയറിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം വൈസ് ചെയർമാൻ ഡോ. ദേവവ്രത് ആര്യ പറഞ്ഞു. പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് ഭാഗം പേരും വാർഷിക പൊതു ആരോഗ്യ പരിശോധനകൾക്ക് വിധേയരാകാറുണ്ടെന്ന് വ്യക്തമാക്കിയിട്ടും പ്രോസ്റ്റേറ്റ് കാൻസർ പരിശോധന നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.

60.8 ശതമാനം പേർക്കും തങ്ങളുടെ പ്രോസ്റ്റേറ്റ് കാൻസർ പരിശോധനാ നിലയെക്കുറിച്ച് (screening status) അറിവില്ല. അതേസമയം, ആറിൽ ഒരാൾക്ക് മാത്രമേ തങ്ങൾ പരിശോധനയ്ക്ക് വിധേയരായിട്ടുള്ളൂ എന്ന് പറയാൻ കഴിഞ്ഞുള്ളൂ. പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആൻ്റിജൻ (PSA) രക്തപരിശോധനയെക്കുറിച്ചുള്ള അറിവും പരിമിതമാണ്. 31 ശതമാനം പേർക്ക് മാത്രമേ ഇതിനെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നുള്ളൂ, 14 ശതമാനം പേർ മാത്രമാണ് ഈ പരിശോധന പ്രത്യേകം ആവശ്യപ്പെട്ടത്.

പുരുഷന്മാർ പൊതുവായ ആരോഗ്യ പരിശോധനകളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും പ്രോസ്റ്റേറ്റ് ആരോഗ്യം ആ ചർച്ചകളുടെ ഭാഗമാകുന്നില്ല എന്ന ആശങ്കാജനകമായ അവസ്ഥയാണ് ഈ സർവേ വെളിപ്പെടുത്തുന്നതെന്ന് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (FMRI) മെഡിക്കൽ ഓങ്കോളജി വിഭാഗം പ്രിൻസിപ്പൽ ഡയറക്ടർ ഡോ. നിതേഷ് റോഹത്ഗി പറഞ്ഞു.

പങ്കെടുത്തവരിൽ 84 ശതമാനം പേരും പരിശോധനയ്ക്ക് വിധേയരായിട്ടില്ലാത്തവരോ, തങ്ങളുടെ പരിശോധനാ നിലയെക്കുറിച്ച് ഉറപ്പില്ലാത്തവരോ, അല്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്ന് കരുതുന്നവരോ ആണ്. പ്രോസ്റ്റേറ്റ് കാൻസർ സാധ്യതയെക്കുറിച്ചും രോഗം നേരത്തേ കണ്ടെത്തുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പുരുഷന്മാരെ ബോധവത്ക്ക‌രിക്കുന്നതിൽ ഇനിയും എത്രത്തോളം പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് സർവേ കാണിച്ചുതരുന്നു.

ഇത്തരം ചർച്ചകൾ മുൻകൈയെടുത്ത് ആരംഭിക്കുകയും ഓരോ വ്യക്തിയുടെയും രോഗസാധ്യതയും വൈദ്യോപദേശവും അടിസ്ഥാനമാക്കി മുന്നോട്ട് കൊണ്ടുപോകുകയും വേണം. പ്രോസ്റ്റേറ്റ് കാൻസറിനെ നേരിടുന്നതിലെ പ്രധാന തടസം അവബോധക്കുറവ് തന്നെയാണ്. പ്രായമായ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ഈ രോഗത്തെക്കുറിച്ച് പരിമിതമായ അറിവ് മാത്രമേയുള്ളൂ. രോഗലക്ഷണങ്ങളെ പലപ്പോഴും വാർധക്യസഹജമായ സാധാരണ മാറ്റങ്ങളായി തെറ്റിദ്ധരിക്കുകയും അതുമൂലം രോഗനിർണയം വൈകുകയും ചെയ്യുന്നു.

“രോഗം സ്ഥിരീകരിച്ചാൽ പോലും ഈ അറിവിൻ്റെ വിടവ് പരിഹരിക്കപ്പെടുന്നില്ല. റേഡിയോലിഗാൻഡ് തെറാപ്പി (radioligand therapy) പോലുള്ള നൂതന ചികിത്സാ രീതികളെക്കുറിച്ച് രോഗികൾക്കും കുടുംബങ്ങൾക്കും പലപ്പോഴും അറിവുണ്ടാകാറില്ല. അതിനാൽ, മറ്റ് മാർഗങ്ങളെക്കുറിച്ച് ആരും പറഞ്ഞുതരാത്തതുകൊണ്ട് മാത്രം പലരും പരമ്പരാഗത ചികിത്സാ രീതികൾ തുടരുന്നു. രോഗനിർണയത്തിന് മുമ്പും ശേഷവുമുള്ള ഈ അവബോധക്കുറവ് പരിഹരിക്കുന്നത്, രോഗികൾക്ക് കൃത്യസമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്” ഡോ. റോഹത്ഗി പറഞ്ഞു.

സ്പെഷ്യലിസ്റ്റ് ചികിത്സയെക്കുറിച്ചുള്ള അവബോധ കുറവും സർവേയിൽ വ്യക്തമായിട്ടുണ്ട്. ആരോഗ്യ വിവരങ്ങൾക്കായി ഡോക്ടർമാരെയാണ് ഭൂരിഭാഗം പേരും (67 ശതമാനം) ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എങ്കിലും, പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സ തേടേണ്ടത് യൂറോളജിസ്റ്റിനെയാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞത് 36 ശതമാനം പേർ മാത്രമാണ്. ഏകദേശം 44 ശതമാനം പേരും ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് മറ്റൊരു ഡോക്‌ടറുടെ അഭിപ്രായം തേടുമെന്ന് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here