തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ നീന്തൽ മത്സരങ്ങൾക്കിടെ തൃശൂർ അക്ക്വാറ്റിക്സ് കോംപ്ലക്സിൽ താൽക്കാലികമായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവത്തിൽ വിമർശനം ശക്തമായതോടെ നടപടികളുമായി കായിക വകുപ്പ് . സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. സംഭവം നടന്ന അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ചുള്ള ഉത്തരവ് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിന് നൽകിയതായി അദ്ദേഹം അവകാശപ്പെട്ടു. മന്ത്രി സംഭവസ്ഥലം സന്ദർശിക്കുക പോലും ചെയ്യാതിരുന്നത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതെത്തുടർന്ന് ഇന്ന് അദ്ദേഹം സ്ഥലത്തെത്തുകയും ചെയ്തു.
ഈ സംഭവത്തിലെ പാളിച്ച കൂടാതെ ഭാവിയിൽ കായിക മേളകൾ നടത്തുമ്പോൾ പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. സംഭവം നടന്ന ദിവസം തന്നെ താൻ പൊതുവിദ്യാഭ്യാസ മന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ കായിക മേളയുടെ നടത്തിപ്പിൽ സംഭവിച്ച പാളിച്ച സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വീഴ്ച്ചയുണ്ടെങ്കിൽ സർക്കാർ നടപടി സ്വീകരിക്കും. മേള ആര് നടത്തിയാലും സർക്കാരിന് ഉത്തരവാദിത്വം ഒരുപോലെയാണ്. കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൊതുവിദ്യാഭ്യാസ വകുപ്പിനും തുടർനടപടികൾക്കായി കൈമാറും. താൽക്കാലികമായുള്ള പന്തൽ നിർമ്മാണത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങുന്നത് ഉൾപ്പെടെ പാളിച്ച ഉണ്ടായി എന്ന വസ്തുത മറച്ചുപിടിക്കാൻ സാധിക്കില്ല.
ജില്ലാ കളക്ടർ സംഭവം ഉണ്ടായ ദിവസം തന്നെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് നടപടി ഉണ്ടാകുമെന്നു കേസ് എടുക്കാത്തതിനെക്കുറിച്ചുയർന്ന ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
ഏതു വകുപ്പ് കായിക മേള നടത്തിയാലും അതിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും. മത്സരങ്ങൾ ആര് നടത്തിയാലും മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളും കളിക്കാരും കായിക കേരളത്തിന്റെ സ്വത്താണ്. അവരുടെ സുരക്ഷാ ഉറപ്പാക്കേണ്ട ചുമതല എല്ലാവർക്കുമുണ്ട്. ഇത്തരത്തിലുള്ള പല കായിക മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പോരായ്മകളെക്കുറിച്ച് പരാതികൾ വരുന്നുണ്ട്. ഇതര വകുപ്പുകളും സംഘടനകളും കായിക മത്സരങ്ങൾ നടത്തുന്നതിനുള്ള പ്രോട്ടോക്കോൾ കായികവകുപ്പ് നോട്ടിഫൈ ചെയ്യും. അക്വാറ്റിക്സ് സന്ദർശനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ഉറപ്പ് നൽകി. രാജൻ ജെ പല്ലൻ എം എൽ എ, മേയർ ഡോ നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.







