1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെ കാലവർഷം

0
4
Transparent umbrella under heavy rain against water drops splash background. Rainy weather concept.

കാസർകോട്: കാലവർഷ കലണ്ടർ അവസാനിക്കുമ്പോൾ കേരളത്തിൽ ഇത്തവണ രേഖപ്പെടുത്തിയത് വലിയ മഴക്കുറവ്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 1446.5 മില്ലിമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചതെന്ന് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു. 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെ മഴക്കാലമാണിത്.

2001ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നാലാമത്തെ മഴക്കാലമാണിത്. ഏറ്റവും മഴ കുറഞ്ഞ പത്ത് വർഷങ്ങളുടെ പട്ടികയിലും 2026 ഇടംപിടിച്ചു. 1918ലാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് (1104.3 മില്ലിമീറ്റർ). 1976ൽ 1296.4 മില്ലിമീറ്ററും 1987ൽ 1324.5 മില്ലിമീറ്ററും മഴ ലഭിച്ചു. 2023ൽ 1326.6, 2016ൽ 1352.3, 2002ൽ 1361.7, 1952ൽ 1477.4, 1986ൽ 1498.4, 1994ൽ 1498.7 മില്ലിമീറ്റർ എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ കണക്കുകൾ. എന്നാൽ 2023നെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ മഴ ലഭിച്ചു എന്നത് നേരിയ ആശ്വാസമാണ്. കാലവർഷം ഇന്ത്യ വിട്ടുപോയില്ലെങ്കിലും ഇനി ലഭിക്കുന്ന മഴ തുലാവർഷത്തിൻ്റെ കണക്കിലാകും ഉൾപ്പെടുത്തുക.

വയനാട്ടിൽ കനത്ത തിരിച്ചടി

2026 ൽ രേഖപ്പെടുത്തിയത് റെക്കോർഡ് മഴക്കുറവ് 

മൺസൂൺ കാലയളവിൽ കേരളത്തിൽ ആകെ 28 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിൽ ഇത് 29 ശതമാനമാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. പകുതി മഴ പോലും ലഭിക്കാത്ത വയനാട്ടിൽ 53 ശതമാനത്തിൻ്റെ കുറവുണ്ടായി. ഇടുക്കിയിൽ 47 ശതമാനവും കൊല്ലത്ത് 38 ശതമാനവും മഴ കുറഞ്ഞു. ആലപ്പുഴയിൽ 32 ശതമാനത്തിൻ്റെയും പാലക്കാട്, തൃശൂർ ജില്ലകളിൽ 30 ശതമാനം വീതവും മഴക്കുറവ് രേഖപ്പെടുത്തി. അതേസമയം കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴ കിട്ടിയിട്ടുണ്ട്.

ഈ വർഷം ലഭിച്ച മൺസൂൺ മഴയുടെ കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ വ്യക്തമാക്കി. വയനാട്ടിൽ പകുതി മഴ പോലും ലഭിച്ചിട്ടില്ലെന്നും തുലാവർഷം കൂടി കനിഞ്ഞില്ലെങ്കിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കാലവർഷം പിൻവാങ്ങുന്നു

2026 ൽ രേഖപ്പെടുത്തിയത് റെക്കോർഡ് മഴക്കുറവ്

രാജ്യത്ത് കാലവർഷം പിൻവാങ്ങിത്തുടങ്ങി. രാജസ്ഥാനിൽ നിന്നാണ് പിൻവാങ്ങൽ ആരംഭിച്ചത്. അന്തരീക്ഷത്തിലെ മർദമേഖലയിൽ എതിർച്ചുഴലി രൂപപ്പെടുക, അഞ്ചുദിവസമായി മഴ ഒഴിഞ്ഞുനിൽക്കുക, ഉപഗ്രഹ നിരീക്ഷണത്തിൽ അന്തരീക്ഷത്തിൽ ഈർപ്പത്തിൻ്റെ സാന്നിധ്യം ഇല്ലാതിരിക്കുക തുടങ്ങിയവയാണ് കാലവർഷം വിടവാങ്ങിയെന്ന് സ്ഥിരീകരിക്കുന്നതിൻ്റെ മാനദണ്ഡങ്ങൾ.

കേരളത്തിൽ നിന്നാകും കാലവർഷം അവസാനമായി പിൻവാങ്ങുക. ഒക്ടോബർ 15നോ അതിനുശേഷമോ ആയിരിക്കും ഇത്. കാലവർഷം എത്തുന്ന സമയത്തെന്ന പോലെ പിൻവാങ്ങുമ്പോഴും കേരളത്തിൽ സാധാരണ മഴ ലഭിക്കാറുണ്ട്. കഴിഞ്ഞ വർഷം ന്യൂനമർദത്തിൻ്റെ ഫലമായി ഈ സമയത്ത് ശക്തമായ മഴ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here