കേരളത്തിൻ്റെ പച്ചപ്പും ജൈവവൈവിധ്യവും എന്നും ദേശാടനപ്പക്ഷികളുടെ ഇഷ്ടസങ്കേതങ്ങളിലൊന്നാണ്. ഹിമാലയത്തിലും മധ്യേഷ്യയിലും യൂറോപ്പിലുമെല്ലാം തണുപ്പുകാലത്ത് ജീവിക്കാൻ കഴിയാതെ വരുമ്പോൾ, ആയിരക്കണക്കിന് മൈലുകൾ താണ്ടി നമ്മുടെ തീരങ്ങളിലേക്കും കാടുകളിലേക്കും എത്തുന്ന വിരുന്നുകാർ പ്രകൃതിസ്നേഹികൾക്ക് എപ്പോഴും വലിയ കൗതുകമാണ്. കടലുണ്ടിയും കാപ്പാടും ചാവക്കാടുമെല്ലാം ഇത്തരം അതിഥികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്.
എന്നാൽ, മാറുന്ന പ്രകൃതിയും മനുഷ്യൻ്റെ ഇടപെടലുകളും ഈ പക്ഷികളുടെ വരവിനെ എങ്ങനെ ബാധിക്കുന്നു? കേരളത്തിലെത്തുന്ന ദേശാടനപ്പക്ഷികൾ ഇവിടെ വംശവർധനവ് നടത്താറുണ്ടോ? ചില പക്ഷികൾ ഒറ്റക്കാലിൽ നിൽക്കുന്നതിൻ്റെ കാരണമെന്ത്? മണ്ണാത്തിപ്പുള്ള് എന്തിനാണ് പാട്ടുപാടുന്നത്? മയിൽ എങ്ങനെ നമ്മുടെ ദേശീയ പക്ഷിയായി മാറി?
ഇത്തരം കൗതുകകരമായ അനവധി ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമൊപ്പം, കേരളത്തിലെ 569-ഓളം പക്ഷികളുടെ ഇംഗ്ലീഷ്, മലയാളം, ശാസ്ത്രീയ നാമങ്ങളും അപൂർവ ചിത്രങ്ങളും ഉൾപ്പെടുത്തി പ്രമുഖ പക്ഷിനിരീക്ഷകൻ ഡോ. അബ്ദുല്ല പാലേരി തയ്യാറാക്കിയ “കേരളത്തിലെ പക്ഷികൾ സ്വദേശികളും വിദേശികളും” എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം അടുത്ത ദിവസം നടക്കുകയാണ്. ഈ സവിശേഷ ഗ്രന്ഥത്തിൻ്റെ പശ്ചാത്തലത്തിലൂടെ, കേരളത്തിൻ്റെ പക്ഷിലോകത്തിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍ ഇ ടിവി ഭാരതിനോട് പങ്കുവെയ്ക്കുകയാണ് ഡോ. അബ്‌ദുള്ള പാലേരി.
കേരളത്തിൽ വിവിധയിനം പക്ഷികൾ മുട്ടയിട്ട് വിരിയിക്കാറുണ്ട്. എന്നാൽ ഇവിടെയെത്തുന്ന ദേശാടനപക്ഷികൾ കേരളത്തിൽ വംശവർധനവ് നടത്താറുണ്ടോ?
ദേശാടനത്തെ പ്രധാനമായും രണ്ടുതരത്തിൽ കാണാം. ഒന്ന് ശീതകാല ദേശാടനം (വിൻ്ററിങ് മൈഗ്രേഷൻ) ഹിമാലയം, ടിബറ്റ്, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ മഞ്ഞുമൂടുന്ന കാലത്ത് ഭക്ഷണവും അനുകൂല കാലാവസ്ഥയും തേടി പക്ഷികൾ കേരളത്തിലേക്ക് വരുന്നു. അതിനുശേഷം ഏപ്രിൽ- മേയ് മാസങ്ങളോടെ തിരികെ പോയി സ്വന്തം നാടുകളിൽ കൂടു കൂട്ടി കുഞ്ഞുങ്ങളെ വിരിയിക്കുന്നു. ഗ്രീഷ്മകാല ദേശാടനം (സമ്മർ മൈഗ്രേഷൻ) ആണ് രണ്ടാമത്തേത്. വേനൽക്കാലത്ത് ഇവിടെയെത്തി കൂടു കൂട്ടുന്ന പക്ഷികളുടെ കാലം. ഉദാഹരണത്തിന്, ചെറുവാലൻ മീവൽക്കാട (Oriental Pratincol)യും വിഷുപ്പക്ഷി (Indian Cuckoo)യും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് വിഷുപ്പക്ഷി ഇവിടെയെത്തി മറ്റു പക്ഷികളുടെ കൂട്ടിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച ശേഷം തിരികെ പോകുന്നത്. അല്ലാതെ ഇവിടെ സ്ഥിരതാമസമാക്കി വംശവർധനവ് നടത്തുന്ന സ്വഭാവം ദേശാടനപക്ഷികൾക്കില്ല.
പ്രകൃതിചൂഷണം കാരണം ദേശാടനപക്ഷികളുടെ വരവിൽ കുറവോ തടസ്സങ്ങളോ അനുഭവപ്പെടുന്നുണ്ടോ? തീർച്ചയായും. ദേശാടനപക്ഷികൾ സ്ഥിരമായി എത്തുന്ന കേന്ദ്രങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ അവയുടെ വരവിനെ ബാധിക്കും. ഉദാഹരണത്തിന് കടലുണ്ടിയിൽ മുൻപത്തേക്കാൾ പക്ഷികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ചില കണ്ടൽക്കാടുകളുടെ വ്യാപനവും ചെളിത്തിട്ടകളുടെ ഉറപ്പ് കൂടിയതും കാരണം തീരദേശ പക്ഷികൾക്ക് കൊക്കു കുത്തി ഇരപിടിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. കൂടാതെ ഞണ്ട്, ചെമ്മീൻ കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞതും ഭക്ഷണക്ഷാമത്തിന് കാരണമാകുന്നുണ്ട്.
മികച്ച അധ്യാപകനുള്ള ദേശീയ- സംസ്ഥാന അവാർഡുകൾ നേടിയ ആളാണ് താങ്കൾ. കുട്ടികളുമായുള്ള ബന്ധവും പഠനരംഗത്തെ അനുഭവവും പക്ഷിനിരീക്ഷണത്തെ എങ്ങനെയാണ് സ്വാധീനിച്ചത്? എൻ്റെ ഈ പ്രവർത്തനങ്ങൾക്ക് മുഴുവൻ ഞാൻ കുട്ടികളോടാണ് കടപ്പെട്ടിരിക്കുന്നത്. ക്ലാസുകളിലും പ്രൈമറി വിദ്യാലയങ്ങളിലും ചെല്ലുമ്പോൾ കുട്ടികൾ പ്രകൃതിയെക്കുറിച്ചും പക്ഷികളെക്കുറിച്ചും നിരന്തരം സംശയങ്ങൾ ചോദിക്കും. ആ സംശയങ്ങളാണ് ഉത്തരം തേടിപ്പോകാൻ എന്നെ പ്രേരിപ്പിച്ചത്. കൂടാതെ മറ്റ് പക്ഷിനിരീക്ഷകരും സുഹൃത്തുക്കളും നൽകുന്ന വിവരങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായി ‘ഹനുമാൻ മണൽക്കോഴി’ (Hanuman Plover)യെ കണ്ടെത്തിയത് കാപ്പാട് വെച്ചാണ്. അതുപോലെ ‘കാസ്പിയൻ കടൽക്കാക്ക'(Caspian Gull) എന്ന ഇന്ത്യയിൽ തന്നെ അപൂർവമായി കാണുന്ന പക്ഷിയെ ആദ്യമായി കണ്ടെത്തിയതും ഞാനാണ്. അടുത്തിടെ തൃശൂരിലെ പക്ഷിനിരീക്ഷകൻ പി. പി. ശ്രീനിവാസൻ ചാവക്കാട് കടപ്പുറത്ത് വെച്ച് ടാഗ് ചെയ്ത ഒരു ‘ടിബറ്റൻ മണൽക്കോഴി'(Tibetan Sandplover )യുടെ ഫോട്ടോ എടുത്ത് അയച്ച് തന്നിരുന്നു. അന്വേഷിച്ചപ്പോൾ ഒരു വർഷം മുൻപ് മുംബൈയിൽ വെച്ച് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (BNHS) ടാഗ് ചെയ്ത് വിട്ട പക്ഷിയാണതെന്ന് വ്യക്തമായി.
പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട് പുതിയ പുസ്തകങ്ങൾ അല്ലെങ്കിൽ എഴുത്തുകൾ തയാറാക്കുന്നുണ്ടോ? അതെ. കേരളത്തിലെ ഏകദേശം 569-ഓളം പക്ഷികളുടെ ഇംഗ്ലീഷ് പേര്, മലയാളം പേര്, ശാസ്ത്രനാമം എന്നിവ ഉൾപ്പെടുത്തിയുള്ള പുസ്തകത്തിൻ്റെ പണിപൂർത്തിയായിക്കഴിഞ്ഞു. കോഴിക്കോട്ടെ ഭാഷോ ബുക്സ് ആണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾ ഇവിടെ വിവാഹം കഴിച്ചും മറ്റും സ്ഥിരതാമസമാക്കുന്നത് പോലെ, ദേശാടനപ്പക്ഷികൾ ഇവിടെ സ്ഥിരതാമസമാക്കാറുണ്ടോ?ഇല്ല, ദേശാടനപ്പക്ഷികൾ സാധാരണയായി മഴക്കാലത്തിന് മുൻപായി തിരികെ പോകാറാണ് പതിവ്. എന്നാൽ ചില പക്ഷികൾ ജൂൺ, ജൂലൈ മാസങ്ങളിലെ മഴക്കാലത്തും കുറച്ചുകാലം ഇവിടെ തുടരാറുണ്ട്. പൂർണമായി ഇവിടെ സ്ഥിരതാമസമാക്കുന്ന സ്വഭാവം ദേശാടനപ്പക്ഷികൾക്കില്ല. എന്നാൽ അപൂർവമായി ചില പക്ഷികൾ മഴക്കാലം കഴിഞ്ഞിട്ടും പോകാതെ നിൽക്കാറുണ്ട്. ഈ വർഷം കൊല്ലം ജില്ലയിൽ ‘ഞണ്ടുണ്ണി’ എന്ന് വിളിക്കുന്ന ഒരു ദേശാടനപ്പക്ഷി മഴക്കാലമായിട്ടും തിരികെ പോകാതെ ഇപ്പോഴും അവിടെത്തന്നെയുണ്ട്. ആ പക്ഷിയുടെ ഫോട്ടോ ഫൈസൽ ഫസലുദ്ധീൻ എന്ന ഫോട്ടോഗ്രാഫറാണ് എനിക്ക് അയച്ചു തന്നത്.
ഡോ. അബ്‌ദുള്ള പാലേരി നീലക്കോഴികളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഡോക്ടറൽ ബിരുദം. 1997-ൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന അന്താരാഷ്ട്ര പക്ഷി ഗവേഷക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ചു. പക്ഷിനിരീക്ഷണം അറിവും വിനോദവും, വരൂ നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം, പക്ഷിലോകത്തെ വിശേഷങ്ങൾ, നിപയും വവ്വാലുകളും എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
വരൂ നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം എന്ന പുസ്തകത്തിന് മികച്ച ശാസ്ത്ര പുസ്തകത്തിനുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുരസ്കാരം ലഭിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി ആനുകാലികങ്ങളിൽ ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചാനലുകളിലും ആകാശവാണിയിലും വന്യജീവികളെക്കുറിച്ച് പരിപാടികൾ അവതരിപ്പിക്കാറുണ്ട്. മികച്ച അധ്യാപകനുള്ള സംസ്ഥാന ദേശിയ അവാർഡുകൾ കരസ്ഥമാക്കി. ഇപ്പോൾ പേരാമ്പ്രയിലെ ഡിഗ്നിറ്റി കോളജിൽ അധ്യാപകനായി ജോലി ചെയ്യുന്നു. ഭാര്യ: ഫരീദ. മക്കൾ: ആസിഫ്, അമൽ.









