സംസ്ഥാനത്ത് വൻ ലഹരിവേട്ട;

0
4

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വേട്ട ശക്തമാക്കി പൊലീസ്. തിരുവനന്തപുരത്ത് 100 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെയും, ഡൽഹിയിൽ വൻ ലഹരിമരുന്ന് നിർമാണ കേന്ദ്രം നടത്തിയിരുന്ന രണ്ട് വിദേശ വനിതകളെയും അന്വേഷണ സംഘം പിടികൂടി.

തലസ്ഥാനത്ത് സാഹസികമായ ലഹരിവേട്ട
തിരുവനന്തപുരം നഗരത്തിൽ കാറിൽ എംഡിഎംഎ കടത്താൻ ശ്രമിക്കവെയാണ് രണ്ട് യുവാക്കളെ ആൻ്റി-നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് അതിസാഹസികമായി പിടികൂടിയത്. ശ്രീകാര്യം സ്വദേശി അനന്തകൃഷ്‌ണൻ, തുമ്പ സ്വദേശി തോമസ് എന്നിവരാണ് അറസ്റ്റിലായത്. ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്‌ത നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തകൃഷ്‌ണനെന്ന് പൊലീസ് വ്യക്തമാക്കി.

കഴക്കൂട്ടം, ടെക്നോപാർക്ക് മേഖലകളിൽ വിൽപന നടത്താൻ ലക്ഷ്യമിട്ടാണ് പ്രതികൾ മയക്കുമരുന്ന് കടത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്വകാര്യ വാഹനത്തിൽ പ്രതികളെ നിരീക്ഷിച്ചുകൊണ്ടിരുന്ന ജില്ല ആൻ്റി-നാർക്കോട്ടിക്‌സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് സംഘം ഇവരെ തടയാൻ ശ്രമിച്ചു. എന്നാൽ തങ്ങളെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും തങ്ങളുടെ കാർ പൊലീസ് വാഹനത്തിലിടിപ്പിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സംഘം വാഹനം പിന്തുടർന്ന് ബൈപാസ് ജംക്ഷന് സമീപം തടഞ്ഞുനിർത്തിയാണ് രണ്ടുപേരെയും പിടികൂടിയത്.

കാറിൻ്റെ പെട്രോൾ ടാങ്ക് ലിഡിനുള്ളിൽ നിന്ന് എംഡിഎംഎ അടങ്ങിയ ഒരു പാക്കറ്റും, പ്രതികളിലൊരാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മറ്റൊരു പാക്കറ്റും കണ്ടെടുത്തു. ഇവർക്ക് മയക്കുമരുന്ന് നൽകിയവരെ കണ്ടെത്താനായി പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവർ സ്ഥിരമായി മയക്കുമരുന്ന് വിറ്റിരുന്നവരെക്കുറിച്ചും അന്വേഷണത്തിൻ്റെ ഭാഗമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഡൽഹിയിലെ ലഹരി ഫാക്‌ടറി കുടുങ്ങിയത് ഇങ്ങനെ
ന്യൂമാഹിയിൽ 0.6 ഗ്രാം എംഡിഎംഎയുമായി രജിനാസ് എന്നയാൾ പിടിയിലായതാണ് ഡൽഹിയിലെ വൻ ലഹരിമരുന്ന് നിർമാണ കേന്ദ്രം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ഈ കേസിൻ്റെ അന്വേഷണമാണ് ഡൽഹി ബുരാരിയിലെ രഹസ്യകേന്ദ്രത്തിൽ എത്തിയത്. ഇവിടെ നിന്ന് അന്താരാഷ്ട്ര ലഹരി സംഘത്തിലെ രണ്ട് വിദേശ വനിതകളെ കണ്ണൂർ സിറ്റി പൊലീസ് സ്‌ക്വാഡ് അതിസാഹസികമായി പിടികൂടി.

നൈജീരിയ സ്വദേശിനി ചിനെലോ ലിലിയൻ (36), കാമറൂൺ സ്വദേശിനി ഫിലോമെനെ ചാൻസെലിൻ (30) എന്നിവരാണ് പൊലീസിൻ്റെ വലയിലായത്. ഡൽഹി കേന്ദ്രീകരിച്ച് മാരക ലഹരിവസ്‌തുവായ എംഡിഎംഎ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തത് ഇവരാണെന്ന് റേഞ്ച് ഡിഐജി കെ. കാർത്തിക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡ്രൈ ഫ്രൂട്ട്സ് കടയുടെ മറവിലായിരുന്നു ഇവർ ലഹരിമരുന്ന് നിർമിച്ചിരുന്നത്.

ഇവിടെ നിന്ന് കേരളത്തിലേക്ക് ഉൾപ്പെടെ വൻതോതിൽ എംഡിഎംഎ കടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ലഹരിമരുന്ന് ശൃംഖലകൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് പൊലീസിൻ്റെ തീരുമാനം. യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here