ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് ബെംഗളുരു ശാന്തി നഗറിലെ ഇഡി ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും തുടര്‍ന്നുള്ള ചോദ്യംചെയ്യലിന് ഇനിയും വിളിപ്പിച്ചേക്കുമെന്നുമാണ് വിവരം. ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന് ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത്. അനൂപ് മുഹമ്മദിന്റെ ഇടപാടുകളെ കുറിച്ച് തനിക്കറിയില്ലെന്ന മൊഴി ബിനീഷ് അവര്ത്തിച്ചതായാണ് വിവരം. വൈകുന്നേരം അഞ്ചു മണിയോടെ ഇഡി ഓഫീസില്‍നിന്ന് പുറത്തേക്കു വന്ന ബിനീഷ് കോടിയേരിക്ക് ചെറിയ രീതിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.