വയസാകുമ്പോൾ ആളുകളിൽ മറവി കൂടുന്നത് സ്വാഭാവികമാണ്. എന്നാൽ പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത് പ്രായമായവരിൽ ഓർമകൾ പൂർണമായും മാഞ്ഞുപോകുകയല്ല, മറിച്ച് ഓർമകളുടെ കൃത്യത കുറയുകയാണ് ചെയ്യുന്നത് എന്നാണ്. ‘സെറിബ്രൽ കോർട്ടക്‌സ്’ (Cerebral Cortex) എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിൻ്റെ ശാസ്ത്രീയ കാരണങ്ങൾ വിശദീകരിക്കുന്നത്.
ഓർമകളുടെ 3 ഘട്ടങ്ങൾ
ഓർമമ്മ എന്നത് സങ്കീർണമായ ഒരു പ്രക്രിയയാണ്. എല്ലാം ശരിയായി പ്രവർത്തിക്കുമ്പോൾ പോലും, ആളുകൾ പ്രത്യേക സംഭവങ്ങൾ ഓർമിച്ചെടുക്കുന്ന രീതിയിൽ പല ഘട്ടങ്ങൾ അടങ്ങിയിരിക്കുന്നു. തലച്ചോറിൽ ഓർമകൾ രൂപപ്പെടുന്നത് മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ്.
നിങ്ങൾ ഒരു സുഹൃത്തുമായി സംസാരിക്കുന്നു എന്നിരിക്കട്ടെ, ഒരു സംഭവം നടക്കുമ്പോൾ അതിലെ വിശദാംശങ്ങൾ അനുഭവിക്കുകയും അറിയുകയും ചെയ്യുന്നതാണ് ഓർമയുടെ ആദ്യ ഘട്ടം. ഈ വിശദാംശങ്ങൾ തലച്ചോറിലെ ‘ഫയൽ ക്യാബിനറ്റിൽ’ സൂക്ഷിക്കുന്നതാണ് രണ്ടാമത്തെ ഘട്ടം.
ഒരാഴ്‌ചയ്ക്ക് ശേഷം ആ സുഹൃത്തുമായുള്ള സംഭാഷണം ഓർമിക്കാൻ ശ്രമിക്കുമ്പോൾ, ആ ഫയൽ ക്യാബിനറ്റിൽ നിന്ന് കൃത്യമായ ഫയൽ തിരഞ്ഞുപിടിക്കേണ്ടി വരുന്നതാണ് മൂന്നാമത്തെ ഘട്ടം. വിവരങ്ങൾ വീണ്ടെടുക്കുന്ന ഈ അവസാന ഘട്ടത്തെയാണ് പലരും ‘ഓർമ’ എന്ന് കരുതുന്നത്.
പ്രായമായവരിൽ മൂന്നാമത്തെ ഘട്ടത്തിലാണ് പ്രധാനമായും തകരാറുകൾ സംഭവിക്കുന്നത്. ഒരു സുഹൃത്തിനോട് സംസാരിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ, അന്ന് രാവിലെ പങ്കാളിയോട് സംസാരിച്ച വിവരങ്ങളുമായി തലച്ചോറ് അത് വെറുതെ കൂട്ടിക്കുഴയ്ക്കുന്നു.
സാമൂഹിക ജീവിതത്തെ ബാധിക്കുന്ന ഭയം
ആളുകളുടെ പേരുകളും സംഭവങ്ങളും കൃത്യമായി ഓർത്തു വെക്കുക എന്നത് സാമൂഹിക ജീവിതത്തിൽ വളരെ പ്രധാനമാണ്. പരിചയക്കാരുടെ പേരുകൾ തെറ്റായി വിളിക്കുന്നത് പലപ്പോഴും അപമാനത്തിന് കാരണമാകുന്നു. ഓർമകൾ തെറ്റിപ്പോകുമോ എന്ന ഭയം കാരണം പല പ്രായമായവരും ആളുകളുമായി ഇടപഴകാതെ ഒറ്റപ്പെടാൻ തിരഞ്ഞെടുക്കാറുണ്ട്.
പഠനം നടന്നത് എങ്ങനെ?
ന്യൂയോർക്കിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ യുവാക്കളുടെയും മധ്യവയസ്‌കരുടെയും പ്രായമായവരുടെയും തലച്ചോറുകൾ സ്‌കാൻ ചെയ്‌തു. സ്‌കാനിംഗിനിടെ, ചില ആളുകളുടെ മുഖങ്ങളും അതിനൊപ്പം പ്രകൃതിദൃശ്യങ്ങളോ ആപ്പിൾ പോലുള്ള വസ്‌തുക്കളോ ഇവരെ കാണിച്ചു. പിന്നീട് 20 മിനിറ്റ് വിശ്രമത്തിനു ശേഷം, മുൻപ് കണ്ട മുഖം ഏത് ദൃശ്യവുമായാണ് ബന്ധപ്പെട്ടിരുന്നതെന്ന് ഓർത്തെടുക്കാൻ ആവശ്യപ്പെട്ടു. പഠനത്തിൽ പ്രായമായവർക്ക് കൂടുതൽ ഓർമത്തെറ്റുകൾ സംഭവിക്കുന്നതായി കണ്ടെത്തി. ഉദാഹരണത്തിന്, ആപ്പിളുമായി ബന്ധപ്പെടുത്തിയ മുഖം പ്രകൃതിദൃശ്യവുമായി ബന്ധപ്പെട്ടതാണെന്ന് അവർ തെറ്റായി ഓർത്തു. തലച്ചോറിലെ ‘ഹിപ്പോക്യാമ്പസ്’ (Hippocampus) എന്ന ഭാഗമാണ് ഈ ഘട്ടങ്ങളിൽ തെറ്റായ സന്ദേശങ്ങൾ നൽകുന്നതെന്ന് സ്‌കാനിംഗിൽ വ്യക്തമായി.
ശാസ്ത്രലോകത്തിന് മുന്നിലെ ചോദ്യങ്ങൾ
യുവാക്കളിൽ പുതിയൊരു കാര്യം ഓർക്കുമ്പോൾ ഉണ്ടാകുന്ന അതേ നാഡീവിന്യാസങ്ങൾ തന്നെയാണ് പ്രായമായവരിലും സംഭവിക്കുന്നത്. എങ്കിലും പ്രായമായവരിൽ എന്തുകൊണ്ടാണ് ഇത് തെറ്റായ ഓർമകളിലേക്ക് നയിക്കുന്നത് എന്ന് ശാസ്ത്രജ്ഞർക്ക് വ്യക്തമായിട്ടില്ല. തലച്ചോറിലെ മറ്റ് ഭാഗങ്ങൾക്ക് ഇതിൽ പങ്കുണ്ടോ എന്നത് വരും പഠനങ്ങളിൽ മാത്രമേ വ്യക്തമാകൂ.
ഭാവിയിലെ സാധ്യതകൾ
തലച്ചോറിലെ ഹിപ്പോക്യാമ്പസിനെ വൈദ്യുത തരംഗങ്ങൾ വഴി ഉത്തേജിപ്പിച്ച് ഓർമത്തെറ്റുകൾ തടയാനാകുമോ എന്നാണ് ഇനി ശാസ്ത്രലോകം പരിശോധിക്കുന്നത്. കഠിനമായ വ്യായാമം, ധ്യാനം, സ്‌മാർട്ട്‌ഫോണുകളിൽ ഓർമപ്പെടുത്തലുകൾ എന്നിവയിലൂടെ ഹിപ്പോക്യാമ്പസിൻ്റെ പ്രവർത്തനം ശക്തമാക്കാൻ കഴിയുമെന്നും ഗവേഷകർ കരുതുന്നു.







